January 7, 2025 10:14 am

വാട്‌സ്ആപ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണനെ തിരിച്ചെടുക്കുന്നു

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് വാട്‌സാപ് ഗ്രൂപ്പുണ്ടാക്കിയതിന് സസ്‌പെന്‍ഷനിലായ വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുക്കും.

ഒക്‌ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിനായി ആദ്യം ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ ഗ്രൂപ്പും പിന്നീട് മുസ്‌ലിം ഗ്രൂപ്പും രൂപീകരിച്ചത് പുറത്തുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സസ്പെന്‍ഷനിലെത്തിച്ചത്.

തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ഗോപലകൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങള്‍ ഒഴിവാക്കിയാണു ചാര്‍ജ് മെമ്മൊ നല്‍കിയിരുന്നത്. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനാവില്ലെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.

വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണു പ്രാഥമികാന്വേഷണം നടത്തിയ നര്‍കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അജിത്ചന്ദ്രന്‍ നായരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്ത സസ്പെന്‍ഷന്‍ റിവ്യൂ സമിതി യോഗം മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഗോപാലകൃഷ്ണനൊപ്പം സസ്പെന്‍ഷനിലായ ഐ എ എസുകാരനായ എന്‍ പ്രശാന്തിന്റെ കാര്യം യോഗത്തില്‍ പരിഗണിച്ചില്ല.അദ്ദേഹത്തിനു മറുപടി നല്‍കാന്‍ സമയമുള്ളതിനാലാണ് പരിഗണിക്കാതിരുന്നത്. ‘ഉന്നതി’ സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകാണെന്ന് ആരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ വിമര്‍ശനമാണ് സസ്പെന്‍ഷന് ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News