കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യപാനിയായ പ്രതി വന്ദനയെ കുത്തുകയായിരുന്നുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മേയ് 10ന് പുലര്‍ച്ചെ 4.35നാണ് കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്പിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകള്‍ ഡോ. വന്ദനാദാസിനെ (23) അദ്ധ്യാപകനായ പ്രതി വെളിയം കുടവട്ടൂര്‍ മാരൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപ് കൊലപ്പെടുത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.50ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് കൊല്ലം ജില്ലാ റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് 1050 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
കൊലപാതക സമയത്ത് പ്രതിയുടെ മനോനിലയില്‍ കുഴപ്പങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 15 ദൃക്സാക്ഷികളടക്കം 136 സാക്ഷികളുടെ മൊഴിയും സി.സി ടി.വി ദൃശ്യങ്ങളുമടക്കം 200 തൊണ്ടി സാധനങ്ങളും ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും ഹാജരാക്കി. സന്ദീപിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ വന്ദനയുടെ രക്തക്കറയുടെ ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ പ്രധാന തെളിവായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.