മലയാളസിനിമയുടെ കുലപതി

 സതീഷ് കുമാർ വിശാഖപട്ടണം
ലയാള സിനിമയുടെ ചരിത്രമെഴുതുന്ന ആർക്കും ഒഴിച്ചു നിർത്താൻ പറ്റാത്ത വ്യക്തിത്വമാണ് രാമു കാര്യാട്ടിന്റേത്. 
മലയാളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സുവർണ കമലം നേടിയ  ചെമ്മീനിന്റെ സംവിധായകൻ എന്ന നിലയിലൂടെയാണ്  രാമു കാര്യാട്ടിന് ദേശീയ പ്രശസ്തി കൈവരുന്നത്.
Death anniversary of Ramu Kariat: ആയുസ്സില്‍ ഒരിക്കല്‍ കീഴടക്കിയാല്‍ പോരേ എവറസ്റ്റ് ..? മലയാള സിനിമയിലെ മഹാമേരു: രാമു കാര്യാട്ട് - Opinion - Malayalam News
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ജൂറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയും രാമു കാര്യാട്ടാണ്. 1975-ൽ  മോസ്കോയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ജൂറിയായതോടെ  രാമു കാര്യാട്ടിന്റെ പ്രശസ്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നു.
 തൃശ്ശൂർ ജില്ലയിലെ ചേറ്റുവാക്കടുത്തുള്ള ഏങ്ങണ്ടിയൂരിൽ കാര്യാട്ട് കുഞ്ഞച്ചന്റെ  മകനായി ജനിച്ച രാമു കാര്യാട്ടിലൂടെയാണ് മലയാള സിനിമ ആദ്യമായി അന്താരാഷ്ട്ര രംഗത്ത്
 ശ്രദ്ധിക്കപ്പെടുന്നത്.   
 
  സാംസ്ക്കാരികരംഗത്തെ നിറസാന്നിധ്യമായിരുന്ന പല കലാപ്രവർത്തകരുടേയും അക്കാലത്തെ താവളമായിരുന്നു തൃശൂരിലെ ശോഭനാ സ്റ്റുഡിയോ . പിൽക്കാലത്ത് ചലച്ചിത്ര നിർമ്മാതാവായി മാറിയ ശോഭന പരമേശ്വരൻ നായർ,
 പി ഭാസ്കരൻ , കെ രാഘവൻ , ഉറൂബ് എന്നിവരുടെയെല്ലാം സൗഹൃദ കൂട്ടായ്മയിൽ നിന്നാണ് മലയാളത്തിലെ  ആദ്യ ദേശീയ പുരസ്ക്കാരം നേടുന്ന “നീലക്കുയിലി ” ന്റെ പിറവി.
 പിന്നീട് മുടിയനായപുത്രൻ , മൂടുപടം , മിന്നാമിനുങ്ങ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത കാര്യാട്ടിന്റെ സ്വപ്നമായിരുന്നു  തകഴിയുടെ സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ “ചെമ്മീൻ ” എന്ന നോവൽ ചലച്ചിത്രമാക്കുക എന്നത്.
ചെമ്മീൻ | Chemmeen Malayalam Full Movie | Madhu | Sheela | Sathyan | Malayalam Classic Movies - YouTube
  മലയാള സിനിമ പിച്ചവെച്ചു നടന്നിരുന്ന  കാലഘട്ടത്തിൽ ഇന്ത്യയിലെ തന്നെ 
ഏറ്റവും വലിയ സാങ്കേതികവിദഗ്ദ്ധരെക്കൊണ്ടു വന്ന് ഈസ്റ്റ്‌ മാൻ കളറിൽ ബ്രഹ്മാണ്ഡമായ ഒരു ചലച്ചിത്ര സാക്ഷാത്ക്കാരത്തിന് ചുക്കാൻ പിടിക്കുക  ചെറിയ കാര്യമൊന്നുമല്ലല്ലോ ?  
ഈ ചിത്രം മലയാള  സിനിമയിൽ ഒരു നാഴികക്കല്ലായിരിക്കണമെന്ന് കാര്യാട്ടിന് നിർബ്ബന്ധ ബുദ്ധിയുണ്ടായിരുന്നു.  
  കടലിൽ പോകുന്ന അരയന്റെ ജീവൻ കരയിലിരിക്കുന്ന അരയത്തിപ്പെണ്ണിന്റെ പാതിവ്രത്യത്തിലാണെന്ന മുക്കുവതുറകളിൽ നില നിന്നിരുന്ന ഒരു വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ തകഴി എഴുതിയ  പ്രശസ്ത നോവലാണ് ചെമ്മീൻ .
Indian films that sparked the critic in me: Ramu Kariat's Chemmeen remains misunderstood and misrepresented – even by its admirers-Entertainment News , Firstpost
 എസ്.എൽ.പുരം സദാനന്ദനായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സത്യൻ, കൊട്ടാരക്കര , മധു, ഷീല, അടൂർ ഭവാനി ,എസ് പി പിള്ള തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മുഖ്യ താരങ്ങൾ . ചെമ്മീനിൽ കൊട്ടാരക്കര അവതരിപ്പിച്ച ചെമ്പൻകുഞ്ഞ് എന്ന കഥാപാത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഉജ്ജ്വല കഥാപാത്രങ്ങളിലൊന്നായിട്ടാണ് ഇന്നും വിലയിരുത്തപ്പെടുന്നത്.
ചെമ്മീൻ അഭ്രപാളികളിൽ പകർത്താൻ മാർക്സ് ബർട്ടലി എന്ന വിഖ്യാത ക്യാമറാമാനേയും  ഗാനങ്ങൾക്ക് സംഗീതം നൽകാൻ അന്ന് ഹിന്ദിയിൽ കത്തി നിന്നിരുന്ന സലീൽ ചൗധരിയേയും പ്രധാന പാട്ട് പാടാൻ ഹിന്ദി ഗായകനായ മന്നാ ദേയേയും, എഡിറ്റിങ്ങിനായി  ഋഷികേശ് മുഖർജി  എന്ന അതികായനേയും കാര്യാട്ട് മലയാള സിനിമയുടെ തട്ടകങ്ങളിലെത്തിക്കാൻ തീരുമാനിച്ചു.
 ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമകൾ മാത്രം നിർമ്മിക്കപ്പെട്ടിരുന്ന ആ കാലത്ത് തന്റെ സിനിമ കളറിൽ തന്നെ വേണമെന്ന നിർബന്ധബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു.
 കാര്യാട്ടിന്റെ വലിയ സ്വാധീനത്തിൽ ഇതെല്ലാം സംഘടിപ്പിച്ചുവെങ്കിലും 
ഈ ബിഗ്ബഡ്ജറ്റ് ചിത്രം നിർമ്മിക്കാൻ ഒരൊറ്റ നിർമ്മാതാവും മുന്നോട്ടു വന്നില്ല. അവസാനം അദ്ദേഹം തന്നെ  നിർമാതാവിനേയും കണ്ടെത്തി.
 വെറും പത്തൊൻപതു വയസ്സുള്ള ഒരു കൊച്ചു പയ്യൻ . പയ്യന് മീശ പോലും മുളച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ലത്രെ. സിനിമാ നിർമ്മാണം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത മട്ടാഞ്ചേരിയിലെ ഒരു വലിയ മുതലാളിയുടെ മകനായ ഇസ്മയിൽസേഠ് എന്ന ബാബു ആയിരുന്നു ഈ കഥാപാത്രം. ബന്ധുക്കളും നാട്ടുകാരും കളിയാക്കി പറഞ്ഞു ചിരിച്ച ബാബുവിന്റെ മഹാസാഹസം മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതുമെന്ന് അന്നാരും കരുതിയിരുന്നില്ല.  
  1965 ആഗസ്റ്റ് 19-ന് കൺമണി ഫിംലിംസിന്റെ ബാനറിൽ ചെമ്മീൻ എന്ന ചലച്ചിത്രകാവ്യം തിയേറ്ററുകളിലെത്തി. ആദ്യമായി  ഒരു മലയാള ചലച്ചിത്രം പ്രസിഡന്റിന്റെ സ്വർണമെഡൽ കരസ്ഥമാക്കി ചരിത്രത്തിലിടം നേടിയെന്ന്  മാത്രമല്ല ദക്ഷിണേന്ത്യയുടെ തന്നെ ആദ്യ സ്വർണമെഡലായിരുന്നു അത്. പിന്നീട്  ഏഴ് രാത്രികൾ , അഭയം, മായ ,നെല്ല് , ദ്വീപ് , അമ്മുവിന്റെ ആട്ടിൻ കുട്ടി എന്നീ ചിത്രങ്ങൾ  കാര്യാട്ട് സംവിധാനം ചെയ്തുവെങ്കിലും  ചെമ്മീനിന്റെ  ജനപ്രീതി നേടാൻ മറ്റൊരു ചിത്രത്തിനും കഴിഞ്ഞില്ല. 
 രമണൻ , സംഘഗാനം എന്നീ ചിത്രങ്ങളിൽ ഒരു അഭിനേതാവായി വെളളിത്തിരയിൽ രാമു കാര്യാട്ട് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .കാര്യാട്ടിന്റെ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം എന്നും എപ്പോഴും  മലയാള സിനിമയുടെ തിരുമുറ്റത്ത്  തങ്ങിനിൽക്കുന്നവയായിരുന്നു . നീലക്കുയിലിൽ പി.ഭാസ്ക്കരനും കെ രാഘവനുമായിരുന്നു സംഗീത ശില്പികൾ .
“മാനെന്നും  വിളിക്കില്ല
 മയിലെന്നുംവിളിക്കില്ല ….. “
 (മെഹബൂബ് ) 
“എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് ….. ” 
( ജാനമ്മ ഡേവിഡ് )  
“കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകിലുക്കിയ സുന്ദരീ..”
 (കെ.രാഘവൻ ) 
“എങ്ങിനെ നീ മറക്കും കുയിലേ….”
( കോഴിക്കോട് അബ്ദുൾ ഖാദർ ) 
“കുയിലിനെ തേടി കുയിലിനെ തേടി കുതിച്ചു പായും മാരാ … “
 (ജാനമ്മ ഡേവിഡ് ) 
എന്നീ ഗാനങ്ങൾ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും മനസ്റ്റിൽ നിന്നും ഒരിക്കലും മായുന്നില്ലല്ലോ ? ചെമ്മീനിലും നെല്ലിലും എഴുരാത്രികളിലും വയലാർ സലീൽ ചൗധരി ടീമായിരുന്നു പാട്ടിന്റെ പാലാഴികൾ തീർത്തത് .
 ” കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന …. “
 ( പി സുശീല )
 ” നീലപൊന്മാനേ എൻ്റെ നീലപൊന്മാനേ…. “
(യേശുദാസ് , മാധുരി ) 
 ” കദളി ചെങ്കദളി ….. “
 (ലതാ മങ്കേഷ്ക്കർ -നെല്ല്)
“കടലിനക്കരെപോണോരെ …. “
 (യേശുദാസ്) 
 “മാനസമൈനേ വരൂ…”
(മന്നാ ദേ ) 
Maanasa Maine Varoo [4K video] | മാനസമൈനേ വരൂ | Manna Dey - YouTube
https://youtu.be/mDmhV6Vl9do?t=3
  “പുത്തൻ വലക്കാരെ …. “
 (യേശുദാസ് , ഉദയഭാനു ,ലീല )
“പെണ്ണാളെ പെണ്ണാളെ…”
 (യേശുദാസ് ,ലീല –  ചെമ്മീൻ)
   ” കാക്കക്കറുമ്പികളേ …”
 (യേശുദാസ് ,ലീല ,ലതാ രാജു , ആന്റോ ഏഴു രാത്രികൾ) 
 “കാടാറുമാസം … “
(യേശുദാസ് , ഏഴു രാത്രികൾ)
 ” തളിരിട്ട കിനാക്കൾ തൻ ..”
 ( മൂടുപടം – പി ഭാസ്ക്കരൻ ബാബുരാജ് – ജാനകി )
“സന്ധ്യയ്ക്കെന്തിനു സിന്ദൂരം … “
 (മായ –  ശ്രീകുമാരൻ  തമ്പി – ദക്ഷിണാമൂർത്തി – ജയചന്ദ്രൻ )
“കടലേ നീലക്കടലേ …”
(ദ്വീപ് – യൂസഫലി – ബാബുരാജ് –തലത്ത് മെഹമ്മൂത് )
Hit Song | Kadale Neelakkadale | Dweep | Malayalam Film Song - YouTube
https://youtu.be/RABxci0TQcg?t=7
എന്നിവയെല്ലാം കാര്യാട്ടിന്റെ ചിത്രങ്ങളിലെ മധുര  ഗാനങ്ങളായിരുന്നു.
1927 ഫെബ്രുവരി 1 – ന്  ജനിച്ച രാമുകാര്യാട്ടിന്റെ ജന്മവാർഷിക ദിനമാണിന്ന്. 
മലയാളസിനിമയെ വിശ്വചക്രവാളത്തിലെത്തിച്ച ഈ ചലച്ചിത്രകുലപതി ഓരോ മലയാളിയുടേയും സ്വകാര്യ അഹങ്കാരമാണെന്ന് ഈ ദിവസമെങ്കിലും ഓർക്കാതിരിക്കാൻ വയ്യ.
————————————————————

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക