സതീഷ് കുമാർ
വിശാഖപട്ടണം
1940 – ലാണ് ശ്യാമള പിക്ച്ചേഴ്സിന്റെ ബാനറിൽ “ജ്ഞാനാംബിക ” എന്ന മലയാള ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ആദ്യചിത്രമായ ബാലന് പിന്നാലെ രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ്
ഈ ചിത്രം പുറത്തിറങ്ങന്നത്.സ്ഥിരമായി തമിഴ് ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്ന മദ്രാസിലെ അണ്ണാമലചെട്ടിയാരായിരുന്നു “ജ്ഞാനാംബിക ” യുടെ നിർമാതാവ്. ഏറെ പ്രശസ്തമായ ശ്യാമള സ്റ്റുഡിയോയുടെ ഉടമയാണ് ഇദ്ദേഹം.
ബാലൻ സംവിധാനം ചെയ്ത എസ് നൊട്ടാണി എന്ന പാഴ്സി തന്നെ ഈ ചിത്രത്തിന്റേയും സംവിധായകനായി എത്തി.
സി മാധവൻ പിള്ളയായിരുന്നു ജ്ഞാനാംബികയുടെ കഥാകൃത്ത് .സിനിമയ്ക്കുവേണ്ടി സംഭാഷണങ്ങൾ എഴുതിയത് മുതുകുളം രാഘവൻപിള്ളയും .അക്കാലത്തെ പ്രശസ്ത കവിയായിരുന്ന പുത്തൻകാവ് മാത്തൻ തരകൻ ഈ ചിത്രത്തിനുവേണ്ടി 14 ഗാനങ്ങൾ എഴുതുകയുണ്ടായി.
ഹിന്ദി ഗാനങ്ങളുടേയും തമിഴ് ഗാനങ്ങളുടേയും ഈണങ്ങളിൽ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ടി കെ ജയരാമനായിരുന്നു. മലയാള സംഗീതനാടകരംഗത്ത് ഏറെ പ്രശസ്തനായ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ സിനിമയിലേക്കുള്ള രംഗപ്രവേശവും ഈ ചിത്രത്തിലൂടെയായിരുന്നു. പിന്നണി ഗാനസമ്പ്രദായം നിലവിൽ വന്നിട്ടില്ലാതിരുന്ന ആ കാലത്ത് നടീനടന്മാർ തന്നെയാണ് അവരവരുടെ കഥാപാത്രങ്ങൾക്കായുള്ള ഗാനങ്ങൾ ആലപിച്ചിരുന്നത്.അതുകൊണ്ടുതന്നെ അക്കാലത്തെ നടീനടന്മാർക്ക് അഭിനയം മാത്രം പോരാ, സംഗീതവാസനയും വളരെ നിർബ്ബന്ധമായിരുന്നു.
ജ്ഞാനാംബികയിലെ “കഥയിത് കേൾക്കൂ ….”എന്ന ഗാനരംഗത്താണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ പാടി അഭിനയിച്ചത് …
https://youtu.be/4o1jMn1ndr0
നാടകനടിയായിരുന്ന മാവേലിക്കര സി കെ രാജമായിരുന്നു ചിത്രത്തിലെ നായിക.
“പ്രിയചന്ദ്ര മമചന്ദ്ര…എന്ന ഗാനരംഗത്ത് ഇവർ പാടി അഭിനയിച്ചതോടെ കാണികളുടെ ആരാധനാപാത്രമായി മാറി ഈ നടി…
കൂടാതെ പികെ കമലാക്ഷി എന്ന അക്കാലത്തെ പ്രശസ്തയായ ഒരു നാടകനടി കൂടി ഈ ചിത്രത്തിൽ “മായാരചിതം …..”
എന്ന ഗാനം ആലപിച്ചിട്ടുണ്ട്. മാവേലിക്കര എൽ പൊന്നമ്മയാണ് ജ്ഞാനാംബികയിൽ പാടിയ മറ്റൊരു ഗായിക.
“ജീവിതേശ്വരനേ…. എന്ന ഗാനരംഗത്ത് ഇവർ പാടുകയും അഭിനയിക്കുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ മുഹമ്മ സ്വദേശിനിയായ ടി ഐ റോസ് ആണ് ജ്ഞാനാംബികയിൽ പാടിയ മറ്റൊരു ഗായിക.
” കൃഷ്ണ കൃഷ്ണ …എന്ന ഗാനമാണ് ഇവരുടെ സംഭാവന .
ഒന്നോ രണ്ടോ കൊല്ലങ്ങളുടെ ഇടവേളകളിലാണ് അക്കാലത്ത് ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങിയിരുന്നത്.
ജ്ഞാനാംബിക പുറത്തിറങ്ങി ഒരു വർഷം കഴിഞ്ഞാണ് “പ്രഹ്ലാദ “എന്ന ചിത്രം വരുന്നത് .മലയാളത്തിലെ ആദ്യ പുണ്യപുരാണ ചിത്രം എന്ന് വേണമെങ്കിൽ”പ്രഹ്ലാദ “യെ വിശേഷിപ്പിക്കാം.
പാപനാശത്ത് പോയി ഭജനമിരുന്നതിനു് ശേഷം തമിഴിൽ ഒട്ടേറെ കീർത്തനങ്ങൾ രചിച്ച വാഗ്ഗേയകാരനായ പാപനാശം ശിവനും ഈ ചിത്രത്തിൽ പാടിയിരുന്നു. ഏതാനും തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പാപനാശം ശിവൻ” ഇതിലുമെന്തുപരി ഭാഗ്യം ….”എന്ന ഗാനമാണ് മലയാളത്തിൽ പാടിയത് .
കൂടാതെ തമിഴ് സിനിമകളിലെ ഗായകനായ വി എ ചെല്ലപ്പയും” പ്രഹ്ളാദ ” യിൽ” ശ്രീരാമവർമ്മ മഹാരാജാ ….”
എന്നൊരു ഗാനം ആലപിച്ചതായി അറിയുന്നു.”ഗുരുകുലമതിലങ്ങേകാന്തത്തിൽ ….” എന്ന ഗാനമാലപിച്ച തിരുവനന്തപുരം വി ലക്ഷ്മിയാണ് ഈ ചിത്രത്തിൽ പാടി അഭിനയിച്ച മറ്റൊരു താരം.
24 ഗാനങ്ങൾ പ്രഹ്ലാദായയിൽ ഉണ്ടായിരുന്നതായിട്ടാണ് അറിവ് … മറ്റു ഗാനരംഗങ്ങളിൽ പാടിയവരെ കുറിച്ചും അഭിനയിച്ചവരെ കുറിച്ചും പല അന്വേഷണങ്ങളും നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായില്ല.
ഈ പാട്ടുകൾ ഒന്നും പ്രചാരത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് ആദ്യകാല സംഭാവനകൾ നൽകിയ സംഗീതപ്രതിഭകളെ നമ്മൾ ഓർമിക്കേണ്ടതാണല്ലോ ….
പ്രഹ്ലാദയ്ക്കുശേഷം പിന്നീട് ഏഴു വർഷക്കാലം മലയാളത്തിൽ സിനിമകളൊന്നും നിർമ്മിക്കപ്പെട്ടില്ല. 1948-ൽ “നിർമ്മല ” എന്ന ചലച്ചിത്രം പുറത്ത് വന്നപ്പോൾ മലയാള സിനിമയിൽ ആദ്യമായി പിന്നണി ഗാനസമ്പ്രദായം നിലവിൽ വന്നു …ആ സബ്രദായം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു …
———————————————————–
( സതീഷ് കുമാർ 9030758774)