സതീഷ് കുമാർ
വിശാഖപട്ടണം
1960-ൽ പുറത്തിറങ്ങിയ ഉദയായുടെ ” സീത ” എന്ന ചിത്രത്തിൽ 13 ഗാനങ്ങളാണ് ഉണ്ടായിരുന്നത്.
അന്നത്തെ പ്രശസ്ത ഗായകരായിരുന്ന പി.ബി. ശ്രീനിവാസ്, എ.എം.രാജ , എം.എൽ.വസന്തകുമാരി , ജിക്കി, ദക്ഷിണാമൂർത്തി, എസ്.ജാനകി തുടങ്ങിയരായിരുന്നു “സീത ” യ്ക്കു വേണ്ടി പിന്നണി പാടിയത്. അതോടൊപ്പം സംഗീത സംവിധായകനായ ദക്ഷിണാമൂർത്തി ആന്ധ്രാപ്രദേശുകാരിയായ ഒരു പുതിയ പെൺകുട്ടിക്കും ഈ ചിത്രത്തിൽ ഒരു പാട്ടു പാടാൻ അവസരം കൊടുത്തു.
“പുലകല സുശീല ” എന്ന തെലുഗു നാട്ടുകാരിയായ ആ പെൺകുട്ടി അങ്ങനെ ആദ്യമായി മലയാളത്തിൽ ഒരു പാട്ടുപാടി…
“പാട്ടുപാടി ഉറക്കാം ഞാൻ
താമരപ്പൂമ്പൈതലേ
കേട്ടുകേട്ടു നീയുറങ്ങെൻ
കരളിന്റെ കാതലേ ….”
എന്ന അതീവസുന്ദരമായ ഒരു താരാട്ടുപാട്ട്…
അതിനുശേഷം ഉദയായുടെ തന്നെ “ഭാര്യ “എന്ന സംഗീത പ്രാധാന്യമുള്ള ചലച്ചിത്രം പുറത്തുവന്നതോടുകൂടി സുശീല എന്ന ഗായിക മലയാളത്തിൽ സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു.
ഈ ചിത്രത്തിൽ എ എം രാജ യോടൊപ്പം സുശീല പാടിയ “പെരിയാറേ പെരിയാറേ പർവ്വതനിരയുടെ പനിനീരേ …..” എന്ന ഗാനം ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇഷ്ടഗാനങ്ങളിൽ ഒന്നായി നിലനിൽക്കുന്നു…
1935 നവംബർ 13ന് ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ ജനിച്ച
പി സുശീല”മംഗരാജു “എന്ന തെലുങ്ക് ചിത്രത്തിൽ പിന്നണി പാടിക്കൊണ്ടാണ് തന്റെ ചലച്ചിത്രഗാനജീവിതം ആരംഭിച്ചത്. 1952 -ൽ “പെറ്റ തായ് “എന്ന തമിഴ് ചിത്രത്തിലും 54 ൽ കന്നട ചിത്രത്തിലും 1960 -ൽ മലയാള ചിത്രത്തിലും പാടിക്കൊണ്ട് അവർ ദക്ഷിണേന്ത്യയാകെ നിറഞ്ഞു നിന്നു .
അഞ്ചു തവണ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന പുരസ്ക്കാരം നേടിയിട്ടുള്ള സുശീലക്ക് 1983 -ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട് .
17 ,695 പാട്ടുകൾ പാടി ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും കരസ്ഥമാക്കിയ പി.സുശീല എന്ന മഹാഗായിക മലയാളി അല്ലാതിരുന്നിട്ടും മലയാള ഭാഷ അറിയാതിരുന്നിട്ടും മലയാള ഗാനങ്ങൾ അക്ഷരസ്ഫുടതയോടേയും ഭാവാത്മകതയോടേയും പാടി സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച മഹാഗായികയാണ് …
മുത്തുമണികൾ വാരിവിതറുന്നതുപോലെയാണ് സുശീലയുടെ ശബ്ദമെന്ന് വിശേഷിപ്പിച്ചത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ …പാട്ടു പഠിപ്പിക്കുന്ന ദേവരാജൻ മാസ്റ്ററുടെ മുഖഭാവങ്ങളിൽ നിന്നുതന്നെ ആ പാട്ടിന്റെ ഭാവമെന്തെന്ന് സുശീല ഗ്രഹിച്ചെടുക്കാറുണ്ടായിരുന്നത്രെ …
സുശീലയുടെ എല്ലാ ഗാനങ്ങളെയും ഈ ചെറിയ കുറിപ്പിൽ പരാമർശിക്കാൻ കഴിയില്ലെങ്കിലും അവരുടെ ശ്രദ്ധേയമായ ചില ഗാനങ്ങളെക്കുറിച്ച് മാത്രം ഇവിടെ സൂചിപ്പിക്കട്ടെ .
“എന്തിനീ ചിലങ്കകൾ
എന്തിനീ കൈവളകൾ….( കരുണ – രചന ഓ എൻ വി കുറുപ്പ്, സംഗീതം ദേവരാജൻ )
“കണ്ണു തുറക്കാത്ത ദൈവങ്ങളെ ….
( അഗ്നിപുത്രി, രചന വയലാർ സംഗീതം ബാബുരാജ് )
“പൂന്തേനരുവി പൊൻമുടി പുഴയുടെ അനുജത്തി (ഒരു പെണ്ണിന്റെ കഥ, രചന വയലാർ, സംഗീതം ദേവരാജൻ)
“പള്ളിയരമന വെള്ളിയരമനയിൽ ….
( തെറ്റ് , രചന വയലാർ, സംഗീതം ദേവരാജൻ )
“രാജശില്പി നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ….. (പഞ്ചവൻ കാട് , രചന വയലാർ, സംഗീതം ദേവരാജൻ )
“ഏഴു സുന്ദരരാത്രികൾ
ഏകാന്തസുന്ദരരാത്രികൾ ….
“കറുത്ത ചക്രവാള മതിലുകൾ ചൂഴും കാരാഗൃഹമാണ് ഭൂമി …..
(രണ്ടു ഗാനങ്ങളും അശ്വമേധം രചന വയലാർ, സംഗീതം ദേവരാജൻ )
“പൂവുകൾക്ക് പുണ്യകാലം ….. (ചുവന്ന സന്ധ്യകൾ, രചന വയലാർ, സംഗീതം ദേവരാജൻ)
” താജ്മഹൽ നിർമ്മിച്ച രാജശില്പി ഷാജഹാൻ ചക്രവർത്തി ….. ( അഴകുള്ള സെലീന, രചന വയലാർ , സംഗീതം യേശുദാസ്)
“എല്ലാരും പാടത്ത് സ്വർണ്ണം വിതച്ചു ……
(നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി , രചന വയലാർ, സംഗീതം ദേവരാജൻ )
“പുലരാറായപ്പോൾ പൂങ്കോഴി കൂവിയപ്പോൾ ….