സതീഷ് കുമാർ വിശാഖപട്ടണം
മലയാളചലച്ചിത്ര നിർമ്മാണ രംഗത്തെ പ്രമുഖമായ രണ്ടു ബാനറുകളായിരുന്നു മെരിലാൻ്റും ഉദയായും…
സിനിമ നിർമ്മാണരംഗത്തും വിതരണരംഗത്തും ഇവർ തമ്മിൽ വർഷങ്ങളോളം നീണ്ടുനിന്ന മത്സരത്തിന്റെ യഥാർത്ഥ ഫലം കിട്ടിയത് കേരളത്തിലെ സഹൃദയരായ കലാസ്നേഹികൾക്കായിരുന്നു…
എല്ലാ തരം സിനിമകളും നിർമ്മിക്കുമായിരുന്നുവെങ്കിലും മെരിലാന്റ് പ്രധാനമായി പുണ്യപുരാണ ചിത്രങ്ങളിലും ഉദയ വടക്കൻപാട്ട് ചിത്രങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത് …
ഓണം , വിഷു തുടങ്ങിയ വിശേഷ ഉത്സവദിവസങ്ങളിൽ ഫുൾപേജ് പത്രപരസ്യവുമായി പുറത്തിറങ്ങിയിരുന്ന ഉദയായുടേയും നീലായുടേയും ചിത്രങ്ങൾ പ്രേക്ഷകർ എത്രമാത്രം ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നതെന്ന് പഴയ തലമുറക്കാർ ഓർക്കുന്നുണ്ടായിരിക്കും.
1969-ൽ മെരിലാന്റിനു വേണ്ടി പി സുബ്രഹ്മണ്യം നിർമിച്ച് സംവിധാനംചെയ്ത ചലച്ചിത്രമായിരുന്നു “കുമാരസംഭവം . “
കാളിദാസന്റെ പ്രശസ്തമായ മഹാകാവ്യത്തിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിന് തിരക്കഥ എഴുതിയത് വേണു നാഗവള്ളിയുടെ പിതാവ് നാഗവള്ളി ആർ.എസ്. കുറുപ്പ്…
ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുകയും ആനന്ദസാഗരത്തിലാറാടിക്കുകയും ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ പരമശിവനെ ജെമിനി ഗണേശൻ എന്ന തമിഴ്നടനും സതിയേയും പാർവ്വതിയേയും പത്മിനിയും അനശ്വരമാക്കി.
ബാലമുരുകനായി പ്രത്യക്ഷപ്പെട്ടത് പിൽക്കാലത്ത് ഇന്ത്യൻ ചലച്ചിത്ര വേദിയിലെ താരറാണിയായി മാറിയ ശ്രീദേവിയായിരുന്നു. കലഹപ്രിയനെന്ന പേരുദോഷം ഉണ്ടെങ്കിലും സത്യധർമ്മങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന നാരദനായി പഴയകാലനടൻ ടി കെ ബാലചന്ദ്രൻ വേഷമിടുകയും പിന്നീട് ഒട്ടേറെ പുരാണ ചിത്രങ്ങളിൽ നാരദന്റെ വേഷം ഈ നടൻ അനശ്വരമാക്കുകയും ചെയ്തു ….
കേരള ഗവൺമെൻറ് ചലച്ചിത്രങ്ങൾക്കുള്ള പുരസ്ക്കാരങ്ങൾ നൽകിത്തുടങ്ങിയത് 1969 മുതലാണ് . ആദ്യപുരസ്കാരം കുമാരസംഭവത്തിനാണ് ലഭിച്ചത് … വയലാറും ഒ .എൻ. വിയും എഴുതിയ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം പകർന്നപ്പോൾ ആ ഗാനങ്ങളെല്ലാം കാലത്തെ അതിജീവിച്ചുകൊണ്ട് ഇന്നും ശ്രോതാക്കളുടെ മനസ്സിൽ തേന്മഴ പെയ്യിക്കുന്നു.
https://youtu.be/JWcx6vsxhdA?t=8
“പൊൽതിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ ശൈലാഗ്രശൃംഗങ്ങളിൽ ….”
എന്ന ഒ എൻ വി യുടെ ഗാനം ഏറെ ജനപ്രീതി നേടിയെടുക്കുകയുണ്ടായി. ഈ ഗാനാലാപനത്തിന് യേശുദാസിന് മികച്ച ഗായകളുള്ള കേരള സംസ്ഥാന ഗവൺമെന്റിന്റെ ആദ്യ പുരസ്ക്കാരം ലഭിക്കുകയുണ്ടായി ….
കൂടാതെ
“പ്രിയ സഖി ഗംഗേ പറയൂ പ്രിയമാനസനെവിടെ ….
(രചന ഒ എൻ വി , ആലാപനം മാധുരി )
“ നല്ല ഹൈമവതഭൂമിയിൽ
വസന്ത നന്ദിനിമാർ വന്നു…. (ഒ എൻ വി കുറുപ്പ് ,പി സുശീല )
“എല്ലാം ശിവമയം
ശിവ ശക്തിമയം….. (ഒ എൻ വി , രേണുക )
“ഇന്ദുകലാമൗലി
തൃക്കൈയിൽ ഓമനിക്കും ….
( വയലാർ , മാധുരി )
“ ക്ഷീരസാഗരനന്ദിനി പൗർണ്ണമി … ( വയലാർ , പി ലീല )
“തപസ്സിരുന്നു ദേവൻ …..
( ഒ എൻ വി , യേശുദാസ്)
“ശൈലനന്ദിനി ….. (ഓ എൻ വി -യേശുദാസ് . വസന്ത .)
“മായാനടന വിഹാരിണി …
(ഒ എൻ വി – പി.ലീല, രാധാലക്ഷ്മി) “പത്മാസനത്തിൽ … (വയലാർ ,
പി ബി ശ്രീനിവാസ് )
“ശരവണ പൊയ്കയിൽ അഭിഷേകം ….. (വയലാർ , കമുകറ പുരുഷോത്തമൻ , പി ലീല ,
“മല്ലാക്ഷി മണിമാരിൽ …. ( വയലാർ, എം ജി രാധാകൃഷ്ണൻ ,വസന്ത )
“ഓംകാരം ഓംകാരം
ആദിമമന്ത്രം അനശ്വരമന്ത്രം ….. (വയലാർ , യേശുദാസ് )
എന്നീ ഗാനങ്ങളും കുമാരസംഭവത്തിന്റെ ആകർഷണങ്ങൾ ആയിരുന്നു.
1969 ഡിസംബർ 26 ന് വെള്ളിത്തിരയിലെത്തിയ കുമാരസംഭവത്തിന് ഇന്ന് 54 വർഷം പൂർത്തിയാവുകയാണ്. കാളിദാസന്റെ കാവ്യഭാവനയിൽ വിരിഞ്ഞ ഈ കൃതിയുടെ ചലച്ചിത്രാവിഷ്ക്കാരം അര നൂറ്റാണ്ടിനിപ്പുറവും ഒരു സുന്ദര സ്വപ്നം പോലെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു …..
———————————————
( സതീഷ് കുമാർ : 9030758774)
Post Views: 329