സതീഷ് കുമാർ വിശാഖപട്ടണം
1975-ൽ പുറത്തിറങ്ങിയ ക്രോസ് ബെൽറ്റ് മണിയുടെ “പെൺപട “എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് ആർ. കെ. ശേഖർ ആയിരുന്നു.
വെറും പതിനൊന്നു വയസ്സ് പ്രായമുള്ള എല്ലാവിധ സംഗീതോപകരണങ്ങളിലും വളരെ വൈദഗ്ദധ്യം കാണിച്ചിരുന്ന മകൻ ദിലീപായിരുന്നു പിതാവിനെ സംഗീതസംവിധാനത്തിൽ സഹായിച്ചിരുന്നത്…
ഈ ബാലന്റെ സംഗീതത്തിലുള്ള അസാമാന്യ പാടവം കണ്ട ആർ കെ ശേഖറിന്റെ സുഹൃത്തായ മലയാള സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ “പെൺപട ” എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ഈ കുട്ടിയെക്കൊണ്ട് സംഗീതം ചെയ്യിപ്പിച്ചു .
അങ്ങനെ പതിനൊന്നാം വയസ്സിൽ പെൺപടയിലെ
“വെള്ളിത്തേൻ കിണ്ണം പോൽ വെണ്ണക്കൽശില്പം പോൽ….”
https://youtu.be/Xd8XEN8IE30?t=16
എന്ന ജയചന്ദ്രൻ പാടിയ പാട്ടിന് സംഗീതസംവിധാനം നിർവഹിച്ചുകൊണ്ട് ദിലീപ് എന്ന ബാലൻ തന്റെ സംഗീതയാത്ര ആരംഭിക്കുന്നു. നിർഭാഗ്യവശാൽ തൊട്ടടുത്തവർഷം ആർ കെ ശേഖർ അന്തരിച്ചു .അതോടെ ആ കുടുംബം അനാഥമായി .
സംഗീത ഉപകരണങ്ങൾ വാടകക്ക് കൊടുത്തു കിട്ടിയിരുന്ന ചെറിയ വരുമാനമായിരുന്നു ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ആ കുടുംബത്തിന്റെ ഏക ഉപജീവനമാർഗ്ഗം. കഷ്ടപ്പാടുകൾക്കിടയിൽ വിദ്യാഭ്യാസം നിലച്ചു പോയെങ്കിലും ആ കുട്ടി സംഗീത പഠനം തുടർന്നു. ചെന്നൈയിലെ ട്രിനിറ്റി കോളേജിൽ പഠിച്ചു കൊണ്ട് ദിലീപ്
പാശ്ചാത്യസംഗീതത്തിൽ ഉന്നത ബിരുദം കരസ്ഥമാക്കി…
എം എസ് വിശ്വനാഥൻ അടക്കമുള്ള പ്രമുഖ സംഗീതജ്ഞരുടെ ഓർക്കസ്ട്ര ടീമിൽ അംഗമായി സംഗീതത്തിന്റെ വിവിധവശങ്ങൾ ഈ കുട്ടി പഠിച്ചെടുത്തു. പിന്നീട് പരസ്യചിത്രങ്ങളിൽ പശ്ചാത്തല സംഗീതം ഒരുക്കാൻ തുടങ്ങി . ഹൈദരാബാദിലെ പ്രശസ്തമായ ആൽവിൻ വാച്ചിനു വേണ്ടി ആയിരുന്നു ആദ്യത്തെ പശ്ചാത്തലസംഗീതം…
ആ സിംഫണി ഇഷ്ടപ്പെട്ട ടൈറ്റാൻ വാച്ച് കമ്പനിയും അവരുടെ പരസ്യ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഈ യുവാവിനെ ഏൽപ്പിക്കുന്നു. ഇതിനിടയിൽ മദ്രാസിലെ കരിമുള്ള ഖാദിരി എന്ന സൂഫിയുടെ സംരക്ഷണത്താലും അനുഗ്രഹത്താലും ജീവിച്ചിരുന്ന ആ കുടുംബം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിൽ ആകർഷിക്കപ്പെട്ട് ഇസ്ലാം മതത്തിലേക്ക് മാറിയതോടെ ദിലീപ് എന്ന സംഗീത വിദ്യാർത്ഥി ഒരു പുതിയ പേര് സ്വീകരിച്ചു. ” എ .ആർ . റഹ്മാൻ ” ….
ടൈറ്റാൻ വാച്ചിന്റെ പരസ്യ പശ്ചാത്തലസംഗീതം ഇഷ്ടപ്പെട്ട പ്രമുഖ മലയാള സംവിധായകൻ സന്തോഷ് ശിവൻ താൻ സംവിധാനം ചെയ്യുന്ന “യോദ്ധ “യുടെ സംഗീത സംവിധാനത്തിനായി റഹ്‌മാനെ ക്ഷണിക്കുന്നു…
ഈ കാലത്തു തന്നെയാണ് മലയാളിയുടെ ദൃശ്യസംസ്ക്കാരത്തിന് അടിത്തറ പാകിയ ഏഷ്യാനെറ്റ് സംപ്രേഷണം തുടങ്ങിയതും , എ .ആർ.റഹ്മാൻ സംഗീത
സംവിധാനം നിർവ്വഹിച്ച “ശ്യാമസുന്ദരകേരകേദാരഭൂമി ….” എന്ന അവതരണ ഗാനം കേരളമാകെ അലയടിച്ചുയർന്നതും …
അതോടൊപ്പം തമിഴ് സംവിധായകൻ മണിരത്നവും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ “റോജ “യുടെ സംഗീതസംവിധായകനായി റഹ്മാനെ തിരഞ്ഞെടുത്തു.
https://youtu.be/1A23EcPCEkc?t=7
റോജയിലെ “ചിന്ന ചിന്ന ആശൈ …..”അടക്കമുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ ദക്ഷിണേന്ത്യ മുഴുവൻ അലയടിച്ചതോടെ എ .ആർ.റഹ്മാൻ എന്ന സംഗീത ചക്രവർത്തിയുടെ ഒരു പുതിയ സംഗീതയുഗം തന്നെ ആരംഭിക്കുകയായിരുന്നു.
ജെൻറിൽമാൻ ,കാതലൻ , ബോംബെ ,മുതൽവൻ എന്നീ ചിത്രങ്ങളിലൂടെ തുടർന്ന റഹ്മാന്റെ തേരോട്ടം ” ദിൽ സേ “യിലൂടെ ഹിന്ദിയിലേക്കും എത്തി. “സ്ലംഡോഗ് മില്യണറി “ലൂടെ ആ സംഗീത സാർവ്വഭൗമൻ ഹോളിവുഡിന്റെ കോട്ടക്കൊത്തളങ്ങളിൽ എത്തിയതോടെ ലോക സംഗീതത്തിന്റെ അനന്ത വിഹായസ്സിൽ ജ്വലിച്ചുയർന്ന ഒരു ഇന്ത്യൻ പ്രതിഭയുടെ താരത്തിളക്കം സംഗീതലോകം തിരിച്ചറിയുകയായിരുന്നു.
ഗോൾഡൻ ഗ്ലോബ്, ഗ്രാമി, ഓസ്കാർ മുതലായ ലോകോത്തര ബഹുമതികൾ കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് റഹ്മാൻ .അന്നുവരെ ഒരു ഇന്ത്യക്കാരനും ലഭിക്കാത്ത ആ അപൂർവ്വ സൗഭാഗ്യങ്ങളിലൂടെ ഈ ചെറുപ്പക്കാരൻ ഭാരതത്തിന്റെ അഭിമാനമായി മാറി.
“ആയിരം പൂക്കൾ വിരിയട്ടെ
ആയിരം വർണ്ണങ്ങൾ വിതറട്ടെ ….”
എന്ന കവി വാക്യത്തെ അർത്ഥവത്താക്കിക്കൊണ്ട് റഹ്മാൻ എന്ന സംഗീതജ്ഞന്റെ സർഗ്ഗ വൈഭവം ഇന്ന് ലോകത്തിന്റെ നെറുകയിലേക്ക് പടർന്നുകയറുന്നത് അത്ഭുതത്തോടെ അല്ലാതെ നോക്കി കാണാനാവില്ല.
1967 ജനുവരി 6 ന് ജനിച്ച എ ആർ .റഹ്‌മാന്റെ ജന്മദിനമാണിന്ന്.
ലോക സംഗീതത്തിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഈ ശുക്രനക്ഷത്രത്തിന്റെ ജൈത്ര യാത്ര നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണെന്നുള്ള വിനീതമായ ഓർമ്മകളിലൂടെ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്നു…
———————————————————————
( സതീഷ് കുമാർ : 9030758774 )
Post Views: 277