ശക്തമായ പേമാരി അഞ്ചു ദിവസം തുടരും

കൊച്ചി : അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ഓഗസ്റ്റ് 2 മുതൽ 4 വരെ കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്, 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത കാണുന്നു.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുകയാണ്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതു തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ തൃശൂർ ജില്ലകളിലെ വിവിധ നദികളിൽ മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ (പാലകടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പിന്റെ ഭാഗമായുള്ള മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും കമ്മീഷൻ അറിയിച്ചു.