ഇലഞ്ഞിപ്പൂമണം ഒഴുകി വന്നപ്പോൾ …

സതീഷ് കുമാർ
വിശാഖപട്ടണം

ലോകപ്രശസ്ത ടൂത്ത്പേസ്റ്റ് “കോളിനോസി “ന്റെ പരസ്യചിത്രങ്ങൾ പലരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ …?

നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന പല്ലുകൾ കാട്ടി ചിരിക്കുന്ന
ആ പരസ്യത്തിൽ നിന്നാണ് ഈ ഉൽപ്പന്നം വിപണി പിടിച്ചെടുത്തത്…

എഴുപതുകളിൽ മലയാള ചലച്ചിത്രരംഗത്തെത്തിയ ഒരു ചെറുപ്പക്കാരനെ “കോളിനോസ് പുഞ്ചിരിയുള്ള നടൻ “എന്നാണ് അന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. ശശികുമാർ സംവിധാനം ചെയ്ത “റസ്റ്റ് ഹൗസ് ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത ആ നടനാണ് വിൻസെന്റ്.

Vincent (actor) - Wikipedia

പ്രേംനസീർ , മധു തുടങ്ങിയ മധ്യവയസ്സ് കഴിഞ്ഞ നായകന്മാരുടെ ഇടയിലേക്കാണ് ചെറുപ്പക്കാരനും സുമുഖനുമായ വിൻസെൻറ് എന്ന നടൻ തന്റെ കോളിനോസ് പുഞ്ചിരിയുമായ് എത്തിച്ചേരുന്നത്.
ഉപനായകവേഷങ്ങളിൽ നിന്നും വളരെ പെട്ടെന്നായിരുന്നു നായകവേഷത്തിലേക്കുള്ള വിൻസെന്റിന്റെ കുതിച്ചുകയറ്റം …

സ്വപ്നങ്ങൾ, മധുവിധു എന്നീ ചിത്രങ്ങളിലെ നായകവേഷം വിൻസെന്റിനെ തിരക്കുള്ള നടനാക്കി മാറ്റി. യുവതികളുടേയും അക്കാലത്തെ ചില നായികമാരുടേയും പ്രേമഭാജനമായിരുന്നു മലയാളത്തിലെ ആദ്യ
ജെയിംസ് ബോണ്ട് എന്നറിയപ്പെട്ടിരുന്ന ഈ നടൻ . മലയാള സിനിമയിലെ ഒരു പ്രമുഖ നായിക തന്റെ നായകനായി വിൻസെന്റിനെയാണ് പല നിർമ്മാതാക്കൾക്കും സംവിധായകർക്കും ശുപാർശ ചെയ്തിരുന്നുത്…

പിൽക്കാലത്ത് ഇന്ത്യൻ സിനിമയിലെ താരറാണിയായി ഉയർന്ന ശ്രീദേവിയുടെ ആദ്യകാല നായകൻ വിൻസെന്റായിരുന്നു .

ഐ വി ശശി സംവിധാനം ചെയ്ത “ആലിംഗനം ” എന്ന ചിത്രം പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ.

പ്രേംനസീർ വില്ലനായി അഭിനയിച്ച “അഴകുള്ള സെലീന ” എന്ന ചിത്രത്തിൽ വിൻസെന്റായിരുന്നു നായകൻ. പ്രേംനസീറിന്റെ സുഹൃത്തായും അനിയനായും പ്രേക്ഷകർ കാണാൻ കൊതിച്ചത് വിൻസെന്റ് എന്ന സുന്ദര നടനെയായിരുന്നു.

1970 മുതൽ 85 വരെ ഏതാണ്ട് ഒന്നര ദശാബ്ദത്തോളം മാത്രം മലയാളസിനിമയിൽ നായകവേഷങ്ങളിൽ തിളങ്ങിനിന്ന വിൻസെന്റിന്റെ മുഖശ്രീയിലൂടെ മിന്നിമറഞ്ഞ ഗാനരംഗങ്ങൾ നിരവധിയാണ്.

“ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു …( അയൽക്കാരി, രചന ശ്രീകുമാരൻ തമ്പി, സംഗീതം ദേവരാജൻ, ആലാപനം യേശുദാസ് )

“ഒരു നിമിഷം തരൂ നിന്നിലലിയാൻ …..(സിന്ദൂരം, രചന സത്യൻ അന്തിക്കാട്, സംഗീതം
എ ടി ഉമ്മർ , ആലാപനം യേശുദാസ്)

“പാലരുവി കരയിൽ … (പത്മവ്യൂഹം രചന ശ്രീകുമാരൻ തമ്പി, സംഗീതം അർജ്ജുനൻ, ആലാപനം യേശുദാസ്)

” അമ്പിളി വിടരും പൊന്മാനം പൈങ്കിളി പാടും മലയോരം ….
(കാട്, രചന ശ്രീകുമാരൻ തമ്പി , സംഗീതം വേദ് പാൽവർമ്മ ആലാപനം യേശുദാസ് , എസ് ജാനകി )

” ആദ്യ സമാഗമ
ലജ്ജയിലാതിരാതാരകം കണ്ണടയ്ക്കുമ്പോൾ ….
( ഉത്സവം, രചന പൂവച്ചൽ ഖാദർ സംഗീതം എ ടി ഉമ്മർ , ആലാപനം യേശുദാസ് , എസ് ജാനകി .)

“മരാളികേ മരാളികേ….
( അഴകുള്ള സെലീന, രചന വയലാർ, സംഗീതം യേശുദാസ് , ആലാപനം യേശുദാസ്)

“വാകപ്പൂമരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ …. ( അനുഭവം രചന ബിച്ചു തിരുമല, സംഗീതം
എ ടി ഉമ്മർ , ആലാപനം യേശുദാസ് . )

“ദേവി നിൻ ചിരിയിൽ കുളിരോ പാലൊളിയോ …. (രാജപരമ്പര രചന അപ്പൻ തച്ചേത്ത് സംഗീതം
എ ടി ഉമ്മർ , ആലാപനം യേശുദാസ് .)

“സ്വപ്നഗന്ധി പുഷ്പഗന്ധി …. ( അഴകുള്ള സെലീന, രചന വയലാർ സംഗീതം യേശുദാസ് , ആലാപനം
യേശുദാസ്, ബി വസന്ത )

“സ്വർഗ്ഗസാഗരത്തിൽ നിന്നും സ്വപ്നസാഗരത്തിൽ വീണ … (മനുഷ്യപുത്രൻ , രചന വയലാർ, സംഗീതം ദേവരാജൻ , ആലാപനം യേശുദാസ് )

“സൂര്യനും ചന്ദ്രനും പണ്ടൊരു കാലം… ചൂതുകളിക്കാനിരുന്നു ….
(പഞ്ചവടി -ശ്രീകുമാരൻ തമ്പി –
എം കെ അർജുനൻ -ജയചന്ദ്രൻ)

“പ്രിയേ നിനക്കുവേണ്ടി
നിറച്ചു ഞാനെന്റെ ഹൃദയമധുപാത്രം…
(കണ്ടവരുണ്ടോ ശ്രീകുമാരൻ തമ്പി- ആർ കെ ശേഖർ – ജയചന്ദ്രൻ )

“സന്ധ്യതൻ കവിൾ തുടുത്തു …(രാജാങ്കണം അപ്പൻ തച്ചേത്ത് -എം കെ അർജുനൻ –
(ജയചന്ദ്രൻ അമ്പിളി)

” നക്ഷത്രമണ്ഡലനട തുറന്നു
നന്ദനവാടിക മലർ ചൊരിഞ്ഞു… (പഞ്ചവടി -ശ്രീകുമാരൻ തമ്പി- അർജുനൻ -ജയചന്ദ്രൻ )

തുടങ്ങിയ അതിസുന്ദര ഗാനങ്ങളെല്ലാം വിൻസെന്റ് അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് കേരളീയർ നെഞ്ചിലേറ്റിയത്.

Sridevi: Sridevi in the Malayalam film Angikaram (1977) aka Angeekaaram

1936 നവംബർ 15-ന് ജനിച്ച വിൻസെന്റിന്റെ ജന്മവാർഷിക ദിനത്തിൽ , അകാലത്തിൽ അരങ്ങൊഴിഞ്ഞു പോയ ഈ നടനിലൂടെ മലയാളികളുടെ ഒട്ടേറെ ഇഷ്ടഗാനങ്ങൾ ഇന്നും അനശ്വരമായി നിലനിൽക്കുന്നു എന്നുള്ള കാര്യം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തട്ടെ !
——————————————————–

( സതീഷ് കുമാർ 9030758774 )