തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരെ മതാടിസ്ഥാനത്തിൽ വേർതിരിച്ച് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം.
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും ഐക്യം തകർക്കാനും മതസ്പർധ വളർത്താനും ഇത് വഴിയൊരുക്കുന്നതാണെന്നു ജില്ലാ ഗവ.പ്ലീഡർ അഭിപ്രായപ്പെട്ടു. ഗോപാലകൃഷ്ണനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ നിയമോപദേശം തേടുകയായിരുന്നു. ഫോൺ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് സർക്കാർ ഗോപാലകൃഷ്ണനെ സസ്പെൻ്റ് ചെയ്തിരുന്നു.
ഗോപാലകൃഷ്ണന്‍റെ പേരിൽ മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.മതവിഭാഗങ്ങളെ വേർതിരിച്ച് പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സര്‍വീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് തുടങ്ങി പേരില്‍ വന്ന ഗ്രൂപ്പുകൾ തന്‌റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമാണ് വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം.