കല്പററ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ വിതരണത്തിന് തയാറാക്കിയ ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവത്തിൽ, ബി ജെ പി പ്രവർത്തകരിലേയ്ക്ക് അന്വേഷണം തിരിയുന്നു.
ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനാണ് വയനാട്ടിലെ എൻ ഡി എ സ്ഥാനാർഥി. ബത്തേരിയിലെ കടയിൽ കിറ്റുകൾക്ക് ഓർഡർ ചെയ്തത് ബിജെപി പ്രവർത്തകനെന്നു പോലീസിനു ലഭിച്ച പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ബത്തേരി സിഐ അറിയിച്ചു. ഇന്നലെ രാത്രിയാണ് 1500ൽ പരം കിറ്റുകൾ പിടികൂടിയത്.
സംഭവത്തിൽ പാർടിക്ക് പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു.‘‘ഭക്ഷ്യകിറ്റ് ആരോപണം അടിസ്ഥാനരഹിതമാണ്. പിന്നിൽ ഗൂഢാലോചനയുണ്ട്.ആരോപണത്തിനു പിന്നിൽ സ്ഥാനാർഥി സുരേന്ദ്രന് വയനാട് മണ്ഡലത്തിൽ ലഭിക്കുന്ന മുൻതൂക്കത്തിലുള്ള അസൂയയാണ്’’–പ്രശാന്ത് പറഞ്ഞു.
വയനാട് മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിൽ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ തയാറാക്കിയതായി കണ്ടെത്തിയതിനെത്തുടർന്ന് ഇവിടെയും സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ബത്തേരിയിൽ ഇന്നലെ രാത്രി ഏഴു മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഭക്ഷ്യ കിറ്റുകൾ നിറച്ച വാഹനം ബത്തേരി പൊലിസ് കസ്റ്റഡിയിലെടുത്തത്. കിറ്റുകൾ കോളനികളിൽ വിതരണം ചെയ്യാനായി ബിജെപി തയാറാക്കിയതാണെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു. കിറ്റുകൾ ഓർഡർ ചെയ്തത് ബിജെപി പ്രവർത്തകനാണെന്നാണു കടയിലെ ജീവനക്കാരിൽനിന്നു പോലീസിനു ലഭിക്കുന്ന വിവരം.
279 രൂപ വരുന്ന കിറ്റുകളാണ് ബത്തേരിയിലെ ചില്ലറ മൊത്ത വിതരണ പലചരക്ക് കടയിൽനിന്നു വാങ്ങിയത്. കിറ്റുകളിൽ 470 എണ്ണം കയറ്റി പോകുകയും ചെയ്തു.കിറ്റിൽ ഒരു കിലോ പഞ്ചസാര,ബിസ്കറ്റ്, റസ്ക്, 250 ഗ്രാം ചായപ്പൊടി, അര ലീറ്റർ വെളിച്ചെണ്ണ, അരക്കിലോ സോപ്പ് പൊടി, ഒരു കുളിസോപ്പ് എന്നിവയാണുള്ളത്. കൂടാതെ വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയില അടക്കമുള്ള 33 കിറ്റുകളും ഉണ്ട് എന്ന് പോലീസ് അറിയിച്ചു.