അരൂപി.
“ഒരു മനുഷ്യസ്നേഹി കമ്മ്യൂണിസ്റ്റായിരിക്കണമെന്നി
മാനവീകത മാത്രമല്ല ഈ മാര്‍ക്സിസ്റ്റ് നേതാവിനെ മറ്റ് നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധത, പ്രായോഗിക സമീപനങ്ങള്‍, യുക്തിവാദത്തിലധിഷ്ഠിതമായ ആശയ വ്യക്തത, ഉറച്ച നിലപാടുകള്‍, സാംസ്ക്കാരിക മേഖലയോടുള്ള അടുപ്പം തുടങ്ങി പലവിധ സവിശേഷതകളാല്‍ ബേബി മറ്റുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.
കമ്മ്യൂണിസ്റ്റ് ചട്ടക്കൂടിനുള്ളില്‍ തുടരുമ്പോഴും ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് സൃഷ്ടിപരമായ സംവാദങ്ങളില്‍ ഏര്‍പ്പെടാനും പുതിയ ആശയങ്ങളുമായി ഇടപഴകാനും അദ്ദേഹം മടിക്കാറില്ല. ശാസ്ത്രീയ സംഗീതത്തിലും സാഹിത്യത്തിലും ഏറെ പ്രതിപത്തി പുലര്‍ത്തുന്ന അദ്ദേഹത്തിന്‍റെ അവഗാഢമായ വായനയും ചിന്തയും ഏത് വിഷയത്തെക്കുറിച്ചും അതിന്‍റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്ന് വിശകലനം ചെയ്യാനും വിലയിരുത്താനുമുള്ള ക്രാന്തദര്‍ശിത്വവും ബേബിയെ രാഷ്ട്രീയ രംഗത്തെ മുന്‍നിരക്കാരനാക്കി.
പ്രാക്കുളത്തെ സ്കൂളില്‍ പ്രഥാമാദ്ധ്യപകനായിരുന്ന അലക്സാണ്ടറുടേയും ലില്ലിയുടേയും മകനായി ജനിച്ച ബേബി കുഞ്ഞുന്നാളുകളില്‍ പള്ളിയിലെ അള്‍ത്താര ബാലനായിരുന്നുവെങ്കിലും ബൈബിളിനേക്കാളേറെ അദ്ദേഹത്തെ സ്വാധീനിച്ചത് ബൈബിളിനെ നിശിതമായി വിമര്‍ശിച്ച യുക്തിവാദി ഇംഗര്‍സോളായിരുന്നു. അങ്ങിനെയാണ് അദ്ദേഹം യുക്തിവാദ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.
കമ്മ്യൂണിസത്തിലേക്കും യുക്തിവാദത്തിലേക്കും താനെത്തിപ്പെട്ടത് പി.ഗോവിന്ദപ്പിള്ളയുടേയും ഇ.എം.എസിന്‍റേയും, കുറ്റിപ്പുഴ കൃഷ്ണപിള്ളയുടേയും എം.സി.ജോസഫിന്‍റേയും, ഇടമറുകിന്‍റേയുമൊക്കെ പ്രസംഗങ്ങളും രചനകളുമാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്കൂളില്‍ പഠിക്കുമ്പോഴേ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.എഫില്‍ (ഇന്നത്തെ എസ്.എഫ്.ഐ.) ബേബി അംഗമായിരുന്നു. പ്രത്യയശാസ്ത്രപരമായ ചോദ്യങ്ങളുന്നയിച്ച് തന്നെ കുഴപ്പത്തിലാക്കിയ കുഞ്ഞ് ബേബിയെ കെ.എസ്.എഫിന്‍റെ നേതൃനിരയിലേക്ക് എത്തിച്ചത് സി.പി.എമ്മിന്‍റെ കൊല്ലം ജില്ല സെക്രട്ടറിയായിരുന്ന എന്‍.ശ്രീധരനായിരുന്നു.
എം.എ.ബേബിയെന്ന രാഷ്ട്രീയ നേതാവിനെ രാജ്യത്തിന് സംഭാവന ചെയ്തതിന് നന്ദി പറയേണ്ടത് അടിയന്തിരാവസ്ഥക്കാണ്. അടിയന്തിരാവസ്ഥക്കെതിരേ സമരരംഗത്ത് സജീവയായി നിലയുറപ്പിച്ച ബേബി അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായതിനാല്‍ ബി.എ.അവസാന വര്‍ഷ പരീക്ഷ എഴുതാനായില്ല. അതോടെ പഠനം പൂര്‍ത്തിയാക്കാതെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുകയായിരുന്നു അദ്ദേഹം..
എസ്.എഫ്.ഐ.യുടേയും ഡി.വൈ.എഫ്.ഐയുടേയും ദേശീയ അദ്ധ്യക്ഷ പദവി അദ്ദേഹം വഹിച്ചിട്ടുണ്ട്. 1977-ല്‍ സി.പി.എം.ജില്ല കമ്മിറ്റിയംഗം, 1985-ല്‍ സംസ്ഥാനകമ്മിറ്റിയംഗം 1989-ല്‍ കേന്ദ്രകമ്മിറ്റിയംഗം 1994-ല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം സംഘടന രംഗത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച
1986-ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു ബേബി. 2006-ല്‍ കുണ്ടറ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭയിലെത്തിയ ബേബി, വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-സാംസ്ക്കാരിക വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2011-ലും നിയമസഭയില്‍ കുണ്ടറ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2014-ല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
2014-ലെ പരാജയം ബേബിയെ തളര്‍ത്തി. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ തന്‍റെ സഹപ്രവര്‍ത്തകനായിരുന്ന ആര്‍.എസ്.പിയിലെ പ്രേമചന്ദ്രനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. സ്വന്തം തട്ടകമായ കുണ്ടറയില്‍ പോലും 7000 വോട്ടുകള്‍ക്ക് ബേബി പിന്നിലായി. ബേബിയുടെ പരാജയത്തിന് കാരണം തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ പിണറായി വിജയന്‍ പ്രേമചന്ദ്രനെതിരേനടത്തിയ “പരനാറി” പ്രയോഗമായിരുന്നുവെന്നാണ് പരക്കെയുള്ള ആരോപണം.
“കൊല്ലത്ത് ഇത്തവണ മത്സരിക്കുന്നത് ഒരു പരനാറി”യാണെന്ന പിണറായിയുടെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ പ്രേമചന്ദ്രനെ ഉദ്ദേശിച്ചല്ലായിരുന്നുവെന്നും വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കുകയായിരുന്നുമെന്
പരാജയത്തെത്തുടര്‍ന്ന് ബേബി നിയമസഭാംഗത്വം രാജി വക്കാന്‍ സന്നദ്ധനായി. പക്ഷേ പാര്‍ട്ടി സെക്രട്ടറിയായ പിണറായി അതനുവദിച്ചില്ല. തന്‍റെ അതൃപ്തി പ്രകടിപ്പിക്കാനാവണം നിയമസഭ സമ്മേളനത്തില്‍ നിന്നും അദ്ദേഹം വിട്ടു നിന്നു. അത് പാര്‍ട്ടി ചോദ്യം ചെയ്തപ്പോള്‍ നിയമസഭയില്‍ വന്നുവെങ്കിലും ഹാജര്‍ വക്കാന്‍ തയ്യാറായില്ല. ഇത് സ്പീക്കറും ചോദ്യം ചെയ്തതോടെ നിസ്സഹായനായ ബേബി തന്‍റെ നിസ്സഹകരണം പൊതുപരിപാടികള്‍ ഒഴിവാക്കുന്നതില്‍ മാത്രം ഒതുക്കി.
ഈ പരാജയത്തോടെ ബേബി, പിണറായിയുമായി അകന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമായിരുന്നു. രാഷ്ട്രീയത്തില്‍ മാന്യത പുലര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍ ഈ അകല്‍ച്ചയെ സൂചിപ്പിക്കുന്നവയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പോലീസിന്‍റെ ചില മര്യാദകെട്ട പെരുമാറ്റത്തേയും സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റുകളോട് കാട്ടിയ ക്രൂരതയയും വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല.
അല്ലെങ്കിലും എം.എ.ബേബി ഒരു പിണറായി പക്ഷക്കാരനായിരുന്നില്ല. 1990കളില്‍ പാര്‍ട്ടിയില്‍ വിഭാഗീയത വേരൂന്നിയപ്പോള്‍ വി.എസ്.അച്യുതാനന്ദന്‍ പക്ഷത്തോടായിരുന്നു ബേബിക്ക് അടുപ്പം. മലപ്പുറം സമ്മേളനത്തോടെ പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചതോടെ ബേബി നിഷ്പക്ഷത പാലിക്കുകയാണുണ്ടായത്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുകയും പിണറായി വിജയന്‍ പാര്‍ട്ടിയില്‍ സര്‍വ്വാധിപത്യം കൈവരിക്കുകയും ചെയ്തതോടെ ബേബിക്ക് തന്‍റെ വിമര്‍ശനം തുടരാനായില്ല. ക്രമേണ അദ്ദേഹം പാര്‍ട്ടിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്തു.
2020-ല്‍ കൊടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദം രാജി വച്ചപ്പോള്‍ പാര്‍ട്ടിയില്‍ സീനിയറായ ബേബി പകരക്കാരനാവേണ്ടതായിരുന്നു. എന്നാല്‍ തികഞ്ഞ ഒരു വിശ്വസ്തനെയാണ് പിണറായിക്ക് ആവശ്യമെന്നതിനാല്‍ ബേബി പരിഗണിക്കപ്പെട്ടില്ല.
പകരം വിജയരാഘവന് ചുമതല നല്‍കി. കൊടിയേരി വീണ്ടും സെക്രട്ടറി പദത്തിലെത്തിയെങ്കിലും 2022-ല്‍ അദ്ദേഹം അന്തരിച്ചു. ആ ഒഴിവിലും ബേബി നിയമിതനായില്ല. പിണറായിയുടെ വിശ്വസ്തനായ എം.വി.ഗോവിന്ദനാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. ഇതോടെ അച്ചടക്കമുള്ള പോരാളിയെന്ന നിലയില്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി അദ്ദേഹം ദില്ലിയിൽ സ്വയം ഒതുങ്ങി.
ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 2 മുതല്‍ 6 വരെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് മധുരയില്‍ ചേരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പ്രായപരിധിയില്‍ ഇളവ് ലഭിച്ച വൃന്ദ കാരാട്ട്, മഹാരാഷ്ട്രയിലെ കര്‍ഷക പ്രസ്ഥാനത്തിന്‍റെ നേതാവ് അശോക് ധാവ്ളെ, എം.എ.ബേബി എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെട്ടത്.
ബേബിയുടെ പേര്‍ നിര്‍ദ്ദേശിച്ചത് ആക്ടിംഗ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെയായിരുന്നു. വൃന്ദ കാരാട്ട് നേരത്തേ തന്നെ തന്‍റെ വിസമ്മതം അറിയിച്ചിരുന്നു. അശോക് ധാവ്ളേക്കായി ബംഗാള്‍ ഘടകം വാദിച്ചുവെങ്കിലും പകരം ബംഗാളിലെ മുഹമ്മദ് സലീമിനെ നിര്‍ദ്ദേശിക്കുകയാണ് ധാവ്ളെ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷാഭിപ്രായ പ്രകാരം ബേബിക്ക് നറുക്ക് വീഴുന്നത്.
എന്നാല്‍ ജനറല്‍ സെക്രട്ടറിയായി ബേബി തെരഞ്ഞെടുക്കപ്പെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിക്കും മുകളില്‍ ആധിപത്യം പുലര്‍ത്തുന്ന പിണറായി അതിന് സമ്മതം മൂളാന്‍ സാധ്യതയില്ലന്ന് അവര്‍ വിശ്വസിച്ചിരുന്നു.
പക്ഷേ ഏപ്രില്‍ 3-ന് മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ മകള്‍ വീണ വിജയന് മേല്‍ എസ്.എഫ്.ഐ.ഒ. കേസെടുത്തുവെന്ന വാര്‍ത്ത വന്നതോടെ പിണറായിക്ക് ബേബിയുടെ നാമനിര്‍ദ്ദേശത്തെ എതിര്‍ക്കാന്‍ കഴിയാതെ പോയി എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ഒരുതരത്തില്‍ ബേബിയെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നവരോടുള്ള വിധിയുടെ പ്രതികാരമായിരിക്കാം ബേബിയുടെ ഈ പരമോന്നത സ്ഥാനലബ്ദി.
ഇങ്ങിനെയൊക്കെയാണെങ്കിലും മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ അതിന്‍റെ സാരഥ്യം ഏറ്റെടുത്തിരിക്കുന്ന ബേബിക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഏറെയാണ്.
ഇന്‍ഡ്യാ സഖ്യത്തിന്‍റെ ഭാഗമായ പാര്‍ട്ടി പക്ഷേ ആ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസ്സുമായി കേരളത്തില്‍ ബദ്ധശത്രുതയിലാണ്. അഖിലേന്ത്യാതലത്തില്‍ ഒരു സമീപനവും കേരളത്തില്‍ മറ്റൊരു സമീപനവുമെന്ന വൈരുദ്ധ്യം തരണം ചെയ്യുകയെന്നത് ബേബിക്ക് ഒരു തലവേദനയാകും.
പ്രത്യേകിച്ച് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം കേരള ഘടകത്തിന്‍റെ സ്വാധീനത്തിനടിമപ്പെട്ടിരിക്കു
സംഘടനാപരമായി തകര്‍ന്നടിഞ്ഞ പശ്ചിമ ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ പുനഃരുദ്ധരിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. പ്രത്യേകിച്ചും അവിടങ്ങളില്‍ പാര്‍ട്ടിയുടെ ബഹുജന അടിത്തറ തീര്‍ത്തും തകര്‍ന്ന അവസ്ഥയില്‍.
പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന മറ്റൊരു വെല്ലുവിളിയായിരിക്കും. പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ബേബിക്ക് അനുകൂലമായിരുന്നില്ല. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലെ പ്രതിനിധികളും കേന്ദ്രക്കമ്മിറ്റിയില്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലന്ന വിമര്‍ശനമുയര്‍ത്തിയിരുന്നു.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് മുമ്പെങ്ങുമില്ലാത്ത വിധം മഹാരാഷ്ട്രയില്‍ നിന്നുള്ള സി.ഐ.ടി.യു.നേതാവ് മത്സരിക്കുക കൂടി ചെയ്തു. ഇതെല്ലാം പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ തുറന്ന് കാട്ടുന്നവയാണ്. അവ മൂര്‍ച്ഛിക്കാതെ പരിഹരിക്കേണ്ടതുണ്ട്.
ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വര്‍ഗ്ഗീയതയേയും കോര്‍പ്പറേറ്റ് പ്രീണനത്തേയും എതിര്‍ക്കുക, ജനാധിപത്യത്തേയും ഭരണഘടനയേയും ഫെഡറലിസത്തേയും സംരക്ഷിക്കുക തുടങ്ങി പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളും ബേബിയെ കാത്തിരിക്കുന്നു.
സി.പി.എമ്മിന്‍റെ ശക്തമായ ഘടക സംസ്ഥാനമെന്ന നിലയിലും ഭരണം കൈവശമുള്ള ഏക സംസ്ഥാനമെന്ന നിലയിലും കേരളത്തില്‍ 2025-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സി.പി.എമ്മിനെ സംബന്ധിച്ചടത്തോളം ഏറെ നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലഭിച്ചില്ലങ്കില്‍ അത് പാര്‍ട്ടിക്കേല്‍ക്കുന്ന വലിയ തിരിച്ചടിയായിരിക്കും.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ട ചുമതല കേരളത്തില്‍ നിന്നുള്ള ബേബിക്ക് സ്വാഭാവികമായും ഏറ്റെടുക്കേണ്ടി വരും. ഭരണവിരുദ്ധ വികാരത്താല്‍ പ്രതിച്ഛായ നഷ്ടപ്പെട്ട പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം നേടിക്കൊടുക്കുക എന്ന ദൗത്യം ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും വെല്ലുവിളി നിറഞ്ഞതാണ്.
ഈ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള പ്രാപ്തി ബേബിക്കുണ്ടോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബേബിയെ നിസ്സാരനാണെന്ന് പറഞ്ഞ് തള്ളിക്കളയുന്ന ചില രാഷ്ട്രീയ എതിരാളികളുമുണ്ട്. എന്നാല്‍ ബേബി കേവലം ഒരു ‘ബേബി’യല്ല. തന്‍റെ ദീര്‍ഘകാല പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍, പ്രത്യേകിച്ച് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ അവസരത്തിനൊത്ത് ഉയരാനുള്ള അനുഭവവും കഴിവും ബേബി ആര്‍ജ്ജിച്ചിട്ടുണ്ട്.
സമീപകാലത്തായി പാര്‍ട്ടിയുടെ ശക്തി കുറഞ്ഞിട്ടുണ്ടെന്നും തന്‍റെ മുന്നിലുള്ള പ്രവര്‍ത്തന പന്ഥാവ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നുമുള്ള ബോദ്ധ്യം മറ്റാരേക്കാളും തനിക്കുണ്ടെന്ന് ജനറല്‍ സെക്രട്ടറിയായ ശേഷം ബേബി മാദ്ധ്യമങ്ങള്‍ക്ക് നടത്തിയ അഭിമുഖ സംഭാഷണങ്ങളിലുടെ വെളിവാകുന്നു.
