തിരുവനന്തപുരം: ആലുവയിലെ കരിമണൽ കമ്പനിയിൽ നിന്ന് ‘മാസപ്പടി’യായി പണം വാങ്ങിയെന്ന ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തൽ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, മകൾ വീണയൊ, മരുമകൻ മന്ത്രി റിയാസോ പ്രതികരിക്കുന്നില്ല.
‘മാസപ്പടി വിവാദം’ നേരിടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതു കൊണ്ട് തൽക്കാലം അവഗണിക്കാൻ ആണ് സി പി എം തീരുമാനം എന്നാണ് സൂചന. മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാർട്ടിയിലെ ധാരണ എന്നും പറയുന്നു.സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിവാദത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയതും ഈ തീരുമാനത്തെ തുടർന്നാണത്രെ.
കൈപ്പറ്റിയ പണത്തിൻ്റെ വിശദാംശങ്ങൾ രേഖകൾ സഹിതം പുറത്ത് വന്നിട്ടും ‘മാസപ്പടി’യിൽ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഎം. എകെജി സെന്‍ററിൽ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളെ കുറിച്ചു പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും ഗോവിന്ദൻ വിശദമായി സംസാരിച്ചു. എന്നാൽ, ചോദ്യം മാസപ്പടിയിലെത്തിയപ്പോൾ എല്ലാം പറഞ്ഞ് കഴിഞ്ഞെന്നും ഇനിയൊന്നും പറയാനില്ലെന്നും നിലപാടെടുത്ത് ഗോവിന്ദൻ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
വീണ വിജയന്‍റെ കൺസൾട്ടൻസി സ്ഥാപനം കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ നിയമപരമെന്നും ഇടപാട് സുതാര്യമെന്നും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ വരെയുള്ളവര്‍ നിലപാടെടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയും ഇറക്കി.
നയവ്യതിയാനങ്ങൾക്കെതിരെ തെറ്റുതിരുത്തൽ നടപടികൾ മുഖം നോക്കാതെ നടക്കണമെന്ന് നിര്‍ബന്ധമുള്ള ഗോവിന്ദന്‍റെ നിലപാടും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.