സതീഷ് കുമാര്‍ വിശാഖപട്ടണം
1969 -ല്‍ പുറത്തിറങ്ങിയ നീലായുടെ ‘കുമാരസംഭവം ‘ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ബാലമുരുകനായി അഭിനയിച്ചത് തമിഴ്നാട്ടിലെ ശിവകാശി സ്വദേശിനിയായ ‘അമ്മയങ്കാര്‍’ എന്ന ഒരു കൊച്ചു പെണ്‍കുട്ടിയായിരുന്നു. അമ്പിളി ഫിലിംസിന്റെ ബാനറില്‍ കാരൂര്‍ നീലകണ്ഠപിള്ള കഥയെഴുതി വി എം ശ്രീനിവാസന് നിര്‍മ്മിച്ച ‘പൂമ്പാറ്റ’ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിക്കാന്‍ സംവിധയകന് ബി കെ പൊറ്റേക്കാട്
ഒരു പെണ്‍കുട്ടിയെ തേടിക്കൊണ്ടിരിക്കേ ചിത്രത്തിന്റെ സഹ സംവിധായകനായിരുന്ന ഹമീദ് കാക്കശ്ശേരിയാണ് അമ്മയങ്കാറിനെക്കുറിച്ച് പൊറ്റേക്കാടിനോട് പറയുന്നത്.
‘പൂമ്പാറ്റ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലനടിയ്ക്കുള്ള കേരളസംസ്ഥാന പുരസ്ക്കാരം നേടിയ ഈ പെണ്‍കുട്ടി നാലാം വയസ്സില്‍ തന്നെ ‘തുണൈവര്‍’ എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ എല്ലാ ഭാഷകളിലും അഭിനയിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയിലെ താരറാണിയായി മാറിയ ‘ശ്രീദേവി’ യാണ് ഈ കഥാനായിക.
പക്ഷേ കേരളത്തിലെ സംഗീത പ്രേമികള്‍ ശ്രീദേവിയെ ഓര്‍ക്കുന്നത് മലയാളത്തില്‍ അവര്‍ അഭിനയിച്ച ഏതാനും ചിത്രങ്ങളിലെ സുന്ദരഗാന രംഗങ്ങളിലൂടയായിരിക്കും . ബാലതാരമായി പ്രത്യക്ഷപെട്ട ശ്രീദേവിയെ പിന്നീട് മലയാളി പ്രേക്ഷകര്‍ കാണുന്നത് കെ എസ് ആര് മൂര്‍ത്തി നിര്‍മ്മിച്ച ‘കുറ്റവും ശിക്ഷയും ‘ എന്ന ചിത്രത്തില്‍ കമലഹാസന്റെ നായികയായിട്ടാണ്.
എന്‍.ശങ്കരന് നായര്‍ സംവിധാനം ചെയ്ത ‘തുലാവര്‍ഷം ‘എന്ന ചിത്രത്തില്‍ പ്രേംനസീര്‍ ,സുധീര്‍ എന്നീ പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ചതോടുകൂടി കേരളം ശ്രീദേവിയെ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. ഇതില്‍ ശ്രീദേവി അഭിനയിച്ച
‘കേളീ നളിനം വിടരുമോ …..
‘യമുനേ നീ ഒഴുകൂ ….
എന്നീ ഗാനരംഗങ്ങള്‍ വളരെ ജനപ്രീതിയാര്‍ജ്ജിച്ചു. പിന്നീട് കമലാഹാസനുമൊത്ത് നിറഞ്ഞാടിയ ‘സത്യവാന് സാവിത്രി’ യിലെ
‘നീലാംബുജങ്ങള്‍ വിടര്‍ന്നു ….. ‘ആഷാഢം മയങ്ങി ….. പ്രേമാഭിഷേകത്തിലെ
‘നീലവാനചോലയില്‍ …..
‘മഴക്കാലമേഘം ഒന്ന് മലരൂഞ്ഞാലാട്ടിയത് …. അംഗീകാരത്തിലെ ‘നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍ ….’
എന്നീ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു.
ഒരിടവേളക്ക് ശേഷം ഭരതന്റെ ‘ദേവരാഗ’ ത്തിലൂടെയാണ് ശ്രീദേവി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നത്. കീരവാണി സംഗീതം പകര്‍ന്ന ഇതിലെ എല്ലാ ഗാനങ്ങളും ശ്രവണ സുന്ദരമായിരുന്നുവെങ്കിലും
എം ഡി രാജേന്ദ്രന് എഴുതിയ ‘ശിശിരകാലമേഘമിഥുന രതി പരാഗമോ’ എന്ന ഗാനമായിരുന്നു ഏറ്റവും ശ്രദ്ധേയം. ബാലതാരമായി അഭിനയിച്ച കുമാരസംഭവത്തിലെ ‘എല്ലാം ശിവമയം ശിവശക്തിമയം’ പൂമ്പാറ്റയിലെ ‘അരിമുല്ലചെടി വികൃതികാറ്റിന് അത്തറ് വില്‍ക്കാനേല്‍പ്പിച്ചു …. എന്നീ ഗാനങ്ങളും ജനപ്രീതിയാര്‍ജ്ജിച്ചവ തന്നെ.
അഞ്ചു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2018 ഫെബ്രുവരി 24-ന് അകാലത്തില്‍ സംഭവിച്ച ഒരു മുങ്ങിമരണത്തിലൂടെ എന്നെന്നേക്കുമായി വിടപറഞ്ഞ ശ്രീദേവിയുടെ ജന്മവാര്ഷിക ദിനമാണിന്ന് .ഒരു പിടി നല്ല ഗാനങ്ങളിലൂടെ കേരളീയരുടേയും മികച്ച അഭിനയ ജീവിതത്തിലൂടെ ഭാരതീയരുടേയും മനസ്സില്‍ ഒരു നീലാംബുജത്തെ പോലെ വിടര്‍ന്നു പരിലസിച്ച് സൗരഭ്യം പരത്തിയ ആ സൗന്ദര്യധാമം ഇന്ന് ഓര്‍മ്മകളില്‍ മാത്രമാണല്ലോ എന്ന ദുഃഖസത്യം ഏറെ വേദനിപ്പിക്കുന്നു.
(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )