സതീഷ് കുമാർ വിശാഖപട്ടണം
മലയാള സിനിമയിലെ ” ഗർജ്ജിക്കുന്ന സിംഹം ” എന്നറിയപ്പെടുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപി ഒരുവിധം നന്നായി പാട്ടുകൾ പാടുന്ന നല്ലൊരു ഗായകൻ കൂടിയാണെന്ന് അറിയാമല്ലോ..
1998 – ൽ സിബി മലയിൽ സംവിധാനം ചെയ്ത “പ്രണയവർണ്ണങ്ങൾ ” എന്ന ചിത്രത്തിലാണ് സുരേഷ്ഗോപി നായകനായി അഭിനയിക്കുന്നതും അതേ ചിത്രത്തിൽ ഒരു പാട്ടുപാടുന്നതും …..
വിദ്യാസാഗർ സംഗീതം പകർന്ന് സുരേഷ് ഗോപി പാടിയ ഈ ഗാനത്തിന്റെ രചന, ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയ നവാഗതനായ ഒരു ചെറുപ്പക്കാരന്റേതായിരുന്നു …
തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള സച്ചിദാനന്ദൻ പുഴങ്കര …
സുരേഷ് ഗോപിയും മഞ്ജു വാര്യരും മത്സരിച്ചഭിനയിച്ച “പ്രണയവർണ്ണങ്ങളി” ൽ മൊത്തം ആറു ഗാനങ്ങളാണ് ഉണ്ടായിരുന്നത്. മൂന്ന് ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി എഴുതിയപ്പോൾ മൂന്ന് ഗാനങ്ങൾ സച്ചിദാനന്ദൻ പുഴങ്കരക്കെഴുതുവാൻ ഭാഗ്യം കിട്ടി …..
സൂപ്പർസ്റ്റാർ സുരേഷ് ഗോപി പാടിയ ഗാനത്തേക്കാൾ പ്രേക്ഷകർ നെഞ്ചിലേറ്റിയത് സുജാത മോഹൻ പാടിയ ഒരു ഗാനമായിരുന്നു …..
ആ വർഷത്തെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്ക്കാരം ലഭിച്ച
“വരമഞ്ഞളാടിയ
രാവിന്റെ മാറിൽ
ഒരു മഞ്ഞുതുള്ളി ഉറങ്ങി …..”
https://youtu.be/yTN4PrjGivI?t=32
എന്ന ഒറ്റ ഗാനം കൊണ്ടുതന്നെ സച്ചിദാനന്ദൻ പുഴങ്കരയ്ക്ക് മലയാള സിനിമയിൽ ഒരു ഗാനരചയിതാവെന്ന മേൽവിലാസമുണ്ടാവുകയും ചെയ്തു…
ദിലീപ് , നെടുമുടി വേണു ,നവ്യാനായർ ,ജയസുധ തുടങ്ങിയവർ അഭിനയിച്ച
“ഇഷ്ടം ” എന്ന ചിത്രത്തിലെ
” കാണുമ്പോൾ പറയാമോ
കരളിലെ അനുരാഗം…..”
https://youtu.be/j1Waw1v9H-g?t=20
എന്ന ഗാനം കൂടി പുറത്തുവന്നതോടെ സച്ചിദാനന്ദൻ പുഴങ്കര മലയാളത്തിൽ അറിയപ്പെടുന്ന ഒരു ഗാനരചയിതാവായി മാറി.
കെ എസ് ആർ ടി സി യിൽ ഇൻസ്പെക്ടറായി ജോലി ചെയ്തുകൊണ്ടിരിക്കേ തന്നെ ആനുകാലികങ്ങളിൽ കവിതകൾ എഴുതിയിരുന്ന സച്ചിദാനന്ദന് സിനിമയിലേക്കുള്ള വഴി തുറന്നു കൊടുത്തത് സുഹൃത്തായ നടൻ ജോസ് പെല്ലിശ്ശേരിയാണ്.
കവിതയിലും സാഹിത്യത്തിലും ഒരേ തൂവൽ പക്ഷികളെ പോലെ സഞ്ചരിച്ചിരുന്ന മറ്റൊരു സുഹൃത്തായ ജയരാമൻ കടമ്പാട്ടുമായി ഒന്നിച്ച് എഴുതിയ പ്രണയവർണ്ണങ്ങളുടെ തിരക്കഥ ജോസ് പെല്ലിശ്ശേരിയാണ് നാട്ടുകാരനായ നടൻ തിലകന്റെ ശ്രദ്ധയിൽപ്പെടുത്തിയത് …..
തിലകനിലൂടെ സിബി മലയിലിന്റെ കൈകളിൽ എത്തിയ “പ്രണയവർണ്ണങ്ങൾ ” ഇഷ്ടപ്പെട്ട അദ്ദേഹം ആ കഥ ചലച്ചിത്രമാക്കുവാൻ തീരുമാനിക്കുകയായിരുന്നു…
ചുരുങ്ങിയ കാലം കൊണ്ട് 26 ഗാനങ്ങൾ എഴുതിയ ഈ ഗാനരചയിതാവ് സിനിമയുടെ വെള്ളിവെളിച്ചത്തിലോ ഗ്ലാമറിലോ തീരെ താൽപര്യം പ്രകടിപ്പിപ്പിക്കാതെ തന്റെ പ്രിയപ്പെട്ട തട്ടകമായ കവിതകളിലൂടെ ആത്മാവിഷ്കരണങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുന്നു ..
താൻ എഴുതിയ പല ഇഷ്ടഗാനങ്ങളും സിനിമകൾ വിജയിക്കാത്തതിന്റെ പേരിൽ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ വിഷമം അദ്ദേഹം മറച്ചുവെക്കുന്നില്ല ….
സച്ചിദാനന്ദന്റെ ചില മികച്ച രചനകൾ ഇവിടെ പങ്കുവയ്ക്കുന്നു.
“ഒരു പൂമഴയിലേക്ക്
എന്നപോലെ …….
( ചിത്രം ഗ്രാമഫോൺ- സംഗീതം വിദ്യാസാഗർ – ആലാപനം യേശുദാസ് )
“ചന്ദനപ്പൊൻ സന്ധ്യാനേരം …
(ചിത്രം ഫൈവ് ഫിംഗേഴ്സ് – സംഗീതം ബെന്നി ജോൺസൺ – ആലാപനം യേശുദാസ് )
“തിങ്കൾ പൊട്ടുതൊട്ട … “
ചിത്രം ഫൈവ്ഫിംഗേഴ്സ് – സംഗീതം ബെന്നി ജോൺസൺ – ആലാപനം ശങ്കർ മഹാദേവൻ )
“തൂമഴയുടെ താളം …
(ചിത്രം ഇലകൾ പച്ച പൂക്കൾ മഞ്ഞ – സംഗീതം ജോൺസൺ – ആലാപനം ബിജു നാരായണൻ ,മഞ്ജു മേനോൻ )
” ചെമ്പകപ്പൂച്ചെണ്ടു പോലെ …
(ചിത്രം നവംബർ റെയിൻ – സംഗീതം അനൂപ് എസ് നായർ – ആലാപനം വേണുഗോപാൽ )
” ഉണ്മകൾ എന്നോ
നന്മകൾ എന്നോ …”
(ചിത്രം ഫിലിം സ്റ്റാർ – സംഗീതം ബെന്നി ജോൺസൺ – ആലാപനം ഫ്രാങ്കോ )
” പതിയെ വെയിലിൻ തൂവാനത്ത് …
( സംഗീതം രഘുപതി എസ് നാരായണൻ – ആലാപനം സച്ചിൻ വാരിയർ )
” കളി പറഞ്ഞാലും ……( സംഗീതം വിജയൻ പൂഞ്ഞാർ – ആലാപനം യേശുദാസ് )
https://youtu.be/-vlcFjVxMNY?t=10
എന്നിവയെല്ലാം സച്ചിദാനന്ദൻ എഴുതിയ ചില പ്രശസ്ത ഗാനങ്ങളാണ്.
1953 ജനുവരി 15 -ന് ജനിച്ച സച്ചിദാനന്ദൻ പുഴങ്കരയുടെ ജന്മദിനമാണിന്ന്….
മലയാള സിനിമയിൽ ആരും പറയാത്ത ഒരു പുതിയ തിരക്കഥയുടെ രചനയിലാണ് ഈ എഴുത്തുകാരൻ …
അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങളും പിറന്നാളാശംസകളും നേരുന്നു …
———————————————————————————–
(സതീഷ് കുമാർ : 9030758774 )
———————————————————————————————–
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
സന്ദര്‍ശിക്കുക
—————————— ——————