വയനാട്ടിൽ ദുരിതം വിതച്ചത് മഴ തന്നെ

കല്പററ: വയനാട് മുണ്ടക്കൈയിലെ ശക്തമായ ഉരുൾപൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വിലയിരുത്തുന്നു. പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഈ മേഖലയിൽ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടക്കൈയിലെയും ചൂരൽമലയിലും ദുരന്തത്തിന്റെ കാരണങ്ങളിൽ കൂടുതൽ വ്യക്തത വരൂ

മഴ പെയ്ത് മണ്ണ് നനഞ്ഞു കുതിർന്ന പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്തപ്പോൾ മർദ്ദം താങ്ങാനായില്ലെന്നും അതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നുമാണ് അവർ പറയുന്നത്.

ദുരന്തമുണ്ടായ സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതൽ നിരന്തരം ഉരുൾപൊട്ടലുകളുണ്ടായ പ്രദേശത്താണ് ഒടുവിൽ വൻ ദുരന്തം സംഭവിച്ചതെന്നും അവർ റിപ്പോർട്ടിൽ പറയുന്നു.

അപകടമുണ്ടായ പ്രദേശത്ത് 2018 മുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. 2019ൽ പുത്തുമലയിലും വെള്ളരിമലയിലും ചൂരൽമലയിലുമൊക്കെയായി ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകൾ നടന്നു.

കഴിഞ്ഞമാസം അവസാനം മുതൽ ഈ മേഖലകളിൽ തുടർച്ചയായി മഴ പെയ്തിട്ടുണ്ട്. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ 372.6 മി.മീ മഴയാണ് പെയ്തത്. തെ​റ്റമലയിൽ 409 മി.മീ മഴയും. ഇതിനൊപ്പം മറ്റ് സമീപപ്രദേശങ്ങളിലും കനത്ത മഴ പെയ്തു.

ഉരുൾപൊട്ടലിനെ തുടർന്ന് പാറക്കല്ലുകളും, മണ്ണും ചെളിയും, വെള്ളവും ഏഴ് കിലോമീറ്ററോളം അതിവേഗത്തിൽ ഒഴുകി. ഈ കുത്തൊഴുക്കിൽ പുന്നപ്പുഴയുടെ ഗതി മാറി. അതാണ് മുണ്ടക്കൈയിലും ചൂരൽമലയിലും വൻ ദുരന്തത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശത്തിന്റെ ചരിവും ഉരുൾ പൊട്ടലിന്റെ ആഘാതം കൂട്ടി. 2015-16 കാലഘട്ടത്തിൽ ഈ മേഖലയിൽ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പഠനം നടത്തിയിട്ടുണ്ട്. അന്ന് ചൂരൽമല, മുണ്ടക്കൈ, വെള്ളരിമല, അട്ടമല ഭാഗങ്ങൾ ഉരുൾപൊട്ടലിന് മിതമായ സാദ്ധ്യതയുള്ള പ്രദേശങ്ങളായാണ് കണ്ടെത്തിയത്. .

അതേസമയം, ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുളള ജനകീയ തെരച്ചിൽ ദുരന്ത ഭൂമിയിൽ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവരെ കൂടെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടക്കുന്നത്. പ്രാദേശിക ജനപ്രതിനിധികൾ, യുവജന സംഘടനകൾ തുടങ്ങിയവരും ഇതിൽ പങ്കെടുക്കുന്നുണ്ട്.