മംഗല്യരാത്രിയുടെ മാധുര്യം 

സതീഷ്‌കുമാര്‍ വിശാഖപട്ടണം

കേരളത്തില്‍ സര്‍ക്കസ്സിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന നാടാണ് തലശ്ശേരി .
ഒരു കാലത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സര്‍ക്കസ്സ് കമ്പനികളുടേയും ഉടമസ്ഥാവകാശം കണ്ണൂര്‍ ,തലശ്ശേരി സ്വദേശികള്‍ക്കായിരുന്നു.
കീലേരി കുഞ്ഞിക്കണ്ണനെ പോലെയുള്ള മഹാപ്രതിഭകള്‍ സര്‍ക്കസ്സിന് നല്‍കിയ സംഭാവനകള്‍ വളരെ മഹത്തരമാണെന്ന് എടുത്ത് പറയാതെ വയ്യ.
മലയാളത്തില്‍ സര്‍ക്കസ്സ് പശ്ചാത്തലമാക്കി പുറത്തിറങ്ങിയ
സിനിമകളാണ്
നായര്‍ പിടിച്ച പുലിവാല്‍ , അരവിന്ദന്റെ തമ്പ്, എം ടി യുടെ വളര്‍ത്തുമൃഗങ്ങള്‍, കെ ജി ജോര്‍ജ്ജിന്റെ മേള, ലോഹിതദാസിന്റെ ജോക്കര്‍
എന്നിവയൊക്കെ.
സര്‍ക്കസിന്റെ കഥപറഞ്ഞ മറ്റൊരു പ്രശസ്ത ചിത്രമായിരുന്നു എന്‍ ഗോവിന്ദന്‍കുട്ടിയുടെ
തിരക്കഥയില്‍ ഉദയ നിര്‍മ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ദുര്‍ഗ്ഗ ‘ .
വ്യത്യസ്തമായ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്ന ‘ദുര്‍ഗ്ഗ ‘ യില്‍ പാട്ടുകളെഴുതിയത് വയലാറും സംഗീതം പകര്‍ന്നത് ദേവരാഗങ്ങളുടെ ശില്പി ദേവരാജനും .
എല്‍.ആര്‍ . ഈശ്വരിയും പി ബി ശ്രീനിവാസും പാടിയ
‘അമ്മേ മാളികപ്പുറത്തമ്മേ ….’
എന്ന ഗാനം ആദിവാസി ജനസമൂഹങ്ങളുടെ ആഘോഷമായിട്ടായിരുന്നു സിനിമയില്‍ ചിത്രീകരിക്കപ്പെട്ടത്.
‘ചലോ ചലോ പൂനാ വാലാ
കണ്ണൂര്‍ വാല കാബൂള്‍വാലാ…..”
എന്ന യേശുദാസും മാധുരിയും പാടിയ പാട്ടിന് ഒരു വിനോദയാത്രയുടെ ലഹരി പകരാനും കഴിഞ്ഞു…
നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ഒരു പാട്ടായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

‘മന്മഥമാനസ പുഷ്പങ്ങളേ
പ്രിയദമ്പതിമാരുടെ
സ്വപ്‌നങ്ങളേ
മംഗല്യരാത്രിയില്‍
ഈ നല്ല രാത്രിയില്‍
മംഗളം നിങ്ങള്‍ക്കു മംഗളം…’

 

നിര്‍മ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയുടെ മകനും യുവനടന്‍ കുഞ്ചാക്കോ ബോബന്റെ പിതാവുമായ ബോബന്‍ കുഞ്ചാക്കോയാണ് ഈ ഗാനരംഗത്തില്‍ അഭിനയിച്ചത് .
എഴുപതുകളില്‍ റേഡിയോ ശ്രീലങ്കയിലെ ‘സന്ദേശ ഗാനങ്ങള്‍ ‘ എന്ന പരിപാടിയില്‍ ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെട്ടിരുന്നത് ഈ ഗാനമായിരുന്നത്രെ !…
കേരളത്തിലെ നവോത്ഥാന നായകനായ ശ്രീ നാരായണ ഗുരുവിനേയും തീര്‍ത്ഥാടന കേന്ദ്രമായ ശിവഗിരിയേയും കുറിച്ച് എഴുതപ്പെട്ട മറ്റൊരു ഗാനവും രചന കൊണ്ടും ആലാപനം കൊണ്ടും ചിത്രീകരണം കൊണ്ടും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘ഗുരുദേവാ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ
ശിരസ്സില്‍ ശ്രീപാദപുഷ്പങ്ങള്‍ ചൂടിയ ശിവഗിരി തേടി വരുന്നു ഞങ്ങള്‍ ഗുരുകുലം
തേടി വരുന്നു…’

എന്ന ഗാനം ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മലയാളചലച്ചിത്ര ഗാനരംഗത്ത് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും അര്‍ത്ഥവത്തായ ഗാനങ്ങളിലൊന്നാണ്.
ശ്രോതാക്കള്‍ നെഞ്ചിലേറ്റിയ ‘കാറ്റോടും മലയോരം
കല്ലുകള്‍ പാടും മലയോരം ,
പി സുശീല പാടിയ
‘സഞ്ചാരി സ്വപ്‌ന സഞ്ചാരി ,
യേശുദാസ് പാടിയ
‘ സഹ്യന്റെ ഹൃദയം മരവിച്ചു …’ സുശീല തന്നെ പാടിയ ‘ശബരിമലയുടെ താഴ് വരയില്‍ … എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഹിറ്റുഗാനങ്ങള്‍.
1974 ഏപ്രില്‍ 5 – ന് വെള്ളിത്തിരകളിലെത്തിയ
‘ദുര്‍ഗ്ഗ’എന്ന ചിത്രത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയാണിന്ന് .
ഓരോ പുരുഷന്റേയും സ്ത്രീയുടേയും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒന്നാണ് മംഗല്യരാത്രി …
ആ രാത്രിയുടെ മാധുര്യമാണ് വയലാര്‍ ഈ ചിത്രത്തിലൂടെ ആസ്വാദക മനസ്സുകള്‍ക്ക് പകര്‍ന്നു നല്‍കിയത് …
കാലമെത്ര കഴിഞ്ഞാലും മനസ്സില്‍ താലോലിക്കുന്ന
ആ അസുലഭനിമിഷങ്ങളുടെ അനുഭൂതികള്‍ നിങ്ങളുടെ ഓര്‍മ്മകളിലേക്ക് വീണ്ടും വരുന്നുണ്ടോ ….?
എങ്കില്‍ ഈ ചിത്രത്തിലെ പ്രിയ ഗാനം ഒന്നുകൂടി കേട്ടു നോക്കൂ …
കാലത്തിന്റെ
കുളമ്പടിയൊച്ചകള്‍ക്ക് മായ്ക്കാന്‍ കഴിയാത്ത വികാരതരളിതമായ ആ മംഗല്യരാത്രി തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തും…

‘ സ്വീറ്റ്ഡ്രീംസ്
സ്വീറ്റ്ഡ്രീംസ്
സ്വീറ്റ്ഡ്രീംസ് മന്മഥമാനസപുഷ്പങ്ങളേ
പ്രിയദമ്പതിമാരുടെ
സ്വപ്‌നങ്ങളേ
മംഗല്യരാത്രിയില്‍
ഈ നല്ലരാത്രിയില്‍ മംഗളം നിങ്ങള്‍ക്ക് മംഗളം

യാമം അസുലഭയാമം
ഇതു പ്രേമിച്ച ഹൃദയങ്ങള്‍ ഒരുമിച്ചുചേരും യാമം
നിമിഷം ഈ നിമിഷം
നിങ്ങള്‍ പരസ്പരം പടരുന്ന പുണരുന്ന നിമിഷം
ധന്യനിമിഷം
ഇവിടെ ഇതളിന്മേലിതളണിയട്ടേ ഇണ തേടുമഭിലാഷങ്ങള്‍ സ്വീറ്റ്ഡ്രീംസ് സ്വീറ്റ്ഡ്രീംസ് സ്വീറ്റ്ഡ്രീംസ് (മന്മഥ…)

കാലം മധുവിധുകാലം
ഇത് ദാഹിച്ച മനസ്സൊരു തേന്‍കിണ്ണമാകും കാലം
നിമിഷം ഈ നിമിഷം
നിങ്ങള്‍ പരസ്പരം അലിയുന്ന നിറയുന്ന നിമിഷം
സ്വര്‍ഗ്ഗനിമിഷം
ഇവിടെ മലരിന്മേല്‍ മലര്‍പൊതിയട്ടെ
മദം ചൂടുമനുരാഗങ്ങള്‍ …

സ്വീറ്റ്‌നൈറ്റ് സ്വീറ്റ്‌നൈറ്റ് സ്വീറ്റ്‌നൈറ്റ് (സ്വീറ്റ്ഡ്രീംസ് സ്വീറ്റ്ഡ്രീംസ് സ്വീറ്റ്ഡ്രീംസ്…)


( സതീഷ്‌കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )