കൊച്ചി: സംസ്ഥാനത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. 31ന് ആണ് ആദ്യ യാത്ര.
എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തും. അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും.
ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും സര്‍വീസ് നടത്തും. പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ബംഗളൂരുവില്‍ ഐടി മേഖലയിൽ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് സഹായകരമാവും. .
ഇപ്പോഴുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകളും നിറഞ്ഞു കവിഞ്ഞാണ് യാത്ര നടത്തുന്നത്. തിരുവനന്തപുരം – കാസര്‍കോട്, മംഗളൂരു – തിരുവനന്തപുരം റൂട്ടുകളിലാണ് ഈ ട്രെയിനുകള്‍.
അതേസമയം, മൂന്നാം വന്ദേഭാരത്, സ്‌പെഷ്യല്‍ ട്രെയിന്‍ ആയി സര്‍വീസ് നടത്തിയ ശേഷം മാത്രമേ സ്ഥിരമായി ഓടിക്കണമോയെന്ന് തീരുമാനിക്കുകയുള്ളൂ എന്നാണ് റെയിൽവെ പറയുന്നത്.