നാടകാചാര്യന്റെ ഓർമ്മകളിൽ

സതീഷ് കുമാർ വിശാഖപട്ടണം 
സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അന്താരാഷ്ട്ര നാടകോത്സവത്തിന്  (ഇറ്റ്ഫോക് )  തിരി തെളിയുകയാണ്. 
 ചലച്ചിത്ര നടൻ മുരളി  സംഗീതനാടക അക്കാദമിയുടെ ചെയർമാനായിരുന്ന സമയത്താണ് കേരളത്തിൽ  അന്താരാഷ്ട്ര നാടകോത്സവം ആരംഭിക്കുന്നത് .
വരും നാളുകളിൽ  കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും വിവിധ ലോക രാഷ്ട്രങ്ങളിലേയും നാടകങ്ങൾ മാറ്റുരയ്ക്കാൻ തൃശ്ശൂരിൽ എത്തുമ്പോൾ കേരളത്തിലെ നാടക പ്രസ്ഥാനത്തെ പാലൂട്ടി വളർത്തിയ ഒരു മഹാരഥന്റെ സംഭാവനകൾ ഓർമ്മയിലേക്ക് ഓടിയെത്തുകയാണ് .
 തമിഴ് സംഗീത നാടകങ്ങളായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ  പ്രിയപ്പെട്ട കലാരൂപങ്ങൾ.
അത്തരം തമിഴ് സംഗീത നാടകങ്ങളിൽ അഭിനയിച്ചിരുന്ന അമ്പലപ്പുഴ സ്വദേശിയായ ഒരു  ചെറുപ്പക്കാരന് എന്തുകൊണ്ട് ഇത്തരം നാടകങ്ങൾ മലയാളത്തിൽ അവതരിപ്പിച്ചു കൂടാ എന്നൊരാശയം മനസ്സിൽ തോന്നാൻ തുടങ്ങി.
  അങ്ങനെ തമിഴ് നാടകമായ “ജ്ഞാനസുന്ദരി” മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഈ ചെറുപ്പക്കാരനും  കൂട്ടുകാരും കൂടി കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കുന്നു.
ആ നാടകത്തിന്റെ വിജയത്തോടെ ജോൺ മിൽട്ടന്റെ    “പാരഡൈസ് ലോസ്റ്റ് “എന്ന ഇതിഹാസകാവ്യം “പറുദീസാനഷ്ടം ” എന്ന പേരിൽ നാടകമാക്കി അവർ വീണ്ടും നാടക രംഗത്ത് പുതിയ പരീക്ഷണങ്ങൾക്ക് തയ്യാറായി.
പിന്നീട് സത്യവാൻ സാവിത്രി, അല്ലിഅർജുനൻ , അനാർക്കലി തുടങ്ങിയ നാടകങ്ങളിലൂടെ ഈ ചെറുപ്പക്കാരൻ കേരളത്തിലെ നാടകപ്രേമികളുടെ ആരാധനാമൂർത്തിയായി മാറി .
 അക്കാലത്ത് നാടകങ്ങളിൽ പാട്ടുപാടി അഭിനയിക്കണം എന്നുള്ളത് ഒരു അലിഖിത നിയമമായിരുന്നു . 
പാട്ടു പാടി അഭിനയിക്കുന്ന നടന്മാരെ വിളിച്ചിരുന്നത് ഭാഗവതർ എന്ന ഓമനപ്പേരിലാണ്.
 ഇങ്ങനെ  മലയാള നാടക രംഗത്തിന് മാറ്റത്തിന്റേയും പരീക്ഷണങ്ങളുടേയും പുതിയ കൊടിയടയാളങ്ങൾ സമ്മാനിച്ച  ആ ചെറുപ്പക്കാരനാണ് പിന്നീട് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ എന്ന പേരിൽ പ്രശസ്തനായ നാടകകലാകാരൻ .   
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ - വിക്കിപീഡിയ
                 
സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരോടൊപ്പം  അന്ന് നാടകങ്ങളിൽ അഭിനയിച്ചിരുന്നത് സുഹൃത്തുക്കളായിരുന്ന  അഗസ്റ്റിൻ ജോസഫും ( യേശുദാസിന്റെ പിതാവ് ) കുമാരനാശാന്റെ ” കരുണ” എന്ന നാടകത്തിലെ വാസവദത്തയെ അനശ്വരമാക്കിയ ഓച്ചിറ വേലുക്കുട്ടി എന്ന പ്രശസ്ത സ്ത്രീ വേഷക്കാരനായ നടനുമൊക്കെയായിരുന്നു .
നാടകങ്ങളിലൂടെ നേടിയെടുത്ത പ്രശസ്തിയോടെയാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത് “ജ്ഞാനാംബിക ” ആയിരുന്നു 
ആദ്യചിത്രം .
പിന്നീട് ശരിയോ തെറ്റോ ,അച്ഛൻ , ജീവിതനൗക തുടങ്ങി ഏതാനും സിനിമകളിൽ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ പാടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ്  ചിത്രമായിരുന്നല്ലോ“ജീവിതനൗക ” !
മലയാളസിനിമയിലെ ആദ്യ സൂപ്പർഹിറ്റ്; ചെലവ് 5 ലക്ഷം; കലക്‌ഷൻ 30 ലക്ഷം | Malayalam Movie Jeevitha Nouka
 തിക്കുറിശ്ശി സുകുമാരൻ നായർ എന്ന നടനെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർത്തുന്നത്
 ഈ ചിത്രമാണ്. 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച് വൻ വിജയം നേടിയ “ജീവിത നൗക “തന്നെയാണ് മലയാളത്തിൽ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും ഹിന്ദിയിലേക്കും ഡബ്ബ് ചെയ്യപ്പെടുന്ന ആദ്യ ചലച്ചിത്രം .
 കെ ആൻഡ് കെ എന്ന ബാനറിൽ കുഞ്ചാക്കോയും കോശിയും കൂടെ നിർമ്മിച്ച ഈ ചിത്രത്തിൽ ഗാനങ്ങൾ എഴുതിയത് അഭയദേവും സംഗീതസംവിധാനം നിർവ്വഹിച്ചത് ദക്ഷിണാമൂർത്തി സ്വാമിയുമാണ് .
ഹിന്ദി ഗാനങ്ങളുടെയും തമിഴ് ഗാനങ്ങളുടെയും  അനുകരണങ്ങളായിരുന്നു അന്നത്തെ ഗാനങ്ങളെങ്കിലും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ പാടിയ ഈ ചിത്രത്തിലെ ഒരു ഗാനം ഇന്നും പുതുമയോടെ നിലനിൽക്കുന്നു.
https://youtu.be/mMBnSf-WjlU?t=9
 “ആനത്തലയോളം 
വെണ്ണ തരാമെടാ 
ആനന്ദ ശ്രീകൃഷ്ണാ  
വായ് മുറുക്ക് ……”
എന്ന ഹിറ്റ് ഗാനം പാടിയത് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും മകൾ പുഷ്പയുമായിരുന്നു.
73 വർഷങ്ങൾ പൂർത്തിയാക്കിയ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ഗാനം പാടിയ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ  നൂറ്റി ഇരുപത്തിമൂന്നാം ജന്മവാർഷികദിനമാണിന്ന്. 
 1901 ഫെബ്രുവരി 9 – ന് ആലപ്പുഴയിൽ ജനിച്ച് മലയാളത്തിലെ നാടക പ്രസ്ഥാനങ്ങളെ പാലൂട്ടി വളർത്തി ചലച്ചിത്ര സംഗീത ലോകത്തെ  ആദ്യ സൂപ്പർ ഹിറ്റ്ഗാനം നമുക്ക് നൽകി
ചലച്ചിതഗാനങ്ങളെ  ജനകീയമാക്കിയ  ആ ഓർമ്മകൾക്കു പോലും എന്തൊരു സുഗന്ധം .
————————————————————————————-

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News