സതീഷ് കുമാർ
വിശാഖപട്ടണം
1972 – ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ “സ്വയംവരം “എന്ന ചിത്രത്തിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രം വന്നു പോകുന്ന ഒരു കഥാപാത്രമുണ്ട്.
ജീവിതമാർഗ്ഗമായ തൊഴിൽ നഷ്ടപ്പെട്ടതിന്റെ ഹൃദയവേദന മുഴുവൻ മുഖത്ത് പ്രകടമാവുന്ന
ആ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചത് തിരുവരങ്ങിന്റെ നാടകങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന ചിറയിൻകീഴ് സ്വദേശിയായ ഗോപിനാഥൻനായർ എന്ന നടനായിരുന്നു.
ആ ചെറുപ്പക്കാരനിലെ നടനവൈഭവം തിരിച്ചറിഞ്ഞ അടൂർ ഗോപാലകൃഷ്ണൻ 1977 -ൽ താൻ സാക്ഷാത്ക്കാരം നൽകിയ “കൊടിയേറ്റം “എന്ന സിനിമയിലെ നായകകഥാപാത്രത്തെ ഈ ചെറുപ്പക്കാരന് നൽകി . അടൂർഗോപാലകൃഷ്ണന്റെ ദീർഘവീക്ഷണം തെറ്റിയില്ല.
“കൊടിയേറ്റം “എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള “ഭരത് ” അവാർഡ് കരസ്ഥമാക്കിയ ആ നടൻ പിന്നീട് അറിയപ്പെട്ടത് “ഭരത് ഗോപി ” എന്ന പേരിലാണ്. അതുവരെ ഇന്ത്യൻ സിനിമയുടെ തിരശ്ശീലകളിൽ നിറഞ്ഞ് നിന്നിരുന്ന ചോക്ലേറ്റ് നായകന്മാരെ പിന്തള്ളി മജ്ജയും മാംസവും വികാരങ്ങളും വിചാരങ്ങളുമുള്ള സാധാരണ മനുഷ്യരുടെ ദൈന്യഭാവങ്ങളെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുവാൻ കഴിഞ്ഞത് ഭരത് ഗോപിയെ പോലുള്ള നടന്മാരിലൂടെയാണ്.
പിൽക്കാലത്ത് മലയാള സിനിമയുടെ ചരിത്രവീഥികൾക്ക് ചൈതന്യം പകർന്ന കെ.ജി.ജോർജ്ജിന്റെ” യവനിക “എന്ന സിനിമയിലെ തബലിസ്റ്റ് അയ്യപ്പൻ എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി ഭരത് ഗോപി എന്ന അഭിനയകലയുടെ മർമ്മമറിഞ്ഞ ഈ നടന്റെ ഭാവഗരിമ ഓർമ്മിച്ചെടുക്കുവാൻ .
അതിശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ വ്യാകരണ സങ്കല്പങ്ങൾ തിരുത്തിയെഴുതിയ ഈ നടൻ വളരെ കുറച്ച് ഗാനരംഗങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ !
ഇതിൽ ഏറ്റവും പ്രധാനമാണ് ഫാസിലിന്റെ “എന്റെ മാമാട്ടിക്കുട്ടിയമ്മ ” .ബിച്ചു തിരുമല എഴുതി ജെറി അമൽദേവ് ഈണം പകർന്ന ഈ ചിത്രത്തിലെ
“ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി ….. “
https://youtu.be/c0SVpPTN2HI?t=20
“കണ്ണോട് കണ്ണോരം നീ കണിമലരല്ലേ ….. “
https://youtu.be/HCIuR7MP5OI?t=8
“മൗനങ്ങളെ ചാഞ്ചാടുവാൻ …..”
https://youtu.be/2TIJ-Q-kn2U?t=22
എന്നീ ഗാനങ്ങളിലെ ഗോപിയുടെ പ്രകടനം അവിസ്മരണീയമായിരുന്നു.
ശ്രദ്ധിക്കപ്പെട്ട മറ്റൊരു ഗാനരംഗമുള്ളത്
“രേവതിക്കൊരു പാവക്കുട്ടി ” എന്ന ചിത്രത്തിലാണ് .
“ചിന്നക്കുട്ടി ചെല്ലക്കുട്ടി
തങ്കക്കട്ടി …..”
എന്ന ഗാനത്തിന്റെ വരികൾ ബിച്ചു തിരുമലയും സംഗീതം പകർന്നത് ശ്യാമും ആയിരുന്നു.
ഭരതന്റെ ചിത്രമായ കാറ്റത്തെ കിളിക്കൂടിൽ കാവാലം എഴുതി ജോൺസൺ സംഗീതം പകർന്ന് ജാനകി പാടിയ
“ഗോപികേ നിൻവിരൽത്തുമ്പുരുമ്മി വിതുമ്പി …..”
എന്ന ഗാനരംഗത്തിലും ഈ ചിത്രത്തിലെ“കൂവരം കിളിക്കൂട് ….” എന്ന സുജാതയും ബ്രഹ്മാനന്ദനും പാടിയ പാട്ടിലും ഗോപിയുടെ സാന്നിധ്യം ഒരു നിഴൽചിത്രം പോലെ അനുഭവപ്പെടുന്നുണ്ട് .
നടൻ എന്നതിലുപരി ഒരു എഴുത്തുകാരനും സംവിധായകനുമായിരുന്നു ഭരത് ഗോപി . ഞാറ്റടി , യമനം, ഉത്സവപ്പിറ്റേന്ന് ,എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങൾ അദ്ദേഹമാണ് സംവിധാനം ചെയ്തത്.
നാലു തവണ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയെടുത്തത് ഭരത് ഗോപിയായിരുന്നു. കൊടിയേറ്റം (1977) ഓർമ്മയ്ക്കായ് (1982) എന്റെ മാമാട്ടിക്കുട്ടിയമ്മ (1983) ചിദംബരം(1985) എന്നിവയായിരുന്നു ആ ചിത്രങ്ങൾ.
സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ” അനുഭവം അഭിനയം ” എന്ന ഗ്രന്ഥത്തിന്റെ രചയിതാവു കൂടിയായ ഭരത് ഗോപിയുടെ ജീവിതത്തിന് “യവനിക” വീഴുന്നത് 2008 ജനുവരി 29 – ന് ആയിരുന്നു.
നാട്യശാസ്ത്രത്തിന്റെ താളുകളെ പ്രേക്ഷക മനസ്സുകളിലേക്ക് അനുഭവവേദ്യമാക്കിയ നടന വിസ്മയത്തിന് അദ്ദേഹത്തിന്റെ ഈ ഓർമ്മദിനത്തിൽ പ്രണാമമർപ്പിക്കട്ടെ .
——————————————————————————-
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
—————————— —————–
Post Views: 326