സതീഷ് കുമാർ
വിശാഖപട്ടണം
1982 -ൽ ഉമ ആർട്സിന്റെ ബാനറിൽ മധു നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്ത ചിത്രമായിരുന്നു ” ഞാൻ ഏകനാണ് . ”
മലയാളത്തിന്റെ വാനമ്പാടിയായ ചിത്ര എന്ന ഗായികയുടെ അനുഗൃഹീതനാദം മലയാളികളുടെ മനസ്സിൽ കൂടു കൂട്ടുന്നത് ഈ ചിത്രത്തിൽ യേശുദാസിനോടൊപ്പം പാടിയ
“പ്രണയവസന്തം തളിരണിയുമ്പോൾ
പ്രിയസഖിയെന്തേ മൗനം …”
എന്ന മനോഹരമായ യുഗ്മഗാനത്തോടെയായിരുന്നു .
അട്ടഹാസം എന്ന ചിത്രത്തിലെ “ചെല്ലം ചെല്ലം …”എന്ന ഗാനമായിരുന്നു ചിത്ര ആദ്യം പാടിയതെങ്കിലും
പ്രണയവസന്തമായിരുന്നു ചിത്രയുടെ ആദ്യത്തെ സൂപ്പർ ഹിറ്റ്. സുധാകർ മംഗളോദയത്തിന്റെ ഒരു നോവലാണ് “ഞാൻ ഏകനാണ് ” എന്ന സിനിമയ്ക്ക് ആധാരം . അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവുമെഴുതി…
മധുവിന്റെ ചിത്രങ്ങൾ കൂടുതലും സംവിധാനം ചെയ്തിരുന്ന പി ചന്ദ്രകുമാറായിരുന്നു ഈ ചിത്രത്തിന്റേയും സംവിധാനം … ചന്ദ്രകുമാറിന്റെ സഹസംവിധായകനായിരുന്ന സത്യൻ അന്തിക്കാട് അക്കാലത്ത് ഗാനരചയിതാവായും അറിയപ്പെട്ടിരുന്നു.
ഈ ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങൾ എഴുതാൻ സത്യൻ അന്തിക്കാടിന് ഭാഗ്യമുണ്ടായി… ചിത്ര തന്നെ പാടിയ
” രജനി പറയൂ …..”എന്ന ഗാനവും വളരെ ജനപ്രീതി നേടിയെടുത്തു . എന്നാൽ യേശുദാസ് രണ്ടു ഭാവങ്ങളിൽ പാടിയ ” ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ ….” എന്ന ഗാനമായിരുന്നു ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമായി തീർന്നത്.
എം ജി രാധാകൃഷ്ണന്റെ മനോജ്ഞമായ സംഗീതത്തിൽ പിറന്ന ഈ ഗാനം വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളി പ്രേക്ഷകരുടെ മനസ്സിൽ തീർത്ത വിഷാദഭാവങ്ങൾ ഇനിയും മാഞ്ഞു പോയിട്ടില്ല…
പിൽക്കാലത്ത് മലയാളചലച്ചിത്ര ഭൂമികയിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കാൻ സത്യൻ അന്തിക്കാടിന് സഹായകമായത് ഈ ചിത്രത്തിലെ ഗാനങ്ങളായിയിരുന്നെന്നു തോന്നുന്നു…
മധു ,ദിലീപ്, (മിമിക്രിയിലൂടെ രംഗത്തെത്തി സൂപ്പർ സ്റ്റാറായ ദിലീപ് അല്ല ) പൂർണ്ണിമ ജയറാം , സുകുമാരി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ .
1982 ഒക്ടോബർ 28-ന് അഭ്രപാളികളിലെത്തിയ ” ഞാൻ ഏകനാണ് “എന്ന ചിത്രത്തിന്റെ
നാൽപ്പത്തിയൊന്നാം വാർഷികദിനമാണിന്ന്.
നാലു പതിറ്റാണ്ട് മുമ്പിറങ്ങിയ ഈ സിനിമ പുതുതലമുറയിൽപ്പെട്ട പലരും കണ്ടിട്ടുണ്ടായിരിക്കില്ല . എങ്കിലും ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാ പ്രേക്ഷകരുടേയും ഹൃദയമുരളിയിൽ തീർത്ത ദലമർമ്മരങ്ങൾ ഇന്നും ഒരു പുലർകാല സുന്ദരസ്വപ്നം പോലെ മാറ്റൊലി കൊള്ളുന്നു …