സതീഷ് കുമാർ വിശാഖപട്ടണം
പുതുവർഷത്തിലെ ആദ്യത്തെ മാസമാണ് ജനുവരി.
റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദേവനായ
“ജാനസ് ലാനു യാരിയസി “ന്റെ പേരിലാണ് ഈ മാസം അറിയപ്പെടുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട മാസങ്ങളെകുറിച്ച് പല കവികളും വളരെയധികം ഗാനങ്ങൾ എഴുതിയിട്ടുണ്ടല്ലോ ….?
അതോടൊപ്പം ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയെക്കുറിച്ചും വയലാർ അതിമനോഹരമായ ചില ഗാനങ്ങൾ എഴുതിയിട്ടുണ്ട്. പാറപ്പുറത്തിന്റെ കഥയെ ആസ്പദമാക്കി തോട്ടാൻ പിക്ച്ചേഴ്സിന്റെ പേരിൽ ജെ.ഡി. തോട്ടാൻ നിർമ്മിച്ച് സംവിധാനം ചെയ്ത “ഓമന ” എന്ന ചിത്രത്തിലാണ് ജനുവരിയെ പ്രകീർത്തിച്ചു കൊണ്ടുള്ള വയലാറിന്റെ പ്രിയഗാനം .
https://youtu.be/envD6-kNyvI?t=10
“ജമന്തിപ്പൂക്കൾ
ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ
എന്റെ പ്രിയതമയുടെ ചൊടി നിറയെ സുഗന്ധിപ്പൂക്കൾ ….”
എന്ന മനോഹര ഗാനത്തിന് സംഗീതം നൽകിയത് ദേവരാജനും പാടിയത് യേശുദാസുമാണ്. ഈ ഗാനരംഗത്ത് അഭിനയിച്ചത് ഷീലയും തമിഴ് നടൻ രവിചന്ദ്രനും ആയിരുന്നു. ആ കാലയളവിൽ ഏതാനും മലയാളസിനിമകളിൽ രവിചന്ദ്രന്റെ നായികയായി ഷീല അഭിനയിക്കുകയുണ്ടായി. രവിചന്ദറുമായുള്ള ഒരുമിച്ചുള്ള അഭിനയം അതിസുന്ദരമായ ഒരു പ്രണയത്തിന് വഴി മാറുകയും അത് ഷീലയുടെ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു …
മഞ്ഞിലാസിന്റെ ബാനറിൽ എം ഒ ജോസഫ് നിർമ്മിച്ച്
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “ചട്ടക്കാരി ” മലയാള ചലച്ചിത്ര രംഗത്ത് പ്രകമ്പനങ്ങൾ സൃഷ്ടിച്ച ഹിറ്റ് ചിത്രമായിരുന്നു. തമിഴ് ,തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി നിർമ്മിച്ച് വൻ വിജയം കരസ്ഥമാക്കിയ
ഈ ചിത്രത്തിലും ജനുവരിയുടെ കുളിരു പകരുന്ന ഒരു സുന്ദരഗാനം വയലാർ എഴുതിയത് പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ..?
ചട്ടക്കാരിയിൽ നായികയായി അഭിനയിച്ച ലക്ഷ്മിയുടെ അപ്സരസൗന്ദര്യം കണ്ട് നായകൻ പാടുന്ന വരികൾ ഇങ്ങനെയായിരുന്നു …..
“ ജനുവരിക്കുളിർ ചന്ദ്രികമുകരും ജലതരംഗം നീ..
ശിലകൾതാനേ ശില്പമാകും സൗകുമാര്യം നീ –
സ്വപ്ന സൗകുമാര്യം നീ..
നിറയും എന്നിൽ നിറയും
നിന്റെ നീഹാരാർദ്രമാം
അംഗരാഗം അംഗരാഗം
മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും
ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ….”
(സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
70 – കളിൽ പ്രദർശനത്തിനെത്തിയ മറ്റൊരു ചിത്രമാണ് ആലപ്പി അഷറഫിന്റെ രചനയിൽ ഐ വി ശശി സംവിധാനം ചെയ്ത “അഞ്ജലി ” .ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് യേശുദാസ് പാടിയ ജനുവരിയെ കുറിച്ചുള്ള ഗാനവും വളരെ മനോഹരമായിരുന്നു ….
“ജനുവരി രാവിൽ
എൻ മലർ വനിയിൽ
വിടരൂ സോമലതേ
പുൽകി പടരൂ പ്രേമലതേ ….”
എന്ന ഗാനം ആർക്കാണ് മറക്കാൻ കഴിയുക ….?
https://youtu.be/HVtT08x1sZA?t=28
1972-ലാണ് “ഓമന “എന്ന ചിത്രം തിയേറ്ററുകളിലെത്തിയത് .
ചട്ടക്കാരി 1974ലും ,
അഞജലി 1977-ലും ….
അര നൂറ്റാണ്ടിന് ശേഷം വീണ്ടും ജനുവരി എത്തിയപ്പോൾ
ഓമന , ചട്ടക്കാരി , അഞ്ജലി എന്നീ ചിത്രങ്ങളിലെ പ്രിയപ്പെട്ട ഗാനങ്ങൾ മനസ്സിന്റെ തിരുമുറ്റത്തേക്ക് ഓടിയെത്തുകയാണ്…
——————————————————————————
(സതീഷ് കുമാർ 9030758774)
Post Views: 489