തിരുവനന്തപുരം : വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതിന് പിന്നാലെ 100 വീട് നിർമിച്ച് നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ വാഗ്ദാനം പാലിക്കാൻ ഇപ്പോഴും തയാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഇതുസംബന്ധിച്ച് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് അദ്ദേഹം പിണറായി വിജയന് അയച്ച കത്തിൽ ഓർമ്മിപ്പിക്കുന്നു. നാളിതുവരെ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വീട് നിര്‍മിക്കാനുള്ള സ്ഥലം പണം നൽകി വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക തയാറാണെന്നും സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി.
വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള, കർണാടക ചീഫ് സെക്രട്ടറിമാർ നേരത്തെ ചർച്ച നടത്തിയിരുന്നു. സ്ഥലം സംബന്ധിച്ച് വിവരം അറിയിക്കാമെന്ന് അന്നത്തെ ചർച്ചയിൽ കേരള ചീഫ് സെക്രട്ടറി കർണാടകയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവരം കൈമാറാൻ വൈകിയ സാഹചര്യത്തിലാണ് കത്തയച്ചിരിക്കുന്നത്.
സർക്കാറിന്‍റെ വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. വീട് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കോൺഗ്രസ്, മുസ് ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
കേരളം യഥാസമയം വിശദമായ കണക്ക് സമർപ്പിച്ചിട്ടില്ല എന്നാണ് കേന്ദ്ര സർക്കാരിൻ്റെ ആരോപണം. അതുകൊണ്ടാണ് കേന്ദ്ര സഹായം വൈകുന്നതെന്നും കേന്ദ്ര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.