സതീഷ് കുമാർ
വിശാഖപട്ടണം
ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് .വീണപൂവ്, അഷ്ടപദി , മൗനരാഗം, തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ അമ്പിളിയുടെ
“ആകാശത്തിനു കീഴെ ” എന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോർഡിങ്ങ് മദ്രാസിലെ കോദണ്ഡപാണി സ്റ്റുഡിയോയിൽ നടക്കുന്നു.
യു ഡി എഫിൽ മന്ത്രിയായിരുന്ന കവി പന്തളം സുധാകരനാണ് ചിത്രത്തിൽ പാട്ടുകൾ എഴുതുന്നത് . സംഗീതസംവിധാനം സാക്ഷാൽ ദേവരാജൻ മാസ്റ്ററ ചെറുപ്പകാലം തൊട്ടേ എസ് ജാനകിയുടെ പാട്ടുകൾ കേട്ടു വളർന്ന സംവിധായകൻ അമ്പിളിക്ക് മനസ്സിൽ ഒരു ആഗ്രഹം.
ഈ സിനിമയിൽ ഒരു ഗാനം തന്റെ ഇഷ്ട ഗായികയായ എസ് .ജാനകിയെക്കൊണ്ട് പാടിപ്പിക്കണം . പക്ഷേ സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററാണ്. ശുദ്ധനാണെങ്കിലും തൊഴിലിനോടുള്ള ആത്മാർത്ഥത കൊണ്ട് താൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഗായകരെ തിരഞ്ഞെടുക്കാൻ നിർമ്മാതാവിനേയോ സംവിധായകനേയോ ഒന്നും അദ്ദേഹം അനുവദിക്കാറില്ല.
ഓരോരോ പാട്ടുകൾക്കും ഓരോ ഭാവമുണ്ടെന്നും അത് ആര് പാടിയാലാണ് നന്നാവുക എന്നും മാസ്റ്റർ തന്നെ കണ്ടെത്തുകയും അവരെ കൊണ്ട് പാടിപ്പിക്കുകയും ചെയ്യും.
അദ്ദേഹത്തിന്റെ ഈ പിടിവാശി കാരണം കെ എസ് സേതുമാധവന്റേയും കുഞ്ചാക്കോയുടേയുമൊക്കെ സിനിമകൾ ദേവരാജൻ മാസ്റ്റർക്ക് നഷ്ടപ്പെട്ടിട്ടുണ്ട് . എങ്കിലും തന്റെ ഉറച്ച നിലപാടിൽ നിന്നും ദേവരാജൻ മാസ്റ്റർ ഒരിക്കലും പിന്നോട്ടു പോയിട്ടില്ല. മാസ്റ്ററുടെ പാട്ടുകൾ കൂടുതലും പി സുശീലയും , മാധുരിയും , ബി വസന്തയും, പി ലീലയുമാണ് പാടാറുള്ളത് .
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കിടയിൽ ഒരു പാട്ടുപോലും ദേവരാജൻ മാസ്റ്റർ ജനകിയെക്കൊണ്ട് പാടിപ്പിച്ചിട്ടില്ല . അതിന് ഒരു കാരണമുണ്ട്…
വർഷങ്ങൾക്കു മുമ്പ് അരുണാചലം സ്റ്റുഡിയോയിലാണെന്നു തോന്നുന്നു ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ ജാനകി ഒരു പാട്ട് പാടിക്കൊണ്ടിരിക്കുകയാണ് .
പാട്ടു കഴിഞ്ഞതും കൺസോളിൽ നിന്നും ഒരാൾ “ഓക്കേ …. സൂപ്പർ ” എന്ന് വിളിച്ചു പറഞ്ഞു .
സ്വതവേ മുൻശുണ്ഠിക്കാരനായ ദേവരാജൻ മാസ്റ്റർ ഒന്ന് തിരിഞ്ഞു നോക്കി .
അടുത്ത് നിന്ന അസിസ്റ്റന്റിനോട് ചോദിച്ചു …
“ആരാ ഇയാൾ ……”
“അയ്യോ അത് ജാനകിയമ്മയുടെ ഭർത്താവ് രാമപ്രസാദാണ് …..”
ഓ ….ഭർത്താവാണല്ലേ…?
” ഭർത്താവ്ജോലിയൊക്കെ അങ്ങ് വീട്ടിൽ മതി കേട്ടോ ..”
എന്റെ പാട്ട് ഓ കെ ആക്കാൻ എനിക്കറിയാം .
അയാളോട് സ്റ്റുഡിയോയിൽ നിന്നും പുറത്തു പോകാൻ പറ .
അപമാനിതനായ രാമപ്രസാദ് ജാനകിയമ്മയേയും കൊണ്ട് പുറത്തു പോന്നു.
അദ്ദേഹം പിന്നീട് എസ് ജാനകിയെ ദേവരാജൻ മാസ്റ്ററുടെ അടുത്തേക്ക് പാടാൻ വിട്ടില്ലെന്നും ദേവരാജൻമാസ്റ്റർ പിന്നീട് ജാനകിയമ്മയെ പാടാൻ വിളിച്ചില്ലെന്നും പറയപ്പെടുന്നുണ്ട്
പലരിൽ നിന്നും കേട്ടറിഞ്ഞ ഈ കഥകളിൽ എത്രമാത്രം യാഥാർത്ഥ്യമുണ്ടെന്ന് ഈ ലേഖകനും വലിയ നിശ്ചയമില്ല .
എന്തായാലും ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിൽ എസ് ജാനകി ഒരു പാട്ട് പാടിയിട്ട് രണ്ട് ദശാബ്ദങ്ങൾ കഴിഞ്ഞു എന്നുള്ളത് ഒരു സത്യം തന്നെയാണ്.
ഈ കാര്യങ്ങളെല്ലാം അമ്പിളിക്ക് നല്ലപോലെ അറിയാം .
അപ്പോൾ എങ്ങനെയാണ് മനസ്സിലുള്ള ആഗ്രഹം ദേവരാജൻ മാസ്റ്ററോട് തുറന്നു പറയുക..?
എന്തായാലും അമ്പിളി ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറായി . അൽപസ്വൽപം ധൈര്യമെല്ലാം സംഭരിച്ച് അവസാനം അമ്പിളി മാസ്റ്ററുടെ മുമ്പിൽ ഈ കാര്യം അവതരിപ്പിച്ചു .
“മാഷേ ….നമുക്ക് ഈ പാട്ട് എസ് ജാനകിയ ക്കൊണ്ട് പാടിപ്പിച്ചാലോ ….?
ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ദേവരാജൻമാസ്റ്റർ പറഞ്ഞു .
“എനിക്ക് വലിയ താൽപ്പര്യമില്ല . അമ്പിളിക്ക് താൽപര്യമുണ്ടെങ്കിൽ ജാനകിയെ വിളിച്ചോളൂ ! നമുക്ക് പാടിപ്പിക്കാം …”
അമ്പിളിക്ക് ആശ്വാസമായി .രണ്ടു ദശാബ്ദത്തിലധികം നീണ്ടുനിന്ന ഒരു ചെറിയ സൗന്ദര്യപ്പിണക്കത്തിന്റെ മഞ്ഞുരുകി തുടങ്ങുന്നതിന്റെ സന്തോഷമായിരുന്നു അമ്പിളിയുടെ മനസ്സിൽ . എസ് ജാനകിയെ ഈ വിവരം അറിയിക്കാൻ അമ്പിളി നേരിട്ട് തന്നെ ചെന്നു.
വിവരമെല്ലാം പറഞ്ഞിട്ടും ജാനകിയമ്മക്ക് അത് വിശ്വസിക്കാനേ കഴിഞ്ഞില്ല .
നാലാം ദിവസം മദ്രാസിലെ കോദണ്ഡപാണി സ്റ്റുഡിയോയിൽ വച്ച് 20 വർഷങ്ങൾക്കുശേഷം “ആകാശത്തിനു കീഴെ “എന്ന ചിത്രത്തിനുവേണ്ടി പന്തളം സുധാകരൻ എഴുതിയ “കുമ്മാട്ടിപ്പാട്ടിന്റെ ഈണത്തിൽ …..” എന്ന പാട്ട് ദേവരാജൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ എസ് ജാനകി പാടി റെക്കോർഡ് ചെയ്തു.
പാട്ട് പാടുന്നതിന് മുൻപ് ജാനകിയമ്മ മാസ്റ്ററുടെ കാലിൽ തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങിയിരുന്നു .മലയാളത്തിലെ കൊലകൊമ്പന്മാരായ പല സംവിധായകർക്കും കഴിയാത്ത കാര്യം അങ്ങനെ അമ്പിളി സാധിച്ചെടുത്തു.
പക്ഷേ വിധിയുടെ നിശ്ചയം മറ്റൊന്നായിരുന്നു .ചില സാങ്കേതിക കാരണങ്ങൾ “ആകാശത്തിനു കീഴെ “എന്ന ചിത്രം ഇടയ്ക്കുവെച്ച് നിന്നുപോയി.
നാല് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സംഗീതസംവിധാനത്തിന് വിരാമമിട്ടുകൊണ്ട് ദേവരാജൻ മാസ്റ്റർ അവസാനമായി സംഗീതം നൽകിയത് താൻ ഇരുപതു വർഷത്തോളം അകറ്റി നിർത്തിയ ജാനകി പാടിയ ഈ ഗാനത്തിനായിരുന്നുവത്രെ.
പല പ്രമുഖ നിർമാതാക്കളും സംവിധായകരും ചോദിച്ചിട്ടും കൊടുക്കാതെ അമ്പിളി ഈ സുന്ദരഗാനം ഒരു നിധിപോലെ തന്റെ സ്വകാര്യ ശേഖരത്തിൽ ഇന്നും സൂക്ഷിക്കുന്നു.
———————————————————
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
—————————— —————————— —–