December 12, 2024 8:24 am

വയനാട് : സർക്കാരിന് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി : സംസ്ഥാന ദുരന്ത പ്രതികരണനിധിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കണക്കുകൾ ശരിയല്ല. ഓഡിറ്റിംഗ്‌ നടക്കുന്നുണ്ടോ ? കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാനും ഹൈക്കോടതി നിർദേശം നൽകി.

വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് നിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസ്സിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും കോടതി നിർദേശം നൽകി.

പ്രത്യേക സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ ഇരുകൂട്ടർക്കും ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.പി.മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് കേസ് പരിഗണിച്ചത്.

മുൻ വര്‍ഷത്തെ നീക്കിയിരിപ്പായ 394.98 കോടി രൂപയ്ക്കു പുറമെ കേന്ദ്ര വിഹിതമായ 201 കോടി രൂപയും സംസ്ഥാന വിഹിതമായ 97 കോടി രൂപയും ഉൾപ്പെടെ 782.98 കോടി രൂപയാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്‍ഡിആർഎഫ്) ഉണ്ടായിരുന്നതെന്ന് കേരളം അറിയിച്ചു. ഇതിൽ 95 കോടി രൂപ വയനാട്ടിലും മറ്റു ദുരന്ത നിവാരണ കാര്യങ്ങൾക്കുമായി ചെലവഴിച്ചു.

ഇതിന്റെ ബാക്കിയായി എ‍‍സ്ഡിആർഎഫിൽ 677 കോടി രൂപ ഉണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഇപ്പോൾ ഒരു അത്യാവശ്യം വന്നാൽ എത്ര രൂപ ചെലവഴിക്കാൻ സാധിക്കുമെന്ന് ചോദിച്ചതോടെ സർക്കാർ‍ കൈമലർത്തി.

ബാക്കിയുണ്ടെന്ന് പറയുന്ന 677 കോടി രൂപയിൽ എത്ര ചെലവഴിക്കാൻ സാധിക്കും, എന്തൊക്കെയാണ് കൊടുക്കാമെന്ന് പറഞ്ഞിട്ടുള്ള തുക, മറ്റു ബാധ്യതകൾ എന്തൊക്കെ എന്നൊക്കെ കോടതി ചോദിച്ചെങ്കിലും സർക്കാരിന്റെ പക്കൽ കണക്കുണ്ടായിരുന്നില്ല. ഇതോടെയാണ് കോടതി രൂക്ഷ വിമർശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News