സതീഷ് കുമാർ
വിശാഖപട്ടണം
“ഓമലാളെ കണ്ടു ഞാൻ
പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച
നീലരാവിൽ ……”
https://youtu.be/NpokTlKna7s?t=10
എഴുപതുകളിൽ കേരളത്തിലെ കാമുകഹൃദയങ്ങളെ ഇക്കിളി കൊള്ളിച്ച ഒരു ചലച്ചിത്രഗാനത്തിന്റെ പല്ലവിയായിരുന്നു ഇത്. “സിന്ദൂരച്ചെപ്പ് “എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ
ഈ ഗാനത്തിന്റെ മാധുര്യം അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒട്ടും കുറഞ്ഞു പോയിട്ടില്ല. വരികളുടെ ലാളിത്യവും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന പ്രണയ കല്പനകളുമായിരിക്കാം അതിന് കാരണമെന്ന് തോന്നുന്നു ….
“ നാലുനില പന്തലിട്ടു
വാനിലമ്പിളി
നാഗസ്വരമേളമിട്ടു
പാതിരാക്കിളി
ഏകയായി രാഗലോലയായി
എന്റെ മുൻപിൽ വന്നവൾ
കുണുങ്ങി നിന്നു …
എത്ര പ്രണയാർദ്രമായ സങ്കൽപ്പങ്ങൾ …കാമുകൻന്മാർക്കു മാത്രമല്ല കാമുകിമാർക്കും ഈ ഗാനം വളരെ പ്രിയപ്പെട്ടതായിരുന്നു…അതിനും കാരണമുണ്ട് ….
പെൺകുട്ടികളുടെ മന:ശാസ്ത്രം ശരിക്കും മനസ്സിലാക്കി ഏതൊരു പെണ്ണും മനസ്സുകൊണ്ട് കൊതിക്കുന്ന വരികളാണ് യൂസഫലി കേച്ചേരി എഴുതിയിട്ടുള്ളത് …
” ഞാൻ തൊഴുന്ന
കോവിലിലെ ദേവിയാണവൾ
ഞാൻ കൊതിക്കും
ദേവലോക റാണിയാണവൾ
താളമാണവൾ
ജീവരാഗമാണവൾ
താലി ചാർത്തും
ഞാനവൾക്കീ
നീലരാവിൽ ..
പ്രണയമധുരത്തിന്റെ തേൻ തുളുമ്പുന്ന ഈ വരികൾ ഏതൊരു സ്ത്രീ ഹൃദയത്തെയാണ് തരളിതമാക്കാതിരിക്കുക ? മൊബൈൽ ഫോണൊന്നും ഇല്ലാതിരുന്ന അക്കാലത്ത് കാമുകീകാമുകന്മാരുടെ
പ്രണയലേഖനങ്ങൾക്ക് സൗരഭ്യം പകർന്നിരുന്നത് ഇത്തരം ഗാനശകലങ്ങളായിരുന്നു.
നടനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമൊക്കെയായ മധുവാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ഒരു ആനയുടെയും ആനക്കാരന്റേയും ജീവിതപശ്ചാത്തലങ്ങളെ ആസ്പദമാക്കി യൂസഫലി കേച്ചേരി എഴുതിയ കഥയ്ക്ക് അദ്ദേഹം തന്നെ തിരക്കഥയും ഗാനങ്ങളുമെഴുതി … യൂസഫലി കേച്ചരി തന്നെ ചിത്രം നിർമ്മിക്കുകയും ചെയ്തു…
മധു , ജയഭാരതി , അടൂർഭാസി ,ശങ്കരാടി , പ്രേംജി എന്നിവരൊക്കെയായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ …
പാട്ടുകൾക്ക് സംഗീതം പകർന്നത് ദേവരാഗശില്പിയായ സാക്ഷാൽ ദേവരാജൻ മാസ്റ്റർ …
“പൊന്നിൽ കുളിച്ച രാത്രി … (യേശുദാസ്)
“തമ്പ്രാൻ തൊടുത്തത് മലരമ്പ് …. ( മാധുരി)
” മണ്ടച്ചാരെ മൊട്ടത്തലയാ … (മാധുരി , സുശീലാദേവി )
“തണ്ണീരിൽ വിരിയും താമരപ്പൂ …. (യേശുദാസ് ) എന്നിവയായിരുന്നു സിന്ദൂരച്ചെപ്പിലെ മറ്റു പ്രിയ ഗാനങ്ങൾ
.
1971 നവംബർ അവസാനവാരം വെള്ളിത്തിരയിലെത്തിയ ” സിന്ദൂരച്ചെപ്പ് ” എന്ന ചിത്രം ഇപ്പോൾ 52 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു ….. മലയാള ചലച്ചിത്രഗാനസാമ്രാജ്യത്തിലെ ഈ ഓമലാൾ, താരകങ്ങൾ പുഞ്ചിരിക്കുന്ന നീലരാവിന്റെ പ്രണയ ലഹരിയായ് എന്നും നിലനിൽക്കുമെന്ന് പ്രത്യാശിക്കാം ….
—————————————-
( സതീഷ് കുമാർ: 9030758774 )
—————————————-