തിരുവനന്തപുരം : മതാടിസ്ഥാനത്തിലുള്ള വിവാദ വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചത് സംബന്ധിച്ച് വിവാദത്തിലായ ഐ എ എസ് ഉദ്യോഗസ്ഥനും വ്യവസായ ഡയറക്ടറുമായ കെ ഗോപാലകൃഷ്ണന് എതിരെ കൂടുതൽ നടപടിക്ക് സാധ്യതയില്ലെന്ന് പോലീസ്.
കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ആണ് ഇതേക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചത്.വിദ്വേഷ പരാമർശങ്ങൾ ഗ്രൂപ്പിൽ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സംഭവത്തെ തുടർന്ന് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നു
ചീഫ് സെക്രട്ടറി കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകിയിരുന്നു. മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സർവീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരിൽ വന്ന ഗ്രൂപ്പുകൾ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമായിരുന്നു ഗോപാലാലകൃഷ്ണൻ്റെ വിശദീകരണം.
ഹിന്ദു ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന ഗോപാലകൃഷ്ണൻ തന്നെയായിരുന്നു മല്ലു മുസ്ലിം ഓഫീസേഴ്സ് ഗ്രൂപ്പിന്റെയും അഡ്മിൻ. വിവാദം ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പുകൾ നീക്കം ചെയ്തിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഗോപാലകൃഷ്ണൻ്റെ ഫോണിൽ നിന്നു തന്നെയെന്നാണ് വാട്സാപ്പ് ഉടമകളായ മെറ്റ കമ്പനിയുടെ മറുപടി പോലീലിന് നേരത്തെ ലഭിച്ചിരുന്നു. ഫോൺ ഫോർമാറ്റ് ചെയ്ത് മുഴുവൻ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാൽ വിശദാംശങ്ങളെടുക്കാൻ സൈബർ പൊലീസിന് കഴിഞ്ഞില്ല.