സതീഷ് കുമാർ
വിശാഖപട്ടണം
ഒരു കാലത്ത് കേരളത്തിലെ സിനിമാ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് വടക്കൻ പാട്ട് കഥകളായിരുന്നു. നാട്ടുരാജാക്കന്മാർക്ക് വേണ്ടി അങ്കം വെട്ടി മരിച്ചിരുന്ന പാവം ചാവേറുകളെ വീരപുരുഷന്മാരാക്കി രചിക്കപ്പെട്ടതാണ് വടക്കൻ പാട്ടുകൾ.
ഈ നാടോടിപ്പാട്ടുകളുടെ രചയിതാവ് ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ച , ആരോമൽചേകവർ , തച്ചോളി ഒതേനൻ , പയ്യംവെള്ളി ചന്തു , പാലാട്ടുകോമൻ തുടങ്ങിയ കടത്തനാടൻ പ്രദേശങ്ങളിലെ അങ്കച്ചേകവന്മാരും കളരികളും അവരുടെ പ്രണയവും പ്രതികാരങ്ങളുമെല്ലാം വാമൊഴികളായി കോലോത്തു നാട്ടിലെ അനുഗൃഹീത ഗായകരായ പാണന്മാർ തലമുറകളായി പാടി നടന്ന് പിറവി കൊണ്ടതാണ് വടക്കൻ പാട്ടുകൾ എന്ന് കരുതപ്പെടുന്നു.
പാണന്മാരിൽ നിന്നും പകർന്നു കിട്ടിയ ഈ നാടൻ പാട്ടുകൾ കേരളത്തിലെ വയലേലകളിൽ പണിയെടുത്തിരുന്ന കർഷക തൊഴിലാളികളിലൂടെയാണ് പുഷ്ക്കലമായത്. ഇത്തരം
വീരപുരുഷന്മാരുടെ കഥകൾക്ക് ചലച്ചിത്രഭാഷ്യം നൽകിയാൽ വൻ വിജയം നേടാനാവുമെന്ന് കണ്ടെത്തിയതും പ്രാവർത്തികമാക്കിയതും മലയാള സിനിമയുടെ ഗോഡ്ഫാദർ എന്നറിയപ്പെട്ടിരുന്ന കുഞ്ചാക്കോയാണ്.
1956-ൽ കോട്ടയം ജ്യോതി തിയേറ്റേഴ്സിന് വേണ്ടി മലയാള സിനിമയിലെ പഴയ വില്ലൻ നടൻ എൻ ഗോവിന്ദൻകുട്ടി എഴുതിയ നാടകമായിരുന്നു ഉണ്ണിയാർച്ച .
ഈ നാടകത്തെ ആസ്പദമാക്കി തിരക്കഥാകൃത്തായ ശാരംഗപാണി ഉണ്ണിയാർച്ച എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതിക്കൊണ്ട് ഉദയാ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായി മാറി. തിരുവിതാംകൂർ സഹോദരിമാരിൽ ഒരാളായ രാഗിണി ഉണ്ണിയാർച്ചയുടെ വേഷത്തിൽ നിറഞ്ഞാടിയപ്പോൾ കുഞ്ഞിരാമനായി പ്രേംനസീറും ആരോമൽചേകവരായി സത്യനും ചതിയൻചന്തുവായി കോട്ടയം ചെല്ലപ്പനുമാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് .
പുത്തൂരം വീടിന്റെ ചരിതങ്ങൾ പാടിനടക്കുന്ന പാണനായി വേഷമിട്ട എസ് പി പിള്ള പിന്നീട് വന്ന എല്ലാ വടക്കൻപാട്ട് ചിത്രങ്ങളിലും സ്ഥിരം പാണന്റെ വേഷത്തിലൂടെ ഒരു റെക്കോർഡ് തന്നെ സൃഷ്ടിച്ചെടുത്തു.
1961 ആഗസ്റ്റ് 24 ന് റിലീസ് ചെയ്ത ഉണ്ണിയാർച്ച വടക്കൻ പാട്ട് പ്രമേയമാക്കി വന്ന മലയാളത്തിലെ ആദ്യമലയാള ചലച്ചിത്രമായിരുന്നു.
ആലപ്പുഴയിലെ ഭീമ ബ്രദേഴ്സ് ആയിരുന്നുവത്രേ ഈ ചിത്രത്തിനുവേണ്ടി പുതിയ ശൈലിയിലുള്ള ആഭരണങ്ങൾ നിർമ്മിച്ചു നൽകിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു ….
പി.ഭാസ്ക്കരൻ എഴുതി കെ.രാഘവൻ ഈണം പകർന്ന ഇരുപതോളം ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഉണ്ണിയാർച്ച .
“അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു …..”
എന്ന ഗാനം
ഇന്നും സംഗീത പ്രേമികളുടെ ഇഷ്ടഗാനമാണ്.
“പുല്ലാണെനിക്ക് നിൻ വാൾമുന … (എ എം രാജ ,പി ലീല )
“ആരു നീയെൻ മാരിവില്ലേ …
( എ എം രാജ)
“പോ കുതിരേ പടക്കുതിരേ …
(പി ലീല , പി സുശീല )
” ഉടവാളേ പടവാളേ ഉണരുക വേഗം വാളേ …..(എ എം രാജ , പി ബി ശ്രീനിവാസ് )
” ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച …(കെ. രാഘവൻ )
“ഏഴു കടലോടി വന്ന പട്ട് …
(പി ലീല )
എന്നിവയെല്ലാമായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന ഗാനങ്ങൾ .
ഉണ്ണിയാർച്ച പുറത്തുവന്നിട്ട് ഇന്ന് 62 വർഷങ്ങൾ പൂർത്തിയാവുമ്പോൾ ഈ ചിത്രത്തിന്റെ പ്രധാന ശില്പികളാരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നുള്ളതാണ് ഏറെ ഖേദകരം…
Post Views: 421