സതീഷ് കുമാർ വിശാഖപട്ടണം
ചലച്ചിത്രഗാനങ്ങളുടെ ചരിത്രമെടുത്താൽ ഏതു ഭാഷയിലായാലും ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതപ്പെട്ടിട്ടുള്ളത് പ്രണയത്തെ ആസ്പദമാക്കിയാണ് .
കാമുകീകാമുകന്മാരുടെ ഹൃദയ സങ്കല്പങ്ങളും സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം അക്ഷരരൂപത്തിലൂടെ പൂത്തുലഞ്ഞപ്പോഴൊക്കെ അത് ആസ്വാദകമനസ്സിലും അനുഭൂതികളുടെ ആന്ദോളനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് …
പ്രണയവിവശനായ കാമുകൻ കാമുകിയുടെ ഓരോ അണുവിലും സൗന്ദര്യം ദർശിക്കുന്നു.
അവളുടെ രൂപവും ഭാവവും ചിരിയും കള്ളനോട്ടവും കൊഞ്ചലുമെല്ലാം കാമുക ഹൃദയങ്ങളെ എന്നും എപ്പോഴും പ്രണയലഹരിയുടെ ആനന്ദസാഗരങ്ങളിൽ ആറാടിച്ചു കൊണ്ടേയിരിക്കും ….
1977 -ൽ പുറത്തുവന്ന “രാജപരമ്പര ” എന്ന ചിത്രത്തിൽ പ്രണയിനിയുടെ ചിരി നായകനെ രാഗവിവശനാക്കുന്നത് എങ്ങനെയാണെന്ന് കണ്ടാലും ….
“ദേവി നിൻ ചിരിയിൽ
കുളിരോ പാലൊളിയോ
അനുദിനമനുദിനമെന്നിൽ
നിറയും ആരാധനാ
മധുരാഗം നീ ..
എഴുപതുകളിൽ ഒട്ടേറെ കാമുക ഹൃദയങ്ങളെ ആവേശം കൊള്ളിച്ച ഈ ഗാനം എഴുതിയത് അപ്പൻ തച്ചേത്ത് എന്ന ഒരു പുതിയ ഗാനരചയിതാവായിരുന്നു.
ഡോക്ടർ ബാലകൃഷ്ണന്റെ “സിന്ദൂരം “എന്ന ചിത്രത്തിലൂടെയാണ് അപ്പൻ തച്ചേത്ത് ഗാനരചയിതാവാകുന്നത് …
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒട്ടേറെ മനോഹര ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സത്യൻ അന്തിക്കാട് , ഭരണിക്കാവ് ശിവകുമാർ , കോന്നിയൂർ ഭാസ് , ശശികലാമേനോൻ എന്നിവരൊക്കെ ഈ ചിത്രത്തിൽ പാട്ടുകൾ എഴുതിയിരുന്നു.
മലയാള ചലച്ചിത്ര ഗാനരചയിതാക്കളുടെ ഇടയിൽ അപ്പൻ തച്ചേത്തിന് ഒരു അംഗീകാരം ലഭിക്കുന്നത് ഈ ഗാനത്തോടെയാണ് .
പിന്നീട് അദ്ദേഹം ഏതാനും ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതിയെങ്കിലും ഈ ഗാനത്തിന്റെ പ്രശസ്തി മറ്റൊരു ഗാനത്തിനും കിട്ടിയില്ല…
പാട്ടിന്റെ അനുപല്ലവി കൂടി വളരെ മനോഹരമായിരുന്നു…
“മനസ്സിലെ തുളസീ തീർത്ഥക്കരയിൽ തപസ്സിരുന്നൊരെൻ മോഹം
നിൻ ദിവ്യ നൂപുരധ്വനിയിലുണർന്നൂ
നിർമ്മല രാഗാർദ്ര
ഭാവമായ് തീർന്നു…..
മനസ്സിൽ പ്രണയം തേൻമഴയായി പെയ്തിറങ്ങുമ്പോൾ പിന്നെ അവളെ സ്വന്തമാക്കാനുള്ള ആഗ്രഹമായിരിക്കും ഏതൊരു കാമുകന്റേയും സ്വപ്നങ്ങളിൽ …
ഈ ഗാനവും പുരോഗമിക്കുന്നത് അങ്ങനെ തന്നെ ….
“ചിത്രവർണ്ണാങ്കിത
ശ്രീകോവിലിൽ ഞാൻ നിത്യസിംഹാസനം
നിനക്കായ് തീർത്തു
സ്നേഹോപാസനാ
മന്ത്രവുമോതി സ്നേഹമയീ
ഞാൻ കാത്തിരിപ്പൂ….”
1937 നവംബർ 10-ാം തീയതി ഇടപ്പള്ളി വെണ്ണലത്ത് എളങ്കുളത്ത് തച്ചേത്ത് തറവാട്ടിൽ ജനിച്ച നീലകണ്ഠ മേനോൻ എന്ന അപ്പൻ തച്ചേത്തിന്റെ ജന്മവാർഷികദിനമാണിന്ന്.
2011 ജൂലൈ 3ന് ഈ ഗാനരചയിതാവ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും , ഒരൊറ്റ ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന് ചലച്ചിതഗാനരചനാരംഗത്ത് സ്വന്തം സിംഹാസനം തീർത്ത ഈ ഗാനരചയിതാവിന്റെ ഓർമ്മകൾ സംഗീത പ്രേമികളുടെ മനസ്സിൽ ഒരു കുളിരണിഞ്ഞ മധുരാഗം പോലെ എന്നുമെന്നും നിറഞ്ഞു നിൽക്കുകയാണെന്ന് പറയാതിരിക്കാൻ വയ്യ …
————————————————————————————————-