സതീഷ് കുമാർ വിശാഖപട്ടണം
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും ഒഴുകിവരുന്ന രാഗ മാധുര്യം.സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ ഓമൽ ചൊടികളുടെ ചുംബന ലഹരിയാൽ അമ്പാടിയെ കോരിത്തരിപ്പിച്ച് അനശ്വരമായി തീർന്ന വേണുനാദം .
ഈ മുരളികയുടെ മാസ്മരിക ഭാവങ്ങളെ സംഗീത പ്രേമികളുടെ ഹൃദയ സരസ്സുകളിലേക്ക് പകർന്നു നൽകി ഒട്ടേറെ സംഗീത പരിപാടികൾക്ക് ആവേശം പകർന്ന ഒരു സംഗീതജ്ഞൻ മലയാള ചലച്ചിത്ര വേദിയെ കുറച്ചു സമയത്തേക്കെങ്കിലും രാഗിലമാക്കിയ ചരിത്രമാണ് ഇന്ന് ഓർമ്മയിലേക്ക് ഓടിയെത്തുന്നത്.
1975-ൽ ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്നും റെക്കോർഡർ എന്ന വാദ്യോപകരണത്തിൽ പ്രാവീണ്യം നേടുകയും പിന്നീട് ഡച്ച് സംഗീതജ്ഞനായ നിക്കി റീസറിൽ നിന്നും ഓടക്കുഴലിന്റെ നാദവിസ്മയങ്ങളിൽ അവഗാഹം നേടുകയും ചെയ്ത പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി എസ് ബാലകൃഷ്ണനെ എങ്ങനെയാണ് സംഗീത പ്രേമികൾക്ക് മറക്കാൻ കഴിയുക ….?
വെറും പത്തോ പതിനഞ്ചോ ചിത്രങ്ങളിലൂടെ 100 -ൽ താഴെ ഗാനങ്ങൾ മാത്രമേ മലയാള ചലച്ചിത്ര വേദിക്ക് ഇദ്ദേഹം സംഭാവന ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം പ്രേക്ഷകമനസ്സിൽ അനുഭൂതികളുടെ സുഗന്ധവാഹിനികളായി ഇന്നും നിലകൊള്ളുന്നു .
വലിയ സംഗീതപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ബാലകൃഷ്ണന്റെ സംഗീതയാത്ര ആരംഭിക്കുന്നത്. മനസ്സിലെവിടെയോ ഒളിപ്പിച്ചുവെച്ച സംഗീതത്തോടുള്ള അഭിനിവേശവും കൊണ്ട് ചെന്നൈയിലെത്തിയ ബാലകൃഷ്ണൻ പശ്ചാത്തല സംഗീതസംവിധായകനായ ഗുണസിംഗിന്റേയും ദക്ഷിണേന്ത്യൻ ചലച്ചിത്രസംഗീത സംവിധായകൻ രാജൻ നാഗേന്ദ്രയുടേയും സഹായിയായി മാറുന്നു.
പിന്നീട് എം ബി ശ്രീനിവാസന്റെ കൂടെ ഫാസിലിന്റെ “മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ” എന്ന ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ചെയ്ത ബാലകൃഷ്ണന്റെ അഭിനിവേശം തിരിച്ചറിഞ്ഞ ഫാസിൽ തന്നെയാണ് തന്റെ ശിഷ്യന്മാരായ സിദ്ദിഖ്-ലാൽന്മാർക്ക് ബാലകൃഷ്ണനെ പരിചയപ്പെടുത്തുന്നത്. അങ്ങനെ അവരുടെ“റാംജിറാവ് സ്പീക്കിംഗ് ” എന്ന എക്കാലത്തെയും മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ബാലകൃഷ്ണൻ സംഗീതസംവിധായകനായി .ഇതിലെ
” ഒരായിരം കിനാക്കളിൽ ..
https://youtu.be/75yeKxEonPw?t=9
“കണ്ണീർ കായലിലേതോ കടലാസിന്റെ തോണി ..
https://youtu.be/RAiUmTBPCWk?t=15
“അവനവൻ കുരുക്കുന്ന ..
” കളിക്കളം ഇത് കളിക്കളം ..
എന്നീ ഗാനങ്ങൾ ഹിറ്റായതോടെ മലയാളത്തിൽ ഒരു പുതിയ സംഗീത സംവിധായകൻ ഉദയം കൊള്ളുകയായിരുന്നു. ഇതിൽ ” കളിക്കളം ….” എന്ന ഗാനത്തിന് വേണ്ടി കീബോർഡ് വായിച്ചത് പിൽക്കാലത്ത് ഏറെ പ്രശസ്തനായി തീർന്ന എ ആർ റഹ്മാനായിരുന്നുവത്രെ!
പിന്നീട് സിദ്ദിഖ്-ലാൽ ചിത്രങ്ങളിലെ സ്ഥിരം സംഗീതസംവിധായകനായി ബാലകൃഷ്ണൻ.
ഇൻ ഹരിഹർ നഗർ , വിയറ്റ്നാംകോളനി , ഗോഡ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലൂടെ ഒട്ടേറെ മധുരഗാനങ്ങൾ മലയാളചലച്ചിത്ര വേദിക്ക് ഇദ്ദേഹം സംഭാവന ചെയ്യുകയുണ്ടായി..
“ഉന്നം മറന്നു തെന്നി പറന്ന് ..” (ഇൻ ഹരിഹർ നഗർ – രചന ബിച്ചു തിരുമല – ആലാപനം എം ജി ശ്രീകുമാർ )
” ഏകാന്തചന്ദ്രികേ … ” (രചന ബിച്ചു തിരുമല – ആലാപനം എം ജി ശ്രീകുമാർ – ഉണ്ണിമേനോൻ ചിത്രം ഇൻ ഹരിഹർ നഗർ)
“പൂക്കാലം വന്നു പൂക്കാലം ..”( ഗോഡ്ഫാദർ – രചന ബിച്ചു തിരുമല – ആലാപനം ഉണ്ണിമേനോൻ , ചിത്ര )
“മന്ത്രികൊച്ചമ്മ വരുന്നുണ്ടേ …”( ചിത്രം :ഗോഡ്ഫാദർ – രചന ബിച്ചു തിരുമല – ആലാപനം മാർക്കോസ് , ജോളി എബ്രഹാം )
“.നീർപ്പളുങ്കുകൾ ചിതറി വീഴുമീ … (ചിത്രം ഗോഡ്ഫാദർ – രചന ബിച്ചു തിരുമല – സംഗീതം എം ജി ശ്രീകുമാർ )
“പവനരച്ചെഴുതുന്നു കോലങ്ങളായി … “( ചിത്രം വിയറ്റ്നാം കോളനി – രചന ബിച്ചു തിരുമല – ആലാപനം സുജാത മോഹൻ , കല്യാണി മേനോൻ )
” പാതിരാവായി നേരം … “ (ചിത്രം വിയറ്റ്നാം കോളനി – രചന ബിച്ചു തിരുമല – ആലാപനം മിൻമിനി )
എന്നീ ഗാനങ്ങളെല്ലാം 90 -കളിൽ മലയാള ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കിയവയാണ് .
2009 ജനവരി 17 ന് ഈ ലോകത്തോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞ എസ് ബാലകൃഷ്ണന്റെ ഓർമ്മദിനമാണിന്ന്…
പ്രണാമം….
—————————————————————–
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക