സതീഷ് കുമാർ വിശാഖപട്ടണം
ചന്ദനം എന്ന വാക്കിന്റെ അർത്ഥം “സന്തോഷദായകം” എന്നാണ്. സുഗന്ധം പരത്തുന്ന ലോകത്തിലെ അപൂർവ്വ വൃക്ഷങ്ങളിൽ ഒന്നായ ചന്ദനമരത്തിന് പല ലോക സംസ്കാരങ്ങളും പവിത്രമായ സ്ഥാനമാണ് നൽകിയിരിക്കുന്നത് .
ഈ മരത്തിന്റെ തടി അരച്ചു കുഴമ്പുരൂപത്തിലാക്കി ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകി വരുന്നു. ചന്ദനക്കുറി അണിയുന്നത് ഐശ്വര്യദായകമായിട്ടാണ് ഭാരതീയസംസ്ക്കാരം ഉദ്ഘോഷിക്കുന്നത്…
ചന്ദനം ശിരസ്സിലണിഞ്ഞാൽ തലച്ചോറിന് കുളിർമ്മ ലഭിക്കുകയും തദ്വാരാ മനസ്സിനെ ശാന്തമാക്കുന്ന ഔഷധമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു..
വിശുദ്ധിയുടേയും സുഗന്ധത്തിന്റേയും കേദാരമായ ഈ പുണ്യവൃക്ഷം മഹാഭാരതം , രാമായണം മുതലുള്ള ഇതിഹാസകാവ്യങ്ങൾ മുതൽ നമ്മുടെ ആധുനിക കവിതകളിലും ചലച്ചിത്ര ഗാനങ്ങളിലുംവരെ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്നുണ്ട്.
മലയാളത്തിലെ ചന്ദനത്തിന്റെ സൗരഭ്യമുള്ള ചില ഗാനങ്ങളെ ഓർത്തെടുക്കുകയാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ …
“ചന്ദന മണിവാതിൽ
പാതിചാരി ഹിന്ദോളം കണ്ണിൽ തിരയിളക്കി
ശൃംഗാര ചന്ദ്രികേ നീരാടി
നീ നിൽക്കേ എന്തായിരുന്നു മനസ്സിൽ …..”
എന്നെഴുതിയത് ഏഴാച്ചേരി രാമചന്ദ്രനാണ്.
(ചിത്രം മരിക്കുന്നില്ല ഞാൻ – സംഗീതം രവീന്ദ്രൻ – ആലാപനം ജി വേണുഗോപാൽ )
ഈ ഒരൊറ്റ പല്ലവിയിലൂടെ പാട്ടിന് ചന്ദനത്തിന്റെ സുഗന്ധം പകർന്നുതന്നു കവിയായ ഏഴാച്ചേരി രാമചന്ദ്രൻ …
“ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം …. “
അത്തരമൊരു ശിൽപഭംഗിയെക്കുറിച്ച് ആലോചിക്കുവാനേ വയ്യ. അങ്ങനെയുള്ളൊരു സുന്ദരിയെ സ്വപ്നം കാണാത്തവർ ആരാണുള്ളത് …..?
ശ്രീകുമാരൻ തമ്പിയുടെ ഈ സുന്ദരീശിൽപ്പത്തെക്കുറിച്ചുള്ള വർണന
” ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു “എന്ന ചിത്രത്തിൽ നിന്നാണ്. (സംഗീതം ദക്ഷിണാമൂർത്തി – ആലാപനം ജയചന്ദ്രൻ .)
“ചന്ദനലേപസുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ …..”
എന്ന് വടക്കൻ വീരഗാഥക്ക് വേണ്ടി ജയകുമാർ എഴുതിയപ്പോൾ പരിസരമാകെ ചന്ദനലേപ സുഗന്ധത്താൽ നിറയുന്ന മാസ്മരിക അനുഭൂതിയാണ് നമ്മൾ അനുഭവിച്ചറിഞ്ഞത്.
https://youtu.be/4Zqgg6qFihw?t=15
(സംഗീതം ബോംബെ രവി – ആലാപനം യേശുദാസ് )
“ഈറനാം വെണ്ണിലാവിൽ ചന്ദനക്കുറി അണിയുന്ന നിളയുടെ പുളിനങ്ങളുടെ മനോഹാരിത
” നഖക്ഷതങ്ങൾ “എന്ന ചിത്രത്തിന് വേണ്ടി ഒ എൻ വി വരച്ചു വെച്ചിട്ടുണ്ട്. (നീരാടുവാൻ നിളയിൽ നീരാടുവാൻ ….
(സംഗീതം ബോംബെ രവി – ആലാപനം യേശുദാസ് )
“ചന്ദനം മണക്കുന്ന പൂന്തോട്ടം (ചിത്രം അച്ചുവേട്ടന്റെ വീട് – രചന എസ് രമേശൻ നായർ – സംഗീതം വിദ്യാധരൻ – ആലാപനം ചിത്ര യേശുദാസ്)
“ചന്ദനം വളരും ഗംഗ തൻ കരയിൽ കാഞ്ഞിരമരവും വളരും …
(ചിത്രം പ്രവാഹം – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജുനൻ – ആലാപനം യേശുദാസ് )
“ചന്ദനമണി സന്ധ്യകളുടെ
നടയിൽ നടനം ....
(ചിത്രം പ്രജ – ഗാനരചന ഗിരീഷ് പുത്തഞ്ചേരി – സംഗീതം എം ജി രാധാകൃഷ്ണൻ – ആലാപനം എം ജി ശ്രീകുമാർ .)
“ചന്ദനക്കാറ്റേ കുളിർ കൊണ്ടു വാ…..
( ചിത്രം ഭീഷ്മാചാര്യ – രചന യൂസഫലി കേച്ചേരി – സംഗീതം എസ് പി വെങ്കിടേഷ് – ആലാപനം ചിത്ര )
“ചന്ദനക്കുറിയിട്ട ചന്ദ്രലേഖേ
നിന്നെ ചന്ദനപല്ലക്കിൽ കേറ്റിടട്ടെ .….
( ചിത്രം കോളേജുഗേൾ – രചന ഡോക്ടർ ബാലകൃഷ്ണൻ – സംഗീതം എ ടി ഉമ്മർ – ആലാപനം യേശുദാസ് )
“ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന ഗന്ധർവ്വരാജകുമാരാ …. ( ചിത്രം പാലാട്ടുകോമൻ – രചന വയലാർ – സംഗീതം ബാബുരാജ് – ആലാപനം എ എം രാജാ , പി.സുശീല )
“ചന്ദ്രനുദിക്കുന്ന ദിക്കിൽ ചന്ദനം പൂക്കുന്ന ദിക്കിൽ …… (ചിത്രം ഒതേനന്റെ മകൻ – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് , ബി വസന്ത )
“ചന്ദ്രരശ്മി തൻ ചന്ദനനദിയിൽ സുന്ദരിയാമൊരു മാൻപേട … (ചിത്രം അന്വേഷണം – രചന ശ്രീകുമാരൻ തമ്പി – സംഗീതം അർജുനൻ ആലാപനം പി സുശീല )
ഇങ്ങനെ ചന്ദനത്തിന്റെ സൗരഭ്യമുള്ള എത്രയെത്ര മനോഹരഗാനങ്ങൾ …...
ഈ ഗാനങ്ങളെല്ലാം മലയാളികളുടെ മനസ്സിലെ ചന്ദനം മണക്കുന്ന പൂന്തോട്ടത്തിലെ വാടാമലരുകൾ .
——————————————————-
( സതീഷ് കുമാർ : 9030758774 )
Post Views: 122