ഉരുൾപൊട്ടൽ: മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 2.76 കോടി രൂപ

കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കി.

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന സന്നദ്ധ പ്രവർത്തകർക്ക് യൂസേഴ്സ് കിറ്റ് (ടോര്‍ച്ച്‌, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായി

ദുരിതാശ്വാസ ക്യാമ്ബിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു.സന്നദ്ധ സേവകരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപ ചെലവഴിച്ചു. സൈനികര്‍ക്കും സന്നദ്ധ പ്രവർത്തകർക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി 10 കോടിയും ഇവരുടെ താമസത്തിനായി 15 കോടി ചെലവിട്ടു

ദുരന്തമുണ്ടായ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് 12 കോടി ചെലവായി. ബെയ്ലി പാലത്തിന്റെ കല്ലുകള്‍ നിരത്തിയത് അടക്കമുള്ള അനുബന്ധ ജോലികള്‍ക്ക് ഒരു കോടി രൂപ ചെലവഴിച്ചു. സന്നദ്ധ പ്രവർത്തകർക്കും സൈനികര്‍ക്കും ചികിത്സാ ചെലവായി രണ്ടുകോടി രണ്ടു ലക്ഷം രൂപയും ചെലവിട്ടു. ക്യാമ്ബുകളിലേക്കുള്ള ഭക്ഷണ ചെലവ് എട്ടു കോടി രൂപയായി. ക്യാമ്ബുകളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഏഴു കോടി ചെലവിട്ടു.

ദുരന്തമുണ്ടായ ചൂരല്‍മലയില്‍ വെള്ളം കെട്ടി നിന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു കോടി രൂപ ചെലവഴിച്ചു. ഡ്രോണ്‍, റഡാര്‍ വാടക മൂന്നു കോടിയാണ്. ഡിഎന്‍എ പരിശോധനയ്ക്കായി മൂന്നുകോടി ചെലവാക്കി. ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍സ് തുടങ്ങിയ യന്ത്രങ്ങള്‍ക്കായി 15 കോടിയും, എയര്‍ ലിഫ്റ്റിങ് ഹെലികോപ്ടര്‍ ചാര്‍ജ് 17 കോടിയും ദുരിതാശ്വാസ നിധിയില്‍ നിന്നും ചെലവായതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃഷി നഷ്ടമുണ്ടായതിന് ഹെക്ടറിന് 47,000 രൂപ നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.