സതീഷ് കുമാർ വിശാഖപട്ടണം
താരകാസുരൻ തപസ്സുചെയ്ത് ബ്രഹ്മാവിൽ നിന്നും നേടിയ പ്രധാന വരം ശിവപുത്രനാൽ മാത്രമേ തന്റെ മരണം സംഭവിക്കുകയുള്ളൂ എന്നായിരുന്നു …
വരത്തിന്റെ ശക്തിയാൽ താരകാസുരൻ സ്വർഗ്ഗലോകം കീഴടക്കുന്നു …
ദേവലോകത്തു നിന്നും പുറത്തായ ഇന്ദ്രനും ദേവന്മാരും അവസാനം വിഷ്ണുവിനെ അഭയം പ്രാപിച്ചു. പരമശിവനെ തപസ്സിൽ നിന്നുണർത്തി പാർവ്വതി പരിണയം നടന്നാൽ മാത്രമേ ഒരു പുത്രജനനം സാധ്യമാവുകയുള്ളൂ എന്നറിഞ്ഞ ദേവന്മാർ അതിനുള്ള പരിശ്രമം തുടങ്ങി ..
ദേവന്മാരുടെ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണമയച്ച് ശിവന്റെ തപസ്സിനു ഭംഗം വരുത്തി …കോപാകുലനായ ശിവൻ കാമദേവനെ തന്റെ തൃക്കണ്ണ് തുറന്ന് ദഹിപ്പിച്ചെങ്കിലും , പാർവ്വതിയുടെ അപ്സര സൗന്ദര്യത്തിൽ പരമശിവൻ അനുരാഗ വിവശനായി …
ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിന്റെ സന്തോഷത്തിൽ പാർവ്വതീദേവി കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും ഊഞ്ഞാലാടിയും ആനന്ദിച്ചതിന്റെ ഓർമ്മയ്ക്കായാണ് മലയാളി മങ്കമാർ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം…
അതിരാവിലെ കുളത്തിൽപ്പോയി തിരുവാതിരപ്പാട്ട് പാടി കുളിച്ച് , കുളക്കരയിൽ വെച്ചു തന്നെ പൊട്ടുതൊട്ട്, ദശപുഷ്പം ചൂടുന്നു. കറുക, കൈയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, തിരുതാളി, മുയൽച്ചെവി, കൃഷ്ണക്രാന്തി, പൂവാം കുരുന്നില, എന്നിവയാണ് ദശപുഷ്പങ്ങൾ….
തിരുവാതിര വ്രതം എടുക്കുന്നവർ പ്രധാനമായും കഴിക്കുന്ന വിഭവങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ കൊണ്ട് ഉണ്ടാക്കുന്നവയാണ്.
കാച്ചിൽ, കൂർക്ക, ചേന, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വെട്ടുചേമ്പ്, എന്നിവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ്.
ഏഴരവെളുപ്പിന് ഉണർന്ന് കുളിച്ച് വിളക്ക് കത്തിച്ചുകൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്.
കന്യകമാരുടേയും മംഗല്യവതികളായ സ്ത്രീകളുടെയും ഉത്സവമാണ് തിരുവാതിര. തിരുവാതിരക്ക് പത്തുനാൾ മുമ്പേ സ്ത്രീകൾ വ്രതാനുഷ്ഠനങ്ങൾ ആരംഭിക്കും. ബ്രാഹ്മമുഹൂർത്തത്തിൽ സ്ത്രീകൾ അടുത്തുള്ള പുഴയിൽ പോയി ഉണർത്തുപാട്ടു പാടി, ഗംഗയെ ഉണർത്തി തുടിച്ചു കുളിക്കുന്നു. തുടിയും കുളിയും തിരുവാതിരയുടെ ഒരു പ്രധാന ചടങ്ങാണ്.
വെള്ളം തട്ടിത്തെറിപ്പിച്ച് പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നതിനെയാണ് തുടി എന്ന് പറയുന്നത്. പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച്, നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ട് കുറിയിട്ട് കുങ്കുമം കൊണ്ട് മംഗല്യതിലകം ചാർത്തുന്നു ….
തിരുവാതിരക്കളി സുന്ദരികളായ വനിതകളുടെ സംഘനൃത്തമാണ് …ഓണത്തിനും തിരുവാതിരനാളിലും ശിവക്ഷേത്രങ്ങളിലും വീട്ടുമുറ്റത്തും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്.
മലയാളത്തിലെ ഒട്ടേറെ ചലച്ചിത്രങ്ങളിൽ തിരുവാതിരയും തിരുവാതിരപ്പാട്ടും തിരുവാതിരക്കളിയുമെല്ലാം വളരെ മനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് …
അവയുടെ ലാസ്യ ലാവണ്യ ഭാവങ്ങളിലൂടെ നമുക്കൊന്നു കണ്ണോടിക്കാം …
https://youtu.be/yiBfVKP_st8?t=21
“ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത് …”
(ചിത്രം: മായ – ഗാനരചന ശ്രീകുമാരൻ തമ്പി – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം പി ലീലയും സംഘവും )
“കോവലനും കണ്ണകിയും
പ്രേമമോടെ തമ്മിൽ
ചോളനാട്ടിൽ യൗവനത്തിൻ
തേൻ നുകർന്നേ വാണു ….”
(ചിത്രം ആകാശഗംഗ –
രചന എസ് രമേശൻ നായർ –
സംഗീതം ബേബി ഇഗ്നേഷ്യസ് –
ആലാപനം കെ എസ് ചിത്ര)
“പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണന്‍
പഞ്ചശരരൂപന്‍ കൃഷ്ണന്‍
പണ്ടൊരുനാള്‍ കാളിന്ദിതന്‍ കരയിലെത്തി
ശ്രീപദങ്ങള്‍ കിലുങ്ങാതെ നൂപുരങ്ങളനങ്ങാതെ
ഗോപസ്ത്രീകള്‍ നീരാടുന്ന കടവിലെത്തി …..”
(ചിത്രം ഏണിപ്പടികൾ -ഗാനരചന വയലാർ രാമവർമ്മ -സംഗീതം ദേവരാജൻ – ആലാപനം
പി ലീലയും സംഘവും )
“സന്തതം സുമശരൻ സായകം അയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു
മാനസം കുഴങ്ങീടുന്നു
രാഗലോലൻ രമാകാന്തൻ നിൻ
മനോരഥമേറി
രാസകേളീനികുഞ്ജത്തിൽ വന്നുചേരും
നേരമായി …”
(ചിത്രം ആറാം തമ്പുരാൻ – ഗാനരചന ഗിരീഷ് പുത്തഞ്ചേരി- സംഗീതം രവീന്ദ്രൻ – ആലാപനം സുജാത മോഹൻ , മഞ്ജു )
“നീലാഞ്ജനം നിന്‍ മിഴിയിതളില്‍ കണ്ണാ
നീലോല്പലം പൂവല്‍ തിരുമേനിയില്‍
ഗോരോചനം നിൻ
തുളുനെറ്റിയില്‍ കണ്ണാ
ഗോമേദകം പീലിച്ചുരുള്‍മുടിയില്‍
ചഞ്ചലമഞ്ജുള ശ്യാമളരൂപം
എന്നുമുള്ളിലാടിപ്പാടി
കാണികാണാനായ് കൃപയേകണം
നീലാഞ്ജനം നിന്‍ മിഴിയിതളില്‍ കണ്ണാ
നീലോല്പലം പൂവല്‍ തിരുമേനിയില്‍….
(ചിത്രം അനുഭൂതി ഗാനരചന
എം ഡി രാജേന്ദ്രൻ – സംഗീതം ശ്യാം – ആലാപനം
സുജാത മോഹനും സംഘവും )
“ശൃംഗാരരൂപിണീ ശ്രീപാര്‍വതീ
സഖിമാരുമൊരുമിച്ചു പള്ളിനീരാട്ടിനു
ധനുമാസപൊയ്കയിലിറങ്ങീ – ഒരുനാള്‍
ധനുമാസപൊയ്കയില്‍ ഇറങ്ങീ….”
(ചിത്രം പഞ്ചവൻകാട് – ഗാനരചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം പി സുശീല )
https://youtu.be/uLazmiBzQPQ?t=20
“നല്ലോലപ്പൈങ്കിളീ നാരായണക്കിളീ
നാളെയ്ക്കൊരുവട്ടിപ്പൂ വേണം
നാളെയ്ക്കൊരുവട്ടിപ്പൂ വേണം ….”
(ചിത്രം തച്ചോളി ഒതേനൻ –
ഗാനരചന പി ഭാസ്കരൻ –
സംഗീതം ബാബുരാജ് –
ആലാപനം പി ലീലയും സംഘവും )
“പാർവണേന്ദുമുഖി… പാർവതി…
ഗിരീശ്വരന്റെ ചിന്തയിൽ
മുഴുകി വലഞ്ഞൂ
നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം
ശൈലപുത്രിയ്‌ക്കുള്ളിൽ
തെളിഞ്ഞു ….”
(ചിത്രം പരിണയം – ഗാനരചന യൂസഫലി കേച്ചേരി – സംഗീതം ബോംബെ രവി – ആലാപനം
കെ എസ് ചിത്ര )
“പരിണയ ” ത്തിലെ ഈ ഗാനത്തെ കുറിച്ച് എടുത്തു പറയാതിരിക്കാൻ വയ്യ …
കേരളത്തനിമയാർന്ന ഐതിഹ്യങ്ങളിൽ തുടിച്ചുനിൽക്കുന്ന “തിരുവാതിര ” എന്ന മലയാളി മങ്കമാരുടെ തനതു കലാരൂപത്തിന്റെ ഭാവാത്മകത ഒട്ടും ചോർന്നുപോകാതെ കേരളീയ സംസ്കൃതിയുടെ താളബോധത്തോടെ എത്ര സുന്ദരമായാണ് ഈ ഉത്തരേന്ത്യക്കാരൻ നമ്മുടെ പൈതൃകകലയുടെ സാക്ഷാത്ക്കാരത്തിൽ സംഗീതത്തിന്റെ മാന്ത്രിക സ്പർശം നൽകി ആ ഗാനത്തെ ആസ്വാദ്യകരമാക്കിയത് . തിരുവാതിരക്കളിയുടെ താളാത്മകമായ ചുവടുകൾക്ക് ദൃശ്യചാരുത പകർന്നു നൽകിയ
ഇത്ര സുന്ദരമായ ഒരു ഗാനത്തിന് സാക്ഷാത്ക്കാരം നൽകാൻ മലയാളികളായ സംഗീത സംവിധായകർക്കു പോലും കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല…
തിരുവാതിരയുടെ കുളിരുപകരുന്ന ഗാനങ്ങൾ ഇനിയുമുണ്ട് ….
ഈ കുറിപ്പ് ഇനിയും നീണ്ടു പോകാതെ അവസാനിപ്പിക്കേണ്ടതിനാൽ തിരുവാഭരണം ചാർത്തി വിടർന്ന തിരുവാതിര നക്ഷത്രത്തിന് ഈ സുന്ദര ദിനത്തിൽ സ്വാഗതമരുളിക്കൊണ്ട് തൽക്കാലം നിറുത്തട്ടെ ….
———————————————————
സതീഷ് കുമാർ : 9030758774
—————————— —————————— —–