സതീഷ് കുമാർ വിശാഖപട്ടണം
1972-ലാണ് മലയാളസിനിമയെ മൂന്നാമതും പൊന്നണിയിച്ചു കൊണ്ട് എം .ടി . വാസുദേവൻ നായരുടെ “നിർമ്മാല്യം ” എന്ന ചലച്ചിത്രത്തിന് ദേശീയ പുരസ്ക്കാരം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ” പള്ളിവാളും കാൽച്ചിലമ്പും ” എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു നിർമ്മാല്യം.
കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നായിരുന്ന ഒരു വെളിച്ചപ്പാടിന്റെ ജീവിത സംഘർഷങ്ങളുടെ മഹാവിസ്ഫോടനമായിരുന്നു ഈ ക്ലാസിക്ക് ചലച്ചിത്രം.
അതുവരേയ്ക്കും താൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ദേവിയുടെ മുഖത്ത് കാർക്കിച്ചു തുപ്പി ക്കൊണ്ട് ഇന്ത്യൻ സിനിമയിലെന്നല്ല ലോക സിനിമയിൽ തന്നെ അതുവരെ ദർശിക്കാതിരുന്ന ഒരപൂർവ്വക്ലൈമാക്സ് ആയിരുന്നു നിർമ്മാല്യം കാഴ്ചവെച്ചത്. .
ഈ ചിത്രം കണ്ട പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിത്തരിച്ചിരുന്നു പോയി എന്നുള്ളതായിരുന്നു വാസ്തവം. ജാതിമത രാഷ്ട്രീയ ചിന്തകളുടെ അതിപ്രസരം മൂലം ഇന്നാണെങ്കിൽ ഈ ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കാൻ കഴിയുമായിരുന്നോ എന്ന് പലപ്പോഴും മനസ്സ് സന്ദേഹപ്പെട്ടിട്ടുണ്ട്.
നിർമ്മാല്യത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ എം.ടി. ആദ്യം സമീപിച്ചത് ശങ്കരാടിയെയായിരുന്നു. എന്നാൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നേക്കാൾ യോഗ്യൻ നടനവിസ്മയമായ പി.ജെ.ആന്റണിയാണെന്നറിയിച്ചുകൊ ണ്ട് ശങ്കരാടി പിന്മാറുകയാണുണ്ടായത്.
മലയാളത്തിലെ ആദ്യത്തെ “ഭരത് ” അവാർഡ് നേടിയെടുത്തു കൊണ്ട് ശങ്കരാടിയുടെ നീരീക്ഷണം എത്രയോ ശരിയായിരുന്നുവെന്ന് ആന്റണി തെളിയിക്കുകയും ചെയ്തു.
പിൽക്കാലത്ത് നായക നിരയിലേക്കുയർന്നുവന്ന സുകുമാരൻ ,രവി മേനോൻ , കവിയൂർ പൊന്നമ്മ , സുമിത്ര എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രചനയും സംവിധാനവും മാത്രമല്ല ചിത്രം നിർമ്മിച്ചതും എം.ടി. തന്നെയായിരുന്നു.
പ്രശസ്ത കവിയായ ഇടശ്ശേരിയാണ് നിർമ്മാല്യത്തിന് വേണ്ടി ഗാനങ്ങൾ എഴുതിയത്. ഈ ഗാനങ്ങൾ ഇടശ്ശേരി ‘നിർമ്മാല്യ’ത്തിനു വേണ്ടി എഴുതിയതാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ കവിതകൾ സന്ദർഭവശാൽ തിരഞ്ഞെടുത്തതാകാനാണ് വഴി. ഈ ചിത്രത്തിലെ സംഗീത സംവിധാനത്തിന് കെ രാഘവന് സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.
“ശ്രീ മഹാദേവൻ തന്റെ ശ്രീ പുള്ളോർക്കുടം കൊണ്ട് … (ബ്രഹ്മാനന്ദൻ , പത്മിനി )
” സമയമായി സമയമായി… (ബ്രഹ്മാന്ദൻ , അഞ്ജലി )
“തെന്തിനം താരോ തെന്തിനം താരോ മുണ്ടകപ്പാടത്തെ കൊയ്ത്തും തീർന്നേ …. ( ബ്രഹ്മാനന്ദൻ , പത്മിനി , അഞ്ജലി സോമൻ )
“പനിമതിമുഖി ബാലേ …. (പത്മിനി, സുകുമാരിനരേന്ദ്ര മേനോൻ ) എന്നിവയായിരുന്നു നിർമ്മാല്യത്തിലെ ഗ്രാമനൈർമ്മല്യം നിറഞ്ഞ ഗാനങ്ങൾ ..
1973 നവംബർ 23-ന് പുറത്തിറങ്ങിയ ഇന്ത്യൻ സിനിമയിലെ ക്ലാസിക്ക് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന നിർമ്മാല്യം ഗോൾഡൻ ജൂബിലി പൂർത്തിയാക്കിയിരിക്കുന്നു …
ഭാരതീയ ഭാഷകളിൽ കഴിഞ്ഞ എൺപതു വർഷത്തെ ചലച്ചിത്ര സംഭാവനകളിലെ വെള്ളിനക്ഷത്രം തന്നെയായ ഈ ചിത്രം നമ്മുടെ മലയാള നാടിന്റെ സംഭാവനയാണല്ലോ എന്നോർക്കുമ്പോൾ അത് ഏതൊരു മലയാളിക്കും എക്കാലത്തും അഭിമാനിക്കാവുന്നതാണ്.
—————————————————————————————————-
( സതീഷ് കുമാർ 9030758774)
—————————————————————————————————