തിരുവനന്തപുരം: രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം റെയില്‍വേ പ്രഖ്യാപിച്ചു. കാസര്‍കോട് നിന്ന് രാവിലെ 7ന് സര്‍വീസ് ആരംഭിക്കും. വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. മടക്കയാത്ര വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.58ന് കാസര്‍കോട്ടെത്തും. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ച കാസര്‍കോട്ടു നിന്നും സര്‍വീസ് ഉണ്ടാകില്ല. കാസര്‍കോട്ടുനിന്നുള്ള ട്രെയിന്‍ നമ്പര്‍ 20631ഉം തിരുവനന്തപുരത്തു നിന്നുള്ളത് 20632ഉം ആണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്യും. കാസര്‍കോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംസ്ഥാനത്തെ ചടങ്ങുകള്‍ നടക്കുക. പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാര്‍, കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, റെയില്‍വേ ചുമതലയുള്ള സംസ്ഥാന മന്ത്രി അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുക്കും. ഞായറാഴ്ച തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്ത് നിന്നുള്ള റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതലും തിരിച്ചുള്ളത് ബുധനാഴ്ച മുതലും ആരംഭിക്കും. ടിക്കറ്റ് റിസര്‍വേഷന്‍ ഉടന്‍ തുടങ്ങും. അതിനുശേഷമേ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിക്കുള്ളൂ.
ട്രെയിനിന്റെ ട്രയല്‍ റണ്‍ ഇന്നലത്തോടെ പൂര്‍ത്തിയായി. രാവിലെ 7ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തി. വ്യാഴാഴ്ച വൈകിട്ട് 4.05ന് കാസര്‍കോട്ടേക്കും ട്രയല്‍ റണ്‍ നടത്തിയിരുന്നു.
തിരുനല്‍വേലി- ചെന്നൈ, ഇന്‍ഡോര്‍- ജയ്പൂര്‍, പാറ്റ്‌ന- ഹൗറ, ചെന്നൈ- ഹൈദരാബാദ്, പുരി- റൂര്‍ക്കല, ജയ്പൂര്‍- ചണ്ഡീഗഡ്, ജാം നഗര്‍- അഹമ്മദാബാദ്, ജയ്പൂര്‍- ഉദയ്പൂര്‍ സര്‍വീസുകളും പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും.
- തിരൂരില്‍ സ്റ്റോപ്
രണ്ടാം വന്ദേ ഭാരതിന് മലപ്പുറം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചെന്ന് റെയില്‍വേ അറിയിച്ചതായി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ആദ്യ വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ സ്റ്റോപ്പുണ്ടായിരുന്നെങ്കിലും പിന്‍വലിച്ചു. രണ്ടാം വന്ദേഭാരതിനും സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല.