കുട്ടനാടിന്റെ ഇതിഹാസകാരന്‍ .

സതീഷ് കുമാര്‍ വിശാഖപട്ടണം

കുട്ടനാടിന്റെ ഇതിഹാസകാരനായിട്ടാണ് മലയാളസാഹിത്യത്തിലെ കുലപതിയായ തകഴി ശിവശങ്കരപ്പിള്ള അറിയപ്പെടുന്നത്. കര്‍ഷക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ ‘രണ്ടിടങ്ങഴി’ എന്ന നോവല്‍ തീര്‍ച്ചയായും ഈ വിശേഷണത്തിന് അടി വരയിടുന്നുണ്ട്.

അതോടൊപ്പം പുറക്കാട്ടു കടപ്പുറത്തെ മുക്കുവരുടെ ജീവിതം വരച്ചുകാട്ടിയ ചെമ്മീന്‍, പഴയ ആലപ്പുഴ നഗരത്തില്‍ മനുഷ്യമലം ചുമന്നു കൊണ്ടു പോയിരുന്ന തോട്ടികളുടെ കഥ പറഞ്ഞ തോട്ടിയുടെ മകന്‍, തിരുവിതാംകൂറിലെ രാഷ്ട്രീയ സമരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഏണിപ്പടികള്‍, ദൂരദര്‍ശനില്‍ സീരിയലായി വന്ന മലയാളത്തിലെ ഏറ്റവും വലിയ നോവലുകളിലൊന്നായ കയര്‍, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശസമരങ്ങളും പ്രതികാരവും ജ്വലിപ്പിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ ,തലമുറകളായി മലയാളി മങ്കമാരുടെ മനസ്സുകളില്‍ കുടിയേറിയ സ്വപ്‌നകാമുകനായ ഗന്ധര്‍വ്വന്റെ കഥ പറഞ്ഞ ഗന്ധര്‍വ്വ ക്ഷേത്രം തുടങ്ങിയ കൃതികള്‍ ആ തൂലികയിലൂടെ ഉതിര്‍ന്നു വീണപ്പോള്‍ ഈ കുട്ടനാടന്‍ കര്‍ഷകന്‍ ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌ക്കാരമായ ജ്ഞാനപീഠത്തിലേക്ക് നടന്നടുക്കുകയായിരുന്നു.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും രാമു കാര്യാട്ട് ചലച്ചിത്രാവിഷ്‌ക്കാരം നടത്തുകയും ചെയ്ത ‘ചെമ്മീനീ’ ലൂടെയാണ് തകഴി വിശ്വപ്രസിദ്ധനാകുന്നത്. സാഹിത്യകൃതികള്‍ക്ക് ചലച്ചിത്ര ഭാഷ്യം നല്‍കിയാല്‍ വന്‍വിജയം കൊയ്‌തെടുക്കാമെന്ന് തെളിയിക്കപ്പെട്ട കൃതിയുമായിരുന്നു ചെമ്മീന്‍.

മീന്‍ പിടിക്കാനായി കടലില്‍ പോകുന്ന മുക്കുവന്റെ ജീവന്‍ കരയില്‍ കാവലിരിക്കുന്ന അരയത്തി പെണ്ണിന്റെ ചാരിത്ര്യത്തിലാണെന്ന മുക്കുവതുറകളില്‍ നിലനിന്നിരുന്ന ഒരു വിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ നോവലിന്റെ ചലച്ചിത്രഭാഷ്യം ദക്ഷിണേന്ത്യക്ക് ആദ്യമായി മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്തു.

മലയാള നോവല്‍ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ തകഴിയുടെ ഏതാനും
സാഹിത്യ കൃതികള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. അത്തരം ചലച്ചിത്രങ്ങളിലെ പ്രിയപ്പെട്ട ഗാനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇന്നത്തെ പാട്ടോര്‍മ്മകളിലൂടെ…

‘വെണ്‍ചന്ദ്രലേഖയൊരപ്‌സര സ്ത്രീ … ‘
(ചിത്രം ചുക്ക് – രചന വയലാര്‍ -സംഗീതം ദേവരാജന്‍ – ആലാപനം യേശുദാസ് )
‘തുമ്പപ്പൂ പെയ്യണ പൂനിലാവേ
ഏന് നെഞ്ച് നെറയണ്
പൂം കിനാവേ … ‘
(ചിത്രം രണ്ടിടങ്ങഴി, ആലാപനം കമുകറ പുരുഷോത്തമന്‍ – കെ പി എ സി സുലോചന , രചന തിരുനയിനാര്‍ കുറിച്ചി, സംഗീതം ബ്രദര്‍ ലക്ഷ്മണ്‍)

‘മാനസ മൈനേ വരൂ
മധുരം കിള്ളി തരൂ …’
(ചിത്രം ചെമ്മീന്‍ , രചന വയലാര്‍ – സംഗീതം സലില്‍ ചൗധരി – ആലാപനം മന്നാ ദേ)
‘ഒന്നാം മാനം പൂമാനം
പിന്നത്തെ മാനം പൊന്‍മാനം ..’.( ചിത്രം ഏണിപ്പടികള്‍, ഗാനരചന വയലാര്‍ – സംഗീതം ദേവരാജന്‍ – ആലാപനം യേശുദാസ് )
‘പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ …’
( ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍ – രചന വയലാര്‍ – സംഗീതം ദേവരാജന്‍ – ആലാപനം യേശുദാസ് )
‘കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരേ..’.(ചെമ്മീന്‍ – ആലാപനം യേശുദാസ് ) ‘പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ …’
( ചിത്രം ഏണിപ്പടികള്‍ – രചന ഇരയിമ്മന്‍ തമ്പി – സംഗീതം ദേവരാജന്‍ – ആലാപനം മാധുരി )
‘ കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല് …’
(ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍ – ആലാപനം മാധുരി )
‘ഇന്ദ്രവല്ലരി പൂ ചൂടി വരും
സുന്ദര ഹേമന്തരാത്രി …’
(ചിത്രം ഗന്ധര്‍വ്വക്ഷേത്രം – രചന വയലാര്‍ – സംഗീതം ദേവരാജന്‍ – ആലാപനം യേശുദാസ്
തുടങ്ങിയ പ്രിയഗാനങ്ങളെല്ലാം തകഴിയുടെ തൂലികയിലൂടെ പിറന്നുവീണ കഥാപാത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ അനശ്വരമായി മാറിയത്.

മലയാളസാഹിത്യത്തിന് ആഗോളമാനം നല്‍കിയ തകഴി ശിവശങ്കരപ്പിള്ള 1999 ഏപ്രില്‍ 10 നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികദിനമാണിന്ന്. വിശ്വപ്രസിദ്ധി നേടിയ സാഹിത്യ കൃതികളിലൂടെ, ചലച്ചിത്രങ്ങളിലൂടെ , ചലച്ചിത്രഗാനങ്ങളിലൂടെ ഈ സാഹിത്യ കുലപതി മലയാള നാട്ടില്‍ എന്നുമെന്നും ഓര്‍മ്മിക്കപ്പെടുന്നു.


(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )


സതീഷ് കുമാര്‍ : 9030758774)

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com സന്ദര്‍ശിക്കുക