സതീഷ് കുമാർ വിശാഖപട്ടണം
രാമായണത്തിലെ രാമലക്ഷ്മണന്മാരെ പോലെയായിരുന്നു മലയാളസിനിമയിൽ പ്രേംനസീറും അടൂർഭാസിയും .
രാമായണത്തിൽ നായകനായ രാമനോടൊപ്പം സഹായിയായി ലക്ഷ്മണൻ എന്നുമുണ്ടായിരുന്നുവല്ലോ.മലയാള സിനിമയിലും അങ്ങനെ തന്നെയായിരുന്നു. നായകൻ നസീർ ആണെങ്കിൽ ഉപനായകനായി ഭാസിയും ഉണ്ടായിരിക്കും. പ്രേക്ഷകർക്കും ഈ അപൂർവ ജോഡികളെ വളരെ ഇഷ്ടമായിരുന്നു.
ലോക റെക്കോർഡ് സൃഷ്ടിച്ച പ്രേംനസീർ, ഷീല ജോടിയേക്കാൾ ഏകദേശം ഇരട്ടി വരും നസീറും ഭാസിയും കൂടെ ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ . നായകനോടൊത്ത് കോമഡി സ്റ്റണ്ട് ചെയ്യാനും നായികയെ പ്രണയിക്കാനൊരു ഹംസമായും വില്ലൻ തട്ടിക്കൊണ്ടുപോയ നായികയെ മോചിപ്പിക്കാനായി വേഷം മാറി പോകുമ്പോൾ ആടാനും പാടാനുമെല്ലാം ഒരു ശിങ്കിടിയായി എത്രയോ ചിത്രങ്ങളിലാണ് നസീറും ഭാസിയും നമ്മളെ പൊട്ടിച്ചിരിപ്പിച്ചത്.
മലയാള സിനിമയുടെ ചരിത്രത്തിൽ നായകന്റെ ശിങ്കിടിയായി നിറഞ്ഞു നിന്നുകൊണ്ട് പകർന്നാടാൻ ഭാഗ്യമുണ്ടായത് ” അടൂർഭാസി ” എന്ന നടനാണ്.
പ്രേംനസീർ 600-ൽ പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ 300 ചിത്രങ്ങളിലെങ്കിലും അടൂർഭാസി നസീറിന്റെ കൂടെ സഹനടനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശിങ്കിടിക്കും കാണും ഒരു ചെറിയ അടുക്കള പ്രേമം . ശ്രീലത എന്ന നടിയായിരുന്നു അടൂർ ഭാസിയുടെ പ്രേമഭാജനമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനായി ഒട്ടുമിക്ക ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടത് .
അടൂർ ഭാസി എന്ന നടനെ സംബന്ധിച്ചിടത്തോളം കലാപാരമ്പര്യം പൈതൃകമായി തന്നെ കൈവന്നതായിരുന്നു. ഹാസ്യസാഹിത്യകാരനായ ഇ.വി. കൃഷ്ണപിള്ളയുടെയും സാഹിത്യകാരൻ തന്നെയായ സി വി രാമൻ പിള്ളയുടെ മകൾ മഹേശ്വരിയമ്മയുടേയും മകനായി ജനിച്ച ഭാസ്കരൻനായർ എന്ന ഭാസി പത്രപ്രവർത്തനവും നാടകാഭിനയവുമെല്ലാം കഴിഞ്ഞാണ് സിനിമയിലെത്തുന്നത്.
“തിരമാല “ആയിരുന്നു ആദ്യ ചിത്രമെങ്കിലും രാമുകാര്യാട്ട് സംവിധാനം ചെയ്ത “മുടിയനായപുത്ര ” നിലെ കരയോഗം കൃഷ്ണൻ നായർ എന്ന കഥാപാത്രം അടൂർഭാസിക്ക് മലയാളചലച്ചിത്രരംഗത്ത് ഒരു വഴിത്തിരിവായിത്തീർന്നു.
എഴുപതുകളിൽ അടൂർഭാസി ഇല്ലാത്ത ഒരു ചിത്രത്തെ സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഭാസിയും ബഹദൂറും ഒരുമിച്ച് സൃഷ്ടിച്ചിരുന്ന ഹാസ്യരംഗങ്ങൾ മലയാളസിനിമയിലെ ബോക്സ് ഓഫീസ് ഫോർമുല കൂടിയായിരുന്നു.
എന്നാൽ ഒരു ഹാസ്യനടനിൽ ഒതുങ്ങി നിൽക്കാതെ വില്ലനായും സഹനടനായും നായകനായും വിസ്മയകരമായ പ്രകടനം ഇദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാനപുരസ്ക്കാരം രണ്ടുതവണ ഭാസിക്ക് ലഭിക്കുകയുണ്ടായി. (ചട്ടക്കാരി, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ).
ആദ്യപാഠം ,രഘുവംശം,അച്ചാരം അമ്മിണി ഓശാരം ഓമന തുടങ്ങിയ ചിത്രങ്ങൾ ഭാസി സംവിധാനം ചെയ്തിട്ടുമുണ്ട്. എൻ ശങ്കരൻനായർ സംവിധാനം ചെയ്ത “മദനോത്സവം ” എന്ന ചിത്രത്തിന്റെ സംഭാഷണം എഴുതിയത് അടൂർഭാസിയായിരുന്നു. നടനും സംവിധായകനും മാത്രമല്ല നല്ലൊരു ഗായകൻ കൂടിയായിരുന്നു അടൂർഭാസി.
ഹാസ്യ ഗാനങ്ങൾക്ക് തന്റേതായ ശൈലിയിലൂടെ പുതിയൊരു മാനം നൽകി ഒരു ഡസനിലധികം ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചഭിനയിച്ചത് മലയാള സിനിമയിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു വലിയ ബഹുമതി തന്നെയാണ്.
“ഒരു രൂപാ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും …” (ലോട്ടറി ടിക്കറ്റ് )
“തള്ള് തള്ള് തള്ള് തള്ള്
പന്നാസ് വണ്ടി … ” (ആഭിജാത്യം )
“കടുവ കള്ള കടുവ …”
(മറവിൽ തിരിവ് സൂക്ഷിക്കുക )
“കുരുവിപ്പെട്ടി നമ്മുടെ പെട്ടി … “
(സ്ഥാനാർഥി സാറാമ്മ )
“വെളുത്ത വാവിനും മക്കൾക്കും വെള്ളി തലേക്കെട്ട്”…. “
(ചക്രവാകം )
“ചിഞ്ചില്ലും ചിലും ചിലും…”
(വിദ്യാർത്ഥികളെ ഇതിലേ ഇതിലേ )
“അങ്ങാടിമരുന്നുകൾ ഞാൻ ചൊല്ലിത്തരാമോരോന്നായ് …”
(അമൃതവാഹിനി)
എന്നിവയൊക്കെ അടൂർ ഭാസി പാടി അനശ്വരമാക്കിയ ഹാസ്യഗാനങ്ങളാണ്.
ഈ ഗാനരംഗങ്ങളിലെല്ലാം അടൂർഭാസി തന്നെയാണ് പ്രത്യക്ഷപ്പെട്ടതും. അമൃതവാഹിനിയിലെ
“അങ്ങാടി മരുന്നുകൾ ഞാൻ
ചൊല്ലി തരാം ഓരോന്നായി… “
എന്ന പാട്ട് എഴുതി കൊണ്ട് ഗാനരചയിതാവായും ഈ ഹാസ്യ ചക്രവർത്തി അറിയപ്പെട്ടിട്ടുണ്ട് .
ഈ പാട്ട് വെള്ളിത്തിരയിലെ കഥാപാത്രങ്ങളെ പോലെ തന്നെ അടൂർ ഭാസിയും ശ്രീലതയും
പാടിക്കൊണ്ട് ഒരേ സമയം പാട്ടുപാടി അഭിനയിക്കുന്ന മലയാളത്തിലെ ആദ്യ ഹാസ്യജോടികളായി ഇവർ.
1927 – മാർച്ച് 1 -ന് ജനിച്ച അടൂർ ഭാസി എന്ന മലയാള സിനിമയിലെ സകലകലാ വല്ലഭൻ ഓർമ്മയാകുന്നത് 1990 മാർച്ച് 29 – നായിരുന്നു. ഇന്ന് അടൂർ ഭാസിയുടെ ജന്മവാർഷികദിനം …
മലയാള സിനിമയെ ഒരു കാലഘട്ടത്തിൽ തന്റെ അസാമാന്യ പ്രതിഭ കൊണ്ട് അമ്മാനമാടിയ ഇതിഹാസ താരത്തിനെ കലാകേരളത്തിന് എങ്ങനെയാണ് മറക്കാൻ കഴിയുക …..?
————————————————————————–
(സതീഷ് കുമാർ : 9030758774)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക