അയോധ്യ: രാമക്ഷേത്രത്തില്‍ വിഗ്രഹപ്രതിഷ്ഠ ഈമാസം 22-ന് ഉച്ചയ്ക്ക് 12.20-ന് നടക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പ്രതിഷ്ഠയ്ക്കുശേഷം ആരതി നടക്കും. പ്രസാദം അയല്‍നാടുകളിലും ചന്തകളിലും വിതരണം ചെയ്യും.
പുതുവത്സരദിനമായ തിങ്കളാഴ്ച സംഘാടകര്‍ പൂജിച്ച ‘അക്ഷത്'( മഞ്ഞളും നെയ്യും ചേര്‍ത്ത അരി ) വിതരണം ചെയ്യാന്‍ തുടങ്ങി. പ്രതിഷ്ഠാചടങ്ങിന് ഒരാഴ്ചമുമ്പ് ജനുവരി 15 വരെ വിതരണം തുടരും. രാമക്ഷേത്രത്തിന്റെ ചിത്രം, ഘടന വിവരിക്കുന്ന ലഘുലേഖ എന്നിവ അടങ്ങിയ കവറും അക്ഷതിനൊപ്പം വിതരണം ചെയ്യുന്നുണ്ട്.
വലിയ ഉത്സവത്തിനു മുന്നോടിയായി നഗരത്തിന്റെ പ്രധാനഭാഗങ്ങളില്‍ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയല്‍ വലിയ എല്‍.ഇ.ഡി. സ്‌ക്രീനില്‍ കാണിക്കാന്‍ തുടങ്ങി. ഏഴ് സ്ഥലങ്ങളിലായി വൈകീട്ട് അഞ്ചുമുതല്‍ രാത്രി 11 വരെയാണ് ഇതു കാണിക്കുന്നത്. ക്ഷേത്രപരിസരം അലങ്കരിക്കാന്‍ മധ്യപ്രദേശിലെ ഭോപാലില്‍ നിന്നുള്ള ബൊഗെന്‍വില്ല പൂക്കളും എത്തും.