തിരുവനന്തപുരം: കാലാവസ്ഥയിൽ വന്ന മാററം മൂലം വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്താൻ വൈകിയേക്കും.ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കപ്പലിന്റെ വേഗതയിൽ കുറവ് വന്നു, ഇതനുസരിച്ച് ജറാത്തിലെ മുംദ്രയിൽ നിന്നുള്ള മടക്കയാത്ര വൈകുന്നതിനാലാണ് നേരത്തേ നിശ്ചയിച്ച ഉദ്ഘാടന തീയതിയായ ഒക്ടോബർ നാലിന് മാറ്റം വന്നത്.
ഒക്ടോബർ 13നോ 14നോ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്ക് വേണ്ടിയാണ് 15ന് വൈകിട്ട് മൂന്ന് മണി നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങ് ആകർഷകമാക്കാനാണ് ശ്രമം. പാറക്കല്ലുകൾ എത്തിക്കുന്നതിലുള്ള തടസങ്ങൾ നീക്കാൻ തമിഴ്നാടുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകൾ വഹിച്ച് വന്ന ഷെന്‍ഹുവ – 15 എന്ന കപ്പൽ പ്രതീക്ഷിച്ച പോലെ 24ന് ഉച്ചകഴിഞ്ഞ് 2.16ന് തുറമുഖത്തിന് അഭിമുഖമായ പുറംകടലിലൂടെ കടന്നുപോയിരുന്നു. തീരത്ത് നിന്ന് 55 കിലോമീറ്റർ ഉള്ളിലായി വളരെ വേഗം കുറച്ചായിരുന്നു യാത്ര. വൈകിട്ട് ആറിന് കൊല്ലം കടന്നു.
കപ്പലിലുള്ള അഞ്ച് ക്രെയിനുകളിൽ രണ്ടെണ്ണം ഗുജറാത്തിലെ മുംദ്ര തുറമുഖത്ത് ഇറക്കുന്നതിനായാണ് ആദ്യം അവിടേയ്ക്ക് പോകുന്നത്. അവിടെ നിന്നാണ് കപ്പൽ വീണ്ടും വിഴിഞ്ഞത്തേക്ക് എത്തുക.