അമ്മേ അമ്മേ അവിടുത്തെ മുന്നില്‍

സതീഷ് കുമാര്‍ വിശാഖപട്ടണം

സുപ്രിയ ഫിലിംസിന്റെ ബാനറില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘രാജഹംസം ‘എന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോര്‍ഡിങ് നടക്കുന്ന സമയം. വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്ററാണ് ഈണം പകരുന്നത്.

‘സന്യാസിനി നിന്‍
പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു …’

ചിത്രത്തിലെ ഹൈലൈറ്റ് എന്നു പറയാവുന്ന ഗാനം ദേവരാജന്‍ മാസ്റ്റര്‍ ഗായകന്‍ അയിരൂര്‍ സദാശിവനെക്കൊണ്ടാണ് പാടിച്ച് റെക്കോര്‍ഡ് ചെയ്തത്. ദോഷം പറയരുതല്ലോ അയിരൂര്‍ സദാശിവന്‍ ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി ,ദേവരാജന്‍മാസ്റ്റര്‍ക്ക് തൃപ്തിയാവുകയും ചെയ്തു.

പക്ഷേ ഗ്രാമഫോണ്‍ കമ്പനിക്ക് ഒരു പുതുമുഖഗായകനെക്കൊണ്ട് ഭാവാത്മകമായ ഈ ഗാനം പാടിച്ചത് തീരെ ഇഷ്ടപ്പെട്ടില്ല. അവര്‍ പാട്ട് യേശുദാസിനെക്കൊണ്ട് പാടിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. സംഗീതത്തിന്റെ കാര്യത്തില്‍ നിര്‍മ്മാതാവിന്റേയോ സംവിധായകന്റേയോ ഇഷ്ടങ്ങള്‍ക്ക് വഴങ്ങുന്ന ആളല്ല ദേവരാജന്‍ മാസ്റ്റര്‍.

പിന്നെ എന്തുകൊണ്ട് അദ്ദേഹം ഈ മാറ്റത്തിന് തയ്യാറായി എന്നുള്ളതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. സിനിമാ രംഗത്തെ ചില കച്ചവടതാല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ ഒരു കലാകാരന്‍ ബലിയാടാകുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമായിരുന്നു ഈ സംഭവം. മലയാള ചലച്ചിത്രഗാന ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ‘സന്യാസിനി’ എന്ന ഗാനം കൈവിട്ടു പോയതിലുള്ള ദുഃഖം അദ്ദേഹം മരിക്കുന്നതുവരെ പലരുമായി പങ്കുവെച്ചിരുന്നുവത്രേ !

പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ സ്വദേശിയായ സദാശിവന്റെ കുടുംബം തന്നെ കലാകാരന്മാരെ കൊണ്ടും സംഗീതജ്ഞരെ കൊണ്ടും അനുഗൃഹീതമായിരുന്നു. കെപിഎസി, ചങ്ങനാശ്ശേരി ഗീത തുടങ്ങിയ പ്രൊഫഷണല്‍ നാടക ഗ്രൂപ്പുകളിലെ ഗായകനായിട്ടാണ് സദാശിവന്‍ കലാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

ദേവരാഗങ്ങളുടെ ശില്പിയായ ദേവരാജന്‍ മാസ്റ്റര്‍ തന്നെയായിരുന്നു അയിരൂര്‍ സദാശിവന് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറന്നു കൊടുത്തത്. യൂസഫലി കേച്ചേരി നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ‘മരം’ എന്ന ചിത്രത്തിലെ
‘മൊഞ്ചത്തിപ്പെണ്ണേ നിന്‍
ചുണ്ട് നല്ല ചുവന്ന താമരച്ചെണ്ട് ….’

എന്ന ഗാനമായിരുന്നു സിനിമയ്ക്കുവേണ്ടി ഇദ്ദേഹം ആദ്യം പാടിയത്. എന്നാല്‍ ന്യൂ ഇന്ത്യ ഫിലിംസിനു വേണ്ടി എസ് കെ നായര്‍ നിര്‍മ്മിച്ച ‘ചായം’ എന്ന ചലച്ചിത്രം ആദ്യം പ്രദര്‍ശനത്തിനെത്തിയതിനാല്‍ ആ ചിത്രത്തിലെ

‘അമ്മേ അമ്മേ അവിടുത്തെ
മുന്നില്‍ ഞാനാര് ദൈവമാര് …’
എന്ന ഗാനം സദാശിവന്റെ ആദ്യ ഗാനവും മാസ്റ്റര്‍പീസ് ഗാനവുമായി പരിഗണിക്കപ്പെടുന്നു. ഈ ഗാനം വയലാര്‍ തന്റെ അമ്മയ്ക്ക് വേണ്ടി മുന്‍പ് എപ്പോഴോ എഴുതിയതായിരുന്നുവത്രേ. സന്ദര്‍ഭവശാല്‍ ചായം എന്ന ചിത്രത്തിലേക്ക് ഈ ഗാനം തെരഞ്ഞെടുക്കുകയായിരുന്നു .

‘ശ്രീവത്സം മാറില്‍ ചാര്‍ത്തിയ ശീതാംശുകലേ ശ്രീകലേ …’

എന്ന ഒരു ഗാനം കൂടെ അയിരൂര്‍ സദാശിവന്‍ ഈ ചിത്രത്തില്‍ പാടിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ഏതാനും ഹാസ്യ ഗാനങ്ങളിലും സംഘഗാനങ്ങളിലെ ഗായകനായും അറിയപ്പെടാനേ ഇദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

‘അല്ലിമലര്‍തത്തേ നിന്റെ … ‘
( ശാപമോക്ഷം )
‘കൊച്ചുരാമ കരിങ്കാലി ..’.( അജ്ഞാതവാസം)
‘പാലം കടക്കുവോളം നാരായണ പാലം കടന്നുചെന്നാല്‍ കൂരായണ ..’.(കലിയുഗം )
‘ അങ്കത്തട്ടുകള്‍ ഉയര്‍ന്ന നാട് …’
(അങ്കത്തട്ട് )
‘കസ്തൂരിഗന്ധികള്‍ പൂത്തുവോ …’ ( സേതുബന്ധനം )
‘ ഉദയസൗഭാഗ്യതാരകയോ …. ‘
(അജ്ഞാതവാസം )
എന്നിവയെല്ലാമാണ് അയിരൂര്‍ സദാശിവന്‍ പാടിയ ചില പ്രശസ്ത ഗാനങ്ങള്‍. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ആനയിക്കപ്പെട്ടിട്ടും നിര്‍ഭാഗ്യം പിന്തുടര്‍ന്ന കലാകാരനായിരുന്നു അയിരൂര്‍ സദാശിവന്‍. ആ നിര്‍ഭാഗ്യം അദ്ദേഹത്തിന്റെ ജീവിതത്തിലും പിന്തുടര്‍ന്നെത്തി. 2015 ഏപ്രില്‍ 9 ന് ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ നടന്ന ഒരു വാഹനാപകടത്തിലാണ് അയിരൂര്‍ സദാശിവന്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ ഒമ്പതാം ചരമവാര്‍ഷികദിനമാണിന്ന്…
പ്രണാമം…

(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )


സതീഷ് കുമാര്‍ : 9030758774)


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com സന്ദര്‍ശിക്കുക

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News