സതീഷ് കുമാർ വിശാഖപട്ടണം
മലയാള സാഹിത്യത്തിലെ എതിർപ്പിന്റെ ശബ്ദമായിരുന്നു കേശവദേവ് .
സാഹിത്യത്തിൽ മാത്രമല്ല ജീവിതത്തിലും വ്യവസ്ഥിതികൾക്കെതിരെ നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രയാണം . അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ഹൃദയനൊമ്പരങ്ങൾ സാഹിത്യത്തിൽ ഇടം പിടിക്കുന്നത് കേശവദേവിലൂടെയാണ് .
എഴുത്തുകാരൻ എന്ന നിലയിൽ കേശവദേവിനെ ഏറ്റവും ശ്രദ്ധേയനാക്കിയ കൃതിയാണ് “ഓടയിൽ നിന്ന് ‘ .
മലയാള സാഹിത്യലോകത്ത് ഈ കൃതിക്ക് ലഭിച്ച സ്വീകാര്യത അത്ഭുതാവാഹമായിരുന്നു .
സ്നേഹരാഹിത്യത്തിൻ്റെയും നന്ദികേടിൻ്റേയും ശാദ്വലഭൂമിയിൽ എരിഞ്ഞുതീരുന്ന ഒരു സാധാരണ മനുഷ്യൻ്റെ കഥ പറഞ്ഞ ഈ കൃതിയുടെ തമിഴ് വിവർത്തനം വായിച്ചിട്ടാണ്
കെ എസ് സേതുമാധവൻ ഇതൊരു ചലച്ചിത്രമാക്കാൻ താൽപര്യം പ്രകടിപ്പിച്ചത്.
തിരുമുരുകൻ പിക്ച്ചേഴ്സിന്റെ ബാനറിൽ എം വി ആനന്ദും പി രങ്കരാജനും നിർമ്മിച്ച “ഓടയിൽ നിന്ന് ” എന്ന ചിത്രത്തിൽ സത്യൻ , പ്രേംനസീർ , കവിയൂർപൊന്നമ്മ ,കെ.ആർ. വിജയ എന്നിവരായിരുന്നു മുഖ്യ താരങ്ങൾ .
സമൂഹത്തിൽ ഏറ്റവും താഴത്തെ തട്ടിൽ ജീവിക്കുന്നവരുടെ പ്രതീകമായ പപ്പുവായി സത്യൻ നടത്തിയ പകർന്നാട്ടം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത് .
വയലാറിന്റെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം പകർന്നു.
https://youtu.be/QypDZMsyS9c?t=9
“കാറ്റിൽ ഇളം കാറ്റിൽ … “
എന്ന സുശീല പാടിയ ഗാനത്തിലൂടെ കെ.ആർ.വിജയ എന്ന തമിഴ് നടി മലയാളികളുടെ മനസ്സിൽ കുടിയേറുന്നത് ഈ ചിത്രത്തിലൂടെയാണ്. ഗാനരംഗത്ത് സ്റ്റേജിലിരിക്കുന്ന പ്രേംനസീറിന്റെ മുഖസൗന്ദര്യം അക്കാലത്ത് ഒട്ടേറെ യുവതികളുടെ ഉറക്കം കെടുത്തിയിരുന്നുവത്രെ!
സിനിമയിലെ നിലവിലുള്ള നായികാ നായക സങ്കൽപ്പങ്ങൾ തിരുത്തിക്കുറിച്ച ചിത്രം കൂടിയാണ് ഓടയിൽ നിന്ന് .കവിയൂർ പൊന്നമ്മ ആയിരുന്നു ചിത്രത്തിലെ നായിക.
“അമ്പലക്കുളങ്ങരെ കുളിക്കാൻ ചെന്നപ്പോൾ അയലത്തെ പെണ്ണുങ്ങൾ കളിയാക്കി…
എന്ന പി.ലീല പാടിയ മനോഹര ഗാനരംഗത്തിൽ കവിയൂർ പൊന്നമ്മയാണ് അഭിനയിച്ചത്.
“മുറ്റത്തെ മുല്ലയിൽ
മുക്കുറ്റി മുല്ലയിൽ … “
( എസ് ജാനകി )
“മാനത്തു ദൈവമില്ല …”
(എ എം രാജാ )
“ഓ റിക്ഷാ വാലാ .. “.( മെഹബൂബ് )
“അമ്മേ അമ്മേ അമ്മേ
നമ്മുടെ അമ്പിളി അമ്മാവൻ എപ്പോ വരും … ” ( രേണുക )
“വണ്ടിക്കാരാ വണ്ടിക്കാരാ
വഴി വിളക്ക് തെളിഞ്ഞു …”
(യേശുദാസ്)
https://youtu.be/-yQ_PvAHWOI?t=9
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ …
പ്രശസ്ത നടൻ സുരേഷ് ഗോപി ബാലതാരമായി തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. പപ്പുവിന്റെ ചെറുപ്പകാലം അഭിനയിച്ചത് പിൽക്കാലത്ത് മലയാള സിനിമയിലെ സൂപ്പർ താരപദവി കൈവരിച്ച സുരേഷ് ഗോപിയായിരുന്നു.
1965 മാർച്ച് 5-ന് അഭ്രപാളികളിൽ എത്തിയ “ഓടയിൽനിന്ന് ” എന്ന ചിത്രം അൻപത്തിയൊമ്പതാം പിറന്നാളിലേക്ക് കടന്നിരിക്കുന്നു .
മികച്ച സാഹിത്യ സൃഷ്ടികൾക്ക് സിനിമകളിലൂടെ കൂടുതൽ ജനപ്രീതിയാർജ്ജിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ചലച്ചിത്രരംഗത്ത് കൈവന്നതിൽ ഈ ചിത്രത്തിന്റെ വിജയം വഹിച്ച പങ്ക് ചെറുതായിരുന്നില്ല.
===================================
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 258