എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന വിധിയില്‍ എക്‌സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനില്‍ നിന്നും ഉടന്‍ തന്നെ മൊഴിയെടുത്തേക്കാം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നല്‍കുമെന്നാണ് വിവരം. നേരത്തെ സിഎംആര്‍എല്ലിഎല്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങള്‍ തേടിയിരുന്നു. അന്വേഷണം റദ്ദാക്കാന്‍ നടത്തിയ നീക്കവും, അതിന് കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയതോടെ എക്‌സാലോജിക്ക് കര്‍ണാടക ഹൈക്കോടതിയില്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും സൂചനയുണ്ട്.
കേസു നടത്തിപ്പും അന്വേഷണം അടക്കമുള്ള തുടര്‍ നടപടികളും എക്‌സാലോജിന്റെയും വിണ വിജയന്റെയും ഉത്തരവാദിത്തം മാത്രമെന്ന നിലപാടിലാണിപ്പോള്‍ സിപിഎം നേതൃത്വം. കേസ് നടത്തിപ്പിന്റെ സാങ്കേതികതകളില്‍ ഓരോന്നിനോടും പ്രതികരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമ്പോള്‍ മാത്രം പ്രതിരോധിച്ചാല്‍ മതിയെന്നുമാണ് ധാരണ. വിവാദ വ്യവസായിയുമായി മുഖ്യമന്ത്രിയുടെ മകള്‍ ഉണ്ടാക്കിയ ബിസിനസ് ബന്ധത്തില്‍ ധാര്‍മ്മികത വിശദീകരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം പാര്‍ട്ടിക്കകത്ത് പല തലങ്ങളില്‍ ഉയരുന്നുണ്ട്.