കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർ വയനാട് കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പുനരധിവാസം വൈകുന്നു എന്നായിരുന്നു അവരുടെ ആക്ഷേപം.
ഇതിനിടെ, പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സർക്കാർ സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചു.മലപ്പുറം ഡെപ്യൂട്ടി കളക്ടർ ഡോ.ജെ ഒ അരുണ്‍ ആണ് ഈ ചുമതല വഹിക്കുക.
ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപക പിഴവുകൾ വിവാദമായിരിക്കെ ആണ് ദുരന്തബാധിതർ രംഗത്തിറങ്ങിയത്.
ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ ഉരുള്‍പ്പൊട്ടലില്‍ ദുരന്ത ബാധിതരായവരുടെ പുനരധിവാസത്തിന് മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിന് യോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ സ്ഥലവും ഏറ്റെടുക്കുന്നതിന് ഒക്ടോബര്‍ 10 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
എന്നാൽ, പുനരധിവാസം വൈകുന്നുവെന്നും എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദുരന്തബാധിതര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പു നൽകിയതായി പ്രതിഷേധക്കാര്‍ പറഞ്ഞു.