ഗാനരംഗങ്ങളിലെ  അപരിചിതർ.

സതീഷ് കുമാർ
വിശാഖപട്ടണം
സംഗീത ലോകത്ത് ശതകോടികളുടെ  വ്യാപാരം നടക്കുന്ന ചലച്ചിത്രഗാനങ്ങൾ കേരളീയ ജനത നെഞ്ചിലേറ്റാൻ തുടങ്ങിയിട്ട് കഷ്ടിച്ച്  70 വർഷങ്ങളേ ആയിട്ടുള്ളൂ.
 ലോക സിനിമകളിലൊന്നും പാട്ടുകൾക്ക് വലിയ പ്രാമുഖ്യമില്ലെങ്കിലും ഇന്ത്യൻ സിനിമകളിൽ തുടക്കകാലം മുതലേ കഥയോടൊപ്പം തന്നെ കഥാസന്ദർഭങ്ങൾക്ക് അനുസൃതമായി സൃഷ്ടിച്ച ഗാനങ്ങളെ പ്രേക്ഷകർ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു.  കർണാടക സംഗീതത്തിന്റേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും രാഗരസങ്ങൾ കനിഞ്ഞിറങ്ങിയ ഈ മണ്ണിലെ മനുഷ്യരുടെ ഹൃദയതന്ത്രികൾക്ക് സംഗീതമെന്ന ദിവ്യമായ കല ആസ്വദിക്കാനുള്ള മനസ്സ് ദൈവം അറിഞ്ഞു നൽകിയതാണെന്ന് തോന്നുന്നു .
 എന്തായാലും ഇന്ത്യൻ സിനിമയുടെ ഗതകാലചരിത്രങ്ങളിലേക്കൊന്ന് തിരിഞ്ഞുനോക്കിയാൽ 
ആ കാലഘട്ടം സംഗീതസാന്ദ്രമായിരുന്നുവെന്ന്  നിസ്സംശയം പറയാം. ആദ്യകാലങ്ങളിൽ തിരശ്ശീലയിൽ പ്രത്യക്ഷപ്പെട്ട നടീനടന്മാർ തന്നെയായിരുന്നു ഗാനങ്ങളും ആലപിച്ചിരുന്നത് .
  1948-ൽ പുറത്തിറങ്ങിയ ” നിർമ്മല ” മുതലാണ് മലയാളത്തിൽ പിന്നണിഗാനങ്ങൾ എന്ന സമ്പ്രദായം ആരംഭിക്കുന്നത്. അത് ഇപ്പോഴും അഭംഗുരം തുടരുന്നു . ചലച്ചിത്ര ഗാനങ്ങൾ ജനകോടികൾക്ക് പ്രിയങ്കരമാവുന്നതിൽ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് അടങ്ങിയിട്ടുള്ളത് .
ഒന്ന് നടീനടന്മാരുടെ രൂപസൗകുമാര്യവും  മറ്റൊന്ന് ഗായികാ ഗായകരുടെ ശബ്ദമാധുര്യവും .
പ്രേംനസീറിന്റെ മുഖലാവണ്യവും ഗാന രംഗങ്ങളിലഭിനയിക്കാനുള്ള സവിശേഷമായ സിദ്ധിയും യേശുദാസിന്റെ അനുപമമായ ആലാപനവുമെല്ലാം ഒത്തുവന്നപ്പോഴാണല്ലോ
മലയാളചലച്ചിത്ര ഗാനങ്ങൾ കൂടുതൽ ജനപ്രിയമായത് .
എന്നാൽ അഭിനേതാവിന്റെ മുഖമില്ലാതെ തന്നെ പല ഗാനങ്ങളും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അതിൽ പ്രധാനമായിരുന്നു അശിരീരി ഗാനങ്ങളും ടൈറ്റിൽ സോങ്ങ്സുമൊക്കെ .
 അത്യപൂർവ്വമായി ഒരു പരിചയവുമില്ലാത്ത മുഖങ്ങൾ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുകയും ആ ഗാനങ്ങൾ പിന്നീട് മലയാള ചലച്ചിത്രഗാനശാഖയിലെ നാഴികക്കല്ലുകളായി മാറുകയും ചെയ്ത ചരിത്രവും ഉണ്ട് .   
  അത്തരം ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടവർ ആരാണെന്ന് സാധാരണ പ്രേക്ഷകന് ഒരു ധാരണയുമില്ല. ഒരുപക്ഷേ വല്ല ജൂനിയർ ആർട്ടിസ്റ്റോ  അല്ലെങ്കിൽ സംവിധായകന്റെയോ നിർമ്മാതാവിന്റേയോ സഹായികളോ അടുത്ത വല്ലവരുമോ ആകാം .
 ഒരു ചെറിയ ഉദാഹരണം പറയാം.
” ഇതാ ഒരു തീരം” എന്ന ചിത്രത്തിലെ ഒരു ഗാന ചിത്രീകരണ രംഗം .യൂസഫലി കേച്ചേരി എഴുതി കെ ജെ ജോയ് സംഗീതം പകർന്ന് യേശുദാസ് പാടി സോമനും ജയഭാരതിയും തകർത്തഭിനയിച്ച
https://youtu.be/IIOzogqn4N0?t=69
” അക്കരെ ഇക്കരെ 
നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും ….” 
Akkare Ikkare Ninnalengane Asha Theerum Video Song | HD | Itha Oru Theeram Movie Song
എന്ന സൂപ്പർ ഹിറ്റ് ഗാന രംഗത്തെ തോണിക്കാരനായി പ്രത്യക്ഷപ്പെട്ടത് അന്ന് പി ജി വിശ്വംഭരന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന തമ്പി കണ്ണന്താനമായിരുന്നു .
തമ്പി കണ്ണന്താനം പിൽക്കാലത്ത് മലയാളത്തിലെ തിരക്കുള്ള സംവിധായകനായി മാറിയതിനാൽ നമുക്ക് അദ്ദേഹത്തെ തിരിച്ചറിയാനായി .എന്നാൽ ഇങ്ങനെ തിരിച്ചറിയപ്പെടാത്ത ഏതാനും സൂപ്പർ ഹിറ്റ് ഗാനങ്ങളെയാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ അവതരിപ്പിക്കുന്നത്.
ഇത്തരം പ്രശസ്ത ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടവരെ സാധാരണ പ്രേക്ഷകന്  തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും സിനിമയുമായി ബന്ധപ്പെട്ടവർക്ക് ഒരു പക്ഷേ അറിയാവുന്നതായിരിക്കും .
അങ്ങനെയുള്ളവർ തീർച്ചയായും ഇവരെ പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.
ഹിറ്റ് ഗാനങ്ങളിലേക്ക് ….
1  പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു 
പ്രഭാമയൂഖമേ കാലമേ …. “
(ചിത്രം മഴക്കാറ്)
2   കാറ്റടിച്ചു 
കൊടും കാറ്റടിച്ചു 
കായലിലെ 
വിളക്കുമരം കണ്ണടച്ചു …”
. (ചിത്രം തുലാഭാരം)
3 അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ അണിവൈരകമ്മലിട്ട പെണ്ണേ …”
 (ചിത്രം ഒരു സുന്ദരിയുടെ കഥ )
4  ഒന്നാം മാനം പൂമാനം 
പിന്നത്തെ മാനം പൊന്മാനം … “
(ഏണിപ്പടികൾ )
5  കാർകൂന്തലിൽ പൂവ് ചൂടിയ കറുത്തപെണ്ണേ …”
( സ്ഫോടനം )
6 എങ്ങിനെ നീ മറക്കും കുയിലേ…”
(നീലക്കുയിൽ )
7  പകലവനിന്ന് മറയുമ്പോൾ … “
 (അസുരവിത്ത് )
8  കളകളം 
കായലോളങ്ങൾ പാടും …”
 (ഈ ഗാനം മറക്കുമോ )
9  പൂമാനം പൂത്തുലഞ്ഞേ …”
 (ഏതോ ഒരു സ്വപ്നം)
10  ചെമ്പകപുഷ്പ സുവാസിത യാമം …. “
 (യവനിക )
11  കാറ്റിലോളങ്ങൾ കെസ്സു പാടും കല്ലായിക്കടവിൽ … “.( കാത്തിരുന്ന നിമിഷം )
12  അദ്വൈതം ജനിച്ച നാട്ടിൽ ആദിശങ്കരൻ ജനിച്ച നാട്ടിൽ … “
(ലൈൻ ബസ്സ് )
Nashta Swargangale - Veenapoovu (1983) - Yesudas - Sreekumaran Thampi - Vidyadharan (vkhm)
13  നഷ്ടസ്വർഗ്ഗങ്ങളേ 
നിങ്ങളെനിക്കൊരു
ദുഃഖസിംഹാസനം നൽകി …
( വീണ പൂവ് )
https://youtu.be/GOGcuA1hay8?t=22
ഇവയിൽ പലതും തോണിപ്പട്ടുകളായത് യാദൃച്ഛികമാകാം .
ഈ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ അഭിനയിച്ച  അപ്രശസ്തരായ നടൻമാരെ കണ്ടെത്താനുള്ള 
ഈ എളിയ പരിശ്രമത്തിൽ  പ്രിയ വായനക്കാരും പങ്കാളികളാകുമെന്ന് കരുതട്ടെ .
—————————————————————————

സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക