കായംകുളം: നാമജപക്കാര്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കാതെ, ഗണപതിയെ സംബന്ധിച്ച വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ സ്പീക്കര്‍ തയ്യാറാകണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഇത്തരം വാക്കുകളാണ് ജാതിമതചിന്തകള്‍ ഉണ്ടാക്കുന്നതെന്നും മറ്റേതെങ്കിലും മതത്തെ തൊട്ടുകളിക്കാന്‍ സ്പീക്കര്‍ തയ്യാറാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
സ്പീക്കര്‍ ഇങ്ങനെ ഒരു പ്രസ്ഥാവന ഇറക്കാമോ? പാര്‍ട്ടിയില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായി. പാര്‍ട്ടി സെക്രട്ടറി തന്നെ തിരുത്തുന്ന അവസ്ഥ ഉണ്ടായി. ശുഭകാര്യങ്ങള്‍ക്ക് ഹിന്ദുക്കള്‍ ആദ്യം വണങ്ങുന്നത് ഗണപതിയെ ആണ്. മറ്റ് മതങ്ങളെ തൊട്ടാല്‍ വിടുമോ. സ്പീക്കര്‍ ദുരഭിമാനം വെടിഞ്ഞ് മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ നില ഉയരുകയേയുള്ളൂ.
അദ്ദേഹം സ്വന്തം സമുദായത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഹിന്ദുവിനെപ്പറ്റി പറഞ്ഞു. അതോടെ ഹിന്ദു കോര്‍ഡിനേഷന്‍ ഉണ്ടായി. പറ്റിയ അമളി പിന്‍വലിച്ച് തെറ്റുപറ്റിപ്പോയെന്ന് പറയണം. മത സൗഹാര്‍ദ്ദം വണ്‍വേ ട്രാഫിക് അല്ലെന്നും തന്റെ നിലപാട് പ്രശ്‌നാധിഷ്ഠിതമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.