സതീഷ്കുമാർ വിശാഖപട്ടണം
പുതുമുഖങ്ങളെ മാത്രം അണിനിരത്തിക്കൊണ്ട് ഒരു സിനിമ നിർമ്മിക്കണമെന്ന ആശയം നവോദയ അപ്പച്ചന്റെ മനസ്സിൽ കടന്നു കൂടിയത് 1980 – ലാണ് .
മലയാളികളായ ശങ്കറും രവീന്ദ്രനും അഭിനയിച്ച് തമിഴ്നാട്ടിൽ വൻ വിജയം നേടിയെടുത്ത
“ഒരു തലൈ രാഗം “എന്ന തമിഴ് ചിത്രമാണ് നവോദയ അപ്പച്ചന്റെ ചിന്തകളെ സ്വാധീനിച്ച മുഖ്യഘടകം.
അങ്ങനെ ശങ്കർ നായകനായും രവീന്ദ്രൻ വില്ലനായും സംവിധാന രംഗത്ത് പുതുമുഖമായ ഫാസിലിന്റെ രചനാസംവിധാനത്തിൽ അണിയിച്ചൊരുക്കാൻ തീരുമാനിച്ച ചിത്രത്തിന്
” ഇളം പൂക്കൾ ” എന്ന പേരിടാനാണ് തീരുമാനിച്ചിരുന്നത് .
“ഇളം പൂക്കൾക്ക് ” വേണ്ടി ബിച്ചു തിരുമല എഴുതിയ ഒരു ഗാനത്തിന്റെ വരികൾ ഇങ്ങനെയായിരുന്നു .
“മിഴിയോരം നനഞ്ഞൊഴുകും മുകിൽമാലകളോ
നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ….”
സുന്ദരമായ ഈ വരികളിലെ അവസാനത്തെ “മഞ്ഞിൽ വിരിഞ്ഞ പൂവേ “എന്ന പ്രയോഗം ഫാസിലിനെ വല്ലാതെ ആകർഷിച്ചു. കാരണം മഞ്ഞിൽ പൂക്കൾ വിരിയാറില്ലല്ലോ ?
ചിത്രത്തിലെ നായകന്റേയും നായികയുടേയും സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ കഴിയാത്തതിനാൽ “ഇളം പൂക്കളേ “ക്കാൾ ഉചിതമായ പേര് “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” എന്നായിരിക്കുമെന്ന് ഫാസിലിന് തോന്നി. അങ്ങനെ ” ഇളം പൂക്കൾ “, ” മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ” ആയി പരിണമിച്ചാണ് തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിൽ നായകനായി ശങ്കറിനേയും വില്ലനായി രവീന്ദ്രനേയുമാണ് നിശ്ചയിച്ചത് .
എന്നാൽ ” ഒരു തലൈ രാഗ “ത്തിനു ശേഷം തമിഴിൽ തിരക്കേറിയതിനാൽ രവീന്ദ്രന് മഞ്ഞിൽ വിരിഞ്ഞ പൂക്കളിന് വേണ്ടി കാൾഷീറ്റ് കൊടുക്കുവാൻ കഴിഞ്ഞില്ല . അതോടെ ഒരു പുതിയ വില്ലനു വേണ്ടിയുള്ള അന്വേഷണം തുടങ്ങി.
പത്രത്തിൽ കൊടുത്ത പരസ്യം കണ്ടു വന്ന യുവാക്കളിൽ നിന്നും കാലൻ കുടയും പിടിച്ച് ഇടത്തോട്ട് അല്പം ചെരിഞ്ഞു നടക്കുന്ന മോഹൻലാൽ എന്ന യുവാവിന് ജഡ്ജിമാരായ ജീജോയും ഫാസിലും പത്തിൽ എട്ടു മാർക്ക് കൊടുത്തെങ്കിൽ സിബിമലയിൽ കൊടുത്തത് വെറും രണ്ടു മാർക്ക് മാത്രമായിരുന്നത്രേ!
“മഞ്ഞിൽ വിരിഞ്ഞ പൂക്കളി” ലൂടെ പ്രത്യക്ഷപ്പെട്ട പുതിയ വില്ലന്റെ മാനറിസങ്ങൾ അതുവരെ ഒരു നടനിലും കാണാത്തതും വളരെ വ്യത്യസ്തവുമായിരുന്നു .
അതുവരെ കണ്ണുരുട്ടിയും പൈപ്പ് കടിച്ചുപിടിച്ചും അട്ടഹസിച്ചും അലറി വിളിച്ചുമൊക്കെ പ്രത്യക്ഷപ്പെട്ടിരുന്ന വില്ലനു പകരം വളരെ സൗമ്യനായ ഒരു പ്രതിനായകൻ മലയാള സിനിമയിൽ ഒരു പ്രത്യേക സ്റ്റൈലിൽ പ്രത്യക്ഷപ്പെട്ടപ്പോൾ , പ്രേക്ഷകരും ആ വ്യത്യസ്തത രണ്ടും കൈകളും നീട്ടി സ്വീകരിച്ച ചിത്രം കലാപരമായും സാമ്പത്തികമായും വൻ വിജയമായി .
ഈ ചിത്രത്തോടെ മലയാളത്തിൽ ഒരു പുതിയ താരജോടി ഉദയം ചെയ്തു .ശങ്കർ – പൂർണിമ ജയറാം. താരജോഡി മാത്രമല്ല ,കെ പി ഉമ്മറിനും ജോസ് പ്രകാശിനും ബാലൻ കെ നായർക്കും ശേഷം ഒരു പക്കാ വില്ലനേയും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. “മോഹൻലാൽ “.
പിന്നീട് കുറെയധികം സിനിമകളിൽ വില്ലനായി ഈ നടൻ ശരിക്കും ആറാടുകയായിരുന്നു .
ഇതിനിടയിൽ പുറത്തുവന്ന ആട്ടക്കലാശം , എങ്ങനെ നീ മറക്കും തുടങ്ങിയ ചിത്രങ്ങളിലെ
അർദ്ധനായക വേഷങ്ങൾ മോഹൻലാലിന് മറ്റൊരു ഇമേജ് നേടിക്കൊടുത്തു. ആട്ടക്കലാശത്തിലെ
“നാണമാകുന്നു
മേനി നോവുന്നു …..”
എന്ന ഗാനവും ,
“എങ്ങനെ നീ മറക്കും ” എന്ന ചിത്രത്തിലെ
“ദേവദാരു പൂത്തു
എൻ മനസ്സിൻ താഴ് വരയിൽ ….”
എന്ന ഗാനവും സൂപ്പർ ഹിറ്റുകളായതോടെ മോഹൻലാൽ എന്ന നടനെ കേരളം അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റുകയായിരുന്നു .
പതുക്കെപ്പതുക്കെ ഈ നടൻ മലയാളികളുടെ പ്രിയപ്പെട്ട യുവനായകനായി മാറി .
തമ്പി കണ്ണന്താനത്തിന്റെ “രാജാവിന്റെ മകനി ” ലൂടെ മലയാളത്തിലെ എക്കാലത്തേയും വലിയ സൂപ്പർസ്റ്റാർ പദവിയിലേക്ക് മോഹൻലാൽ കുതിച്ചുയരുന്നതാണ് പിന്നീട് കേരളം കണ്ടത് . അതിനു ശേഷമുള്ള മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ വളർച്ചയുടെ ചരിത്രം ഓരോ മലയാളിക്കും മന:പാഠമായതിനാൽ ഇവിടെ കൂടുതൽ വിസ്തരിക്കുന്നില്ല.
ഇത്രയും തന്മയത്വത്തോടെ അഭിനയിക്കുന്ന ഒരു നടൻ ഇന്ത്യൻ സിനിമയിലില്ല എന്നാണ് ചലച്ചിത്രലോകം മോഹൻലാലിനെ വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ടാണ് എം ജി ആറിന്റെ ജീവിതം അഭ്രപാളിയിലെത്തിയപ്പോൾ മണിരത്നം മോഹൻലാലിനെ തന്നെ ആ ഇതിഹാസറോളിലേക്ക് തിരഞ്ഞെടുത്തത്.
ലോകസുന്ദരി ഐശ്വര്യ റായിയുടെ ആദ്യ നായകനാകാൻ ഭാഗ്യം ലഭിച്ചതും മോഹൻലാലിനായിരുന്നു. ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡത്തിലുമൊക്കെ ഇന്ന് മോഹൻലാൽ എന്ന നടന ചക്രവർത്തി നിറഞ്ഞുനിൽക്കുകയാണ്.
ഒട്ടേറെ സംസ്ഥാന പുരസ്ക്കാരങ്ങൾക്ക് പുറമേ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം രണ്ടുതവണ കരസ്ഥമാക്കിയ മോഹൻലാലിന് പത്മശ്രീ , പത്മഭൂഷൻ എന്നിവ കൂടാതെ ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ലെഫ്റ്റനന്റ് കേണൽ പദവിയും നൽകിയിട്ടുണ്ട്.
മലയാളികൾ സ്നേഹപൂർവ്വം ലാലേട്ടൻ എന്നു വിളിക്കുന്ന ഈ താരചക്രവർത്തി തിരക്കിനിടയിലും സംസ്കൃതം പഠിച്ചു കൊണ്ട് നാടകങ്ങളിൽ അഭിനയിക്കുകയും ,
വർഷങ്ങളുടെ പരിശീലനം കൊണ്ട് മാത്രം സ്വായത്തമാക്കാവുന്ന കഥകളി പോലുള്ള കലാരൂപങ്ങൾ ദിവസങ്ങൾക്കുള്ളിൽ പഠിച്ച് അവതരിപ്പിച്ച് കലാലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിൽ ചേർന്ന് ഒരു വർഷത്തോളം മാജിക്ക് അഭ്യസിച്ച ഈ നടൻ ഒരു മികച്ച ഗായകൻ കൂടിയാണ് . പല ചിത്രങ്ങളിലായി 23 ഗാനങ്ങൾ മോഹൻലാൽ ആലപിച്ചിട്ടുണ്ട് .
ഇതിൽ ജോഷി സംവിധാനം ചെയ്ത “റൺ ബേബി റൺ ” എന്ന ചിത്രത്തിലെ
“ആറ്റുമണൽ പായയിൽ
അന്തിവെയിൽ ചാഞ്ഞ നാൾ
കുഞ്ഞിളം കൈ വീശി നീ
തോണിയേറി പോയില്ലേ …”
https://youtu.be/sg7YGHyijGM?t=31
എന്ന ഗാനം ആ വർഷത്തെ സൂപ്പർ ഹിറ്റിൽ ഇടം നേടിയിരുന്നു.
“ബറോസ് ” എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനാകുകയാണ് മോഹൻലാൽ .പ്രേക്ഷകർ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന ഈ ചിത്രം ഓണത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഏതുതരം കഥാപാത്രവും മോഹൻലാലിന്റെ കൈയിൽ സുരക്ഷിതമാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല . പ്രേംനസീറിന് ശേഷം ഗാനരംഗങ്ങളിൽ ഏറ്റവുമധികം തിളങ്ങിയ നടൻ മോഹൻലാലാണ് .
ഇങ്ങനെ ലാലിനെക്കുറിച്ച് എഴുതുവാൻ തുടങ്ങിയാൽ ഒരു ദിവസം മുഴുവൻ ഇരുന്ന് എഴുതിയാലും തീരാത്തത്ര വിശേഷങ്ങളുണ്ട് ഈ നടന്റെ അഭിനയ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട്.
അതിനാൽ ആ സാഹസത്തിന് മുതിരാതെ അദ്ദേഹം തിരശ്ശീലയിൽ അനശ്വരമാക്കിയ ഏതാനും കഥാപാത്രങ്ങളിലൂടെ ഒഴുകിവന്ന ഗാനങ്ങളാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ രേഖപ്പെടുത്തുന്നത്.
” കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി…” ( കിരീടം )
” മന്ദാരച്ചെപ്പുണ്ടോ… “( ദശരഥം ) “രാമകഥാ ഗാനലയം …” (ഭരതം )
” സുന്ദരീ സുന്ദരീ
ഒന്നൊരുങ്ങി വാ …”
( ഏയ് ഓട്ടോ )
” ആകാശമാകെ കണി മലർ…”
(നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ )
“ഒന്നാം രാഗം പാടി ..”.(തൂവാനത്തുമ്പികൾ )
“കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ…”
(തേന്മാവിൻ കൊമ്പത്ത് )
“പാടം പൂത്ത കാലം …” (ചിത്രം ) “കളഭം ചാർത്തും …. “(താളവട്ടം )
“പൂക്കൈത പൂക്കുന്ന പാടങ്ങളിൽ … “
(ജനുവരി ഒരു ഓർമ്മ)
” പാതിരാ മഴയേതോ…”
(ഉള്ളടക്കം)
“കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ ….. “
(അയാൾ കഥ എഴുതുകയാണ് )
“കാവേരി പാടാമിനി … “
(രാജശില്പി )
“അമ്പലമില്ലാതെ ആൽത്തറയിൽ വാഴും …” (.പാദമുദ്ര )
” ഊട്ടി പട്ടണം …. ” (കിലുക്കം) “വൈശാഖ സന്ധ്യേ …”
(നാടോടിക്കാറ്റ് )
“ഓർമ്മകളോടിക്കളിക്കുവാനെത്തുന് നു .. ”
(മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു)
“അന്തിപ്പൊൻവെട്ടം …. “
(വന്ദനം )
“കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ …” ( അപ്പു
)
“കുഞ്ഞിക്കിളിയെ കൂടെവിടെ..”. ( ഇന്ദ്രജാലം)
“പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ… ” (മണിചിത്രത്താഴ് )
“സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ …. “
( കിഴക്കുണരും പക്ഷി )
“സൂര്യ കിരീടം വീണുടഞ്ഞു ..”
(ദേവാസുരം)
“പഴനി വേൽമുരുകൻ’ “
(നരസിംഹം)
“പ്രമദവനം വീണ്ടും …”
(ഹിസ് ഹൈനസ്സ് അബ്ദുള്ള )
“ഹരി മുരളീരവം…” (ആറാം തമ്പുരാൻ )
https://youtu.be/IPUN66bG9Ng?t=11
തുടങ്ങി എത്രയെത്ര മനോഹരഗാനങ്ങളാണ് ലാലേട്ടന്റ നടനചാതുരിയിലൂടെ കേരളീയരുടെ മനസ്സിൽ തേൻമഴ പെയ്യിച്ചു കൊണ്ട് വെള്ളിത്തിരയിൽ ഒഴുകിയെത്തിയത്.
1960 മെയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനിച്ച മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ പിറന്നാളാണിന്ന്…
കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന് ഭാരതത്തിന്റെ മാത്രമല്ല ലോകനടന ചരിത്രത്തിൽ തന്നെ അത്ഭുതമായി മാറിയ മഹാനടന് നിറഞ്ഞ മനസ്സോടെ പിറന്നാളാശംസകൾ നേരുന്നു.
———————————————————————————–
(സതീഷ് കുമാർ )
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 283