കൊച്ചി: മുസ്ലിം സമുദായ സ്വത്തായ വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എറണാകുളത്തെ മുനമ്പം ,ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്
2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്.
വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ 2017-ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത്.ഈ നടപടി ചോദ്യം ചെയ്ത് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചത്. എന്നാല്‍, നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്കു മുമ്ബ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്ന് കോടതി അറിയിച്ചു.