സതീഷ് കുമാർ വിശാഖപട്ടണം
കേരളത്തിലെ വിപ്ലവനാടക പ്രസ്ഥാനത്തിന്റെ കുലപതിയാണ് തോപ്പിൽ ഭാസി. ശൂരനാട് കേസിൽ പ്രതിയായി ഒളിവിൽ കഴിയുമ്പോഴാണ് അദ്ദേഹം “സോമൻ ” എന്ന തൂലികാനാമത്തിൽ പ്രസിദ്ധമായ “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകം രചിക്കുന്നത്.
എൻ രാജഗോപാലൻ നായരും ജി ജനാർദ്ദനകുറുപ്പും ചേർന്ന് സംവിധാനം ചെയ്ത ഈ നാടകം ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയേറ്ററിൽ 1952 ഡിസംബർ 6-നാണ് കറ കളഞ്ഞ കമ്മ്യൂണിസ്റ്റും രമണൻ , കളിത്തോഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും സംവിധായകനുമൊക്കെയായ എടത്തിരുത്തി സ്വദേശി ഡി എം പൊറ്റേക്കാട് ഉദ്ഘാടനം ചെയ്തത് …
ഈ സാഹിത്യ സൃഷ്ടി കേരളത്തിലെ കലാസാഹിത്യസാംസ്ക്കാരിക രാഷ്ട്രീയരംഗങ്ങളിൽ ഉണ്ടാക്കിയ പ്രകമ്പനം ചെറുതായിരുന്നില്ല. പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ” നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകമായിരുന്നു കേരളത്തിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് അധികാരത്തിൽ എത്താനുള്ള അരങ്ങൊരുക്കിയത്…
കെ. പി. എ .സി .ക്കു വേണ്ടി ഒട്ടേറെ നാടകങ്ങൾ എഴുതിയ തോപ്പിൽ ഭാസി പിന്നീട് സിനിമാ രംഗത്തും സജീവമായി. 16 സിനിമകൾ സംവിധാനം ചെയ്യുകയും നൂറിലേറെ സിനിമകൾക്ക് തിരക്കഥ എഴുതുകയും ചെയ്ത തോപ്പിൽഭാസിയുടെ ഒട്ടുമിക്ക നാടകങ്ങളും ചലച്ചിത്രങ്ങളായിട്ടുണ്ട്.
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന്റേയും സാധാരണക്കാരന്റേയും വിമോചന പോരാട്ടങ്ങളുടെ കഥകളായിരുന്നു അദ്ദേഹത്തിന്റെ ഒട്ടുമിക്ക സാഹിത്യ സൃഷ്ടികളും സാമൂഹിക മാറ്റത്തിനു വേണ്ടി ദാഹിക്കുന്ന ഒരു പോരാളിയുടെ ഉൾത്തുടിപ്പുകൾ ആ രചനകളിൽ എന്നും പ്രതിഫലിച്ചിരുന്നു. ഭാസിയുടെ നാടകങ്ങൾ നൽകിയ ഊർജ്ജത്തിലൂടെയാണ് നമ്മൾ ഇന്നു കാണുന്ന നവോത്ഥാന കേരളം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത്.
ജീവിതഗന്ധികളായ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങളെ ഒന്ന് ഓർക്കുന്നത് ആസ്വാദ്യകരമായ ഒരു അനുഭവം ആയിരിക്കുമെന്ന് കരുതട്ടെ .
“ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു …
“എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തു…
“സ്വർഗ്ഗ ഗായികേ ഇതിലെ ഇതിലെ…
“പുലരാറായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ ….. (എല്ലാ ഗാനങ്ങളും മൂലധനം)
“അമ്പലപ്പറമ്പിലെ ആരാമത്തിലെ ….
“കൊതുമ്പുവള്ളം തുഴഞ്ഞു വരും കൊച്ചു പുലക്കള്ളി ….
“പല്ലനയാറിൻ തീരത്തിൽ പത്മ പരാഗകുടീരത്തിൽ ….
“എല്ലാരും പാടത്ത് സ്വർണ്ണം വിതച്ചൂ …. (എല്ലാ ഗാനങ്ങളും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി )
“പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ലാ…
“മേലെ മാനത്തു നീലപ്പുലയിക്ക് മഴ പെയ്താൽ ചോരുന്ന വീട്…
“തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി …. (എല്ലാ ഗാനങ്ങളും കൂട്ടുകുടുംബം )
“ശാരികേ ശാരികേ സിന്ധു ഗംഗാനദി …..
“ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ …..
“മുഖം മനസ്സിന്റെ കണ്ണാടി ….
“നീലാംബരമേ
താരാപഥമേ …. (എല്ലാ ഗാനങ്ങളും ശരശയ്യ )
“ഏഴു സുന്ദര രാത്രികൾ ….
“ഒരിടത്തു ജനനം ഒരിടത്തു മരണം …
“കറുത്ത ചക്രവാള മതിലുകൾ ചൂഴും ….. (എല്ലാ ഗാനങ്ങളും അശ്വമേധം.)
“കാറ്റടിച്ചു കൊടും കാറ്റടിച്ചു…..
“ഭൂമിദേവി പുഷ്പിണിയായി…..
“തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ലാ….. (എല്ലാ ഗാനങ്ങളും തുലാഭാരം) തുടങ്ങി എത്രയോ മനോഹര ഗാനങ്ങളാണ് തോപ്പിൽഭാസിയുടെ ചലച്ചിത്രമാക്കപ്പെട്ട നാടകങ്ങളിലൂടേയും കഥകളിലൂടേയും മലയാളികളുടെ മനസ്സിൽ ചുമർ ചിത്രങ്ങൾ പോലെ പതിഞ്ഞു കിടക്കുന്നത്.