മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: വെടിവെപ്പില്‍ രണ്ട് മരണം

ഇംഫാല്‍: മണിപ്പുരില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വീണ്ടും സംഘര്‍ഷം. ഒരിടവേളയ്ക്ക് ശേഷം പ്രദേശത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഇദ്ദേഹം ഗ്രാമത്തിന് കാവല്‍ നിന്ന ആളായിരുന്നു. മരിച്ച രണ്ടാമത്തെ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അക്രമം നടത്തിയത് മെയ്ത്തി വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് പോലീസ് നിഗമനം. പ്രദേശത്തെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ നാല് മാസമായി മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മെയ് മാസത്തില്‍ തുടങ്ങിയ സംഘര്‍ഷം വലിയ രക്തച്ചൊരിച്ചിലിലേക്കും നാശനഷ്ടങ്ങളിലുമാണ്. കലാശിച്ചത്. നിരവധി വീടുകള്‍ കത്തിച്ചു.

സംസ്ഥാനത്ത് ഇതിനോടകം നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. സാഹചര്യം രൂക്ഷമായതോടെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.