സതീഷ് കുമാർ വിശാഖപട്ടണം
വൈക്കം മുഹമ്മദ് ബഷീറിന്റെ “നീലവെളിച്ചം ” എന്ന ചെറുകഥ ചന്ദ്രതാരാ പ്രൊഡക്ഷനു വേണ്ടി 1964-ലാണ് ടി.കെ. പരീക്കുട്ടി ചലച്ചിത്രമാക്കുന്നത് .
“ഭാർഗ്ഗവിനിലയം”എന്ന പേരിൽ പുറത്തുവന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ പ്രേതകഥ കൂടിയായിരുന്നു.. വെള്ളസാരിയിൽ പാദസരം കിലുക്കിയെത്തിയ ഈ പ്രേതത്തിന്റെ എത്രയോ പ്രേതങ്ങളാണ് പിന്നീട് മലയാളസിനിമകളിൽ നിറഞ്ഞാടിയത്..
വിൻസെന്റ് എന്ന ക്യാമറാമാൻ സംവിധായകനാകുന്നതും ഈ ചലച്ചിത്രത്തിലൂടെയാണ്. പ്രേംനസീർ ,മധു , പി ജെ ആൻറണി ,വിജയനിർമ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ .
കോഴിക്കോട് സ്വദേശിയായ പത്മദളാക്ഷൻ എന്ന യുവാവ് ഈ ചിത്രത്തിൽ “കുതിരവട്ടം പപ്പു ” എന്ന വേഷത്തിൽ അഭിനയിച്ചതിനു ശേഷം പിന്നീട് ജീവിതകാലം മുഴുവൻ “കുതിരവട്ടം പപ്പു ” എന്ന പേരിലാണ് അദ്ദേഹം മലയാള സിനിമയിൽ അറിയപ്പെട്ടത്. വിജയനിർമ്മല എന്ന തെലുങ്ക് നടി മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാർഗ്ഗവിനിലയം.
വർഷങ്ങൾക്കു ശേഷം “കവിത” എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് വിജയനിർമ്മല മലയാളത്തിലെ ആദ്യത്തെ വനിത സംവിധായകയായി ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടി.
മാത്രമല്ല 46 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിത എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കാർഡ്സിൽ ഇവർ ഇടം കണ്ടെത്തുകയും ചെയ്തു.
( ഹൈദരാബാദിൽ ഉണ്ടായിരുന്ന ഒരു ചെറിയ കാലയളവിൽ വിജയനിർമ്മല ഈ ലേഖകന് നേരിട്ട് ഒരു ഇന്റർവ്യൂ അനുവദിക്കുകയും ആ ഇന്റർവ്യൂ മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്ന കാര്യം ഈ അവസരത്തിൽ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. )
പി ഭാസ്കരനും ബാബുരാജുമായിരുന്നു ഭാർഗ്ഗവീനിലയത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തത്.മലയാളത്തിലെ ആദ്യത്തെ ഗസൽ എന്നറിയപ്പെടുന്ന “താമസമെന്തേ വരുവാൻ ….”
എന്ന പ്രശസ്തഗാനമായിരുന്നു ഭാർഗ്ഗവിനിലയത്തിന്റെ ഏറ്റവും വലിയ ആകർഷണം.
https://www.youtube.com/@ganavasantham3208
ഈ ഗാനാലാപനം കേട്ട് വിസ്മയിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ജ്ഞാനപീഠജേതാവുമായ
ജി ശങ്കരക്കുറുപ്പാണ് യേശുദാസിനെ ആദ്യമായി
“ഗാനഗന്ധർവ്വൻ “എന്ന് വിശേഷിപ്പിക്കുന്നത്…
ചിത്രത്തിലെ മറ്റൊരു സുന്ദരഗാനമായ
” ഏകാന്തതയുടെ അപാരതീരം ……”
എന്ന ഗാനത്തിന്റെ പല്ലവി
കഥാകൃത്തായ വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ് എഴുതിയതത്രെ…
ബാക്കി വരികൾ പി ഭാസ്കരൻ പൂർത്തിയാക്കുകയായിരുന്നു…
“അറബിക്കടലൊരു മണവാളൻ കരയോ നല്ലൊരു മണവാട്ടി … (യേശുദാസ് , സുശീല )
“ഏകാന്തതയുടെ അപാരതീരം … (കമുകറ പുരുഷോത്തമൻ ) “വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവുകണ്ടു … (ജാനകി)
“പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു പട്ടുനൂലൂഞ്ഞാല് കെട്ടി ….” (ജാനകി)
https://www.youtube.com/hashtag/nithyaharithaganangal
” അനുരാഗ മധുചഷകം അറിയാതെ മോന്തി വന്ന …
( ജാനകി )
“പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു പട്ടുനൂലൂഞ്ഞാല് കെട്ടി ഞാൻ … (ജാനകി )
എന്നിവയെല്ലാമായിരുന്നു “ഭാർഗ്ഗവിനിലയ” ത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ
1964 നവംബർ 22ന് വെള്ളിത്തിരയിലെത്തിയ “ഭാർഗ്ഗവിനിലയം ” ഇന്ന് അറുപതാം വർഷത്തിലേക്ക് കടക്കുകയാണ് .
അടുത്തകാലത്ത് ഈ ചലച്ചിത്രം “നീലവെളിച്ചം ” എന്ന പേരിൽ ആഷിക് അബുവിന്റെ സംവിധാനത്തിൽ വീണ്ടും വെള്ളിത്തിരകളിലെത്തി
മലയാളത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന പല പഴയ ചലച്ചിത്രങ്ങളും വീണ്ടും പുനരാവിഷ്കരിക്കപ്പെട്ടപ്പോൾ പരാജയം സംഭവിച്ച ചരിത്രമാണുള്ളതെങ്കിൽ,
“നീലവിളിച്ചം ” തരക്കേടില്ലാത്ത വിജയം കൈവരിച്ചു.
ഇതിന്റെ പ്രധാന കാരണം ഭാർഗ്ഗവിനിലയത്തിലെ പി ഭാസ്കരൻ – ബാബുരാജ് കൂട്ടുകെട്ടിൽ പിറന്ന അനശ്വരഗാനങ്ങൾ അതേപടി നീലവിളിച്ചത്തിൽ ഉൾപ്പെടുത്തി എന്നതാകാമെന്ന് തോന്നുന്നു.
മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ല് എന്നാണ് ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും വിശേഷിപ്പിക്കപ്പെടുന്നത് …
——————————————————————————
( സതീഷ് കുമാർ: 9030758774 )
Post Views: 404